Story Dated: Tuesday, December 16, 2014 10:39
ന്യുഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ് മൊഴിയെടുക്കാന്‍ സി.ബി.ഐ സംഘത്തിന് പ്രത്യേക കോടതി ജഡ്ജി നിര്‍ദേശം നല്‍കി. അന്നത്തെ കല്‍ക്കരിമന്ത്രിയുടെ മൊഴി ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് ജഡ്ജി വ്യക്തമാക്കി. ജനുവരി 27ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിവാദ ഇടപാട് നടക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് തന്നെയായിരുന്നു കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് ലൈസന്‍സ് അനുമതി നല്‍കിയ കേസിലാണ് മന്‍മോഹന്‍ സിംഗിന്റെ മൊഴിയെടുക്കേണ്ടത്.
മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാര്‍ മംഗലം ബിര്‍ല എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരി പാടം അനുവദിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താല്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദേശം.
കേസില്‍ മന്‍മോഹന്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി നേരത്തെ സി.ബി.ഐയോട് ആരാഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നുവെന്നും സിംഗിന്റെ മൊഴിയെടുക്കാന്‍ അനുമതി ലഭിച്ചില്ലെന്നും സി.ബി.ഐ മറുപടി നല്‍കിയിരുന്നു.
from kerala news edited
via IFTTT