Story Dated: Monday, December 8, 2014 02:25
കോഴിക്കോട് : കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച കിസ് ഇന്‍ ദി സ്‌ട്രീറ്റ് 2.0 ചുംബനസമരത്തില്‍ വ്യാപക സംഘര്‍ഷം. സമരക്കാരെ തുരത്താന്‍ സദാചാരഗുണ്ടകളും ഹനുമാന്‍ സേന പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ നഗരം മണിക്കൂറുകളോളം സംഘര്‍ഷഭരിതമായി. സമരം കാണാനെത്തിയ നൂറുകണക്കിനാളുകളെ നിയന്ത്രിക്കാന്‍ പോലീസ് പലതവണ ലാത്തിവീശി.സമരത്തില്‍ പങ്കെടുത്തു മടങ്ങിയ യുവതീ യുവാക്കളെ നടുറോഡില്‍ ശിവസേന പ്രവര്‍ത്തകര്‍ മര്‍ദിച്ചു. രാത്രി വൈകിയും അക്രമം തുടരുകയാണ്. സമരക്കാര്‍ക്കെതിരേ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമം അരങ്ങേറിയതോടെ കസ്‌റ്റഡിയിലെടുത്തവരില്‍ പലരേയും പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഏറെയും സമരത്തിനെത്തിയത്. കോഴിക്കോട് പുതിയ ബസ് സ്‌റ്റാന്‍ഡില്‍ ആരംഭിച്ച സമരം മിഠായിത്തെരുവിലേക്കും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനു മുന്നിലും സമരക്കാര്‍ പരസ്‌പരം ചുംബിച്ചു. യുവതികളുള്‍പ്പെടെ 50 കിസ് ഓഫ് ലവ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിന്റെ ഭാഗമായി കസ്‌റ്റഡിയിലെടുത്തിരുന്നു.പ്രതിഷേധവുമായെത്തിയ 24 ശിവസേന- ഹനുമാന്‍ സേനാ പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഇന്നലെ രണ്ടരയോടെയാണു കോഴിക്കോട് പുതിയ ബസ് സ്‌റ്റാന്‍ഡ് പരിസരത്തു കിസ് ഇന്‍ ദി സ്‌ട്രീറ്റ് സമരം ആരംഭിച്ചത്. സമരം മൂന്നിനു തുടങ്ങുമെന്നായിരുന്നു പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു പുതിയ ബസ്‌സ്‌റ്റാന്‍ഡും പരിസരവും മണിക്കൂറുകള്‍ക്കു മുമ്പു തന്നെ പോലീസ് സംരക്ഷണത്തിലായിരുന്നു.
നോര്‍ത്ത്,സൗത്ത് ,കണ്‍ട്രോള്‍ റൂം, സ്‌പെഷല്‍ബ്രാഞ്ച് അസി. കമ്മിഷണര്‍മാരുടെ നേതൃത്വത്തിലുള്ള പോലീസ് സേന സര്‍വ സന്നാഹങ്ങളുമായാണു നിലയുറപ്പിച്ചിരുന്നത്. ഇവരെ കൂടാതെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും രംഗത്തുണ്ടായിരുന്നു. സമരം ആരംഭിക്കുന്നതിനു മുമ്പു തന്നെ ശിവസേനയുടേയും ഹനുമാന്‍ സേനയുടേയും പ്രവര്‍ത്തകര്‍ പുതിയ ബസ് സ്‌റ്റാന്‍ഡിന്റെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിരുന്നു. 2.50- ഓടെ മാവൂര്‍ റോഡ് വഴി സമരക്കാര്‍ പുതിയ ബസ് സ്‌റ്റാന്‍ഡ് പരിസരത്തേക്കെത്തിയപ്പോള്‍ പോലീസ് പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്തു. തുടര്‍ന്നായിരുന്നു ചുംബന സമരക്കാര്‍ക്കെതിരേ ശിവസേനയും ഹനുമാന്‍ സേനയും കൊടികളുയര്‍ത്തി പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരത്തിനെത്തിയവര്‍ക്കു നേരേ പ്രതിഷേധക്കാര്‍ സംഘടിച്ചതോടെ പോലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി.
സമരക്കാരേയും പ്രതിഷേധക്കാരേയും നീക്കാന്‍ പോലീസ് ബലം പ്രയോഗിച്ചതിനെത്തുടര്‍ന്നു സംഘര്‍ഷം ഉടലെടുത്തു.പുതിയ ബസ് സ്‌റ്റാന്‍ഡില്‍ സമരം കാണാനെത്തിയ നൂറുകണക്കിനാളുകളെ നിയന്ത്രിക്കാന്‍ പോലീസ് പലതവണ ലാത്തി വീശി.പല ഭാഗങ്ങളിലായി നിലയുറപ്പിച്ച സമരക്കാര്‍ ഇടയ്‌ക്കിടെ ജനമധ്യത്തില്‍ വച്ചു പരസ്‌പരം ചുംബിച്ചു. ഇവരെ പോലീസ് ഉടന്‍ തന്നെ കസ്‌റ്റഡിയിലെടുത്തു. ഒരു പ്രകോപനവുമില്ലാതെയാണു പോലീസ് നടപടിയെടുത്തതെന്നു സമരക്കാര്‍ ആരോപിച്ചു.മിഠായിത്തെരുവില്‍ തിരക്കഥാകൃത്ത് ദീദി ദാമോദരനും ഭര്‍ത്താവ് പ്രേംചന്ദും പരസ്‌പരം ചുംബിച്ചതു സമരക്കാര്‍ക്ക് ആവേശമായി. ഇതിനിടെ, സമരക്കാരെന്നു തെറ്റിദ്ധരിച്ചു സിനിമാസംവിധായകന്‍ ജയന്‍ ചെറിയാന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ബലംപ്രയോഗിച്ചു കസ്‌റ്റഡിയിലെടുത്തു. പോലീസ് കസ്‌റ്റഡിയിലെടുത്ത കിസ് ഇന്‍ ദി സ്‌ട്രീറ്റ് പ്രവര്‍ത്തകര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍വച്ചും വനിതാ സ്‌റ്റേഷനകത്തുവച്ചും പ്രതിഷേധ ചുംബനം നടത്തി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു.
സമരക്കാരെ അന്യായമായി കസ്‌റ്റഡിയിലെടുത്തെന്ന് ആരോപിച്ചു തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, ഭര്‍ത്താവും പത്രപ്രവര്‍ത്തകനുമായ പി.പ്രേംചന്ദ്, അന്വേഷി പ്രസിഡന്റ് കെ. അജിത, അഡ്വ: പി.വിജി തുടങ്ങിയവര്‍ ചുംബിലാദ് സിന്ദാബാദ് മുദ്രാവാക്യം മുഴക്കി മിഠായിത്തെരുവ് എല്‍.ഐ.സി.കോര്‍ണര്‍ പരിസരത്തു പ്രതിഷേധിച്ചു.
പരസ്യമായി ചുംബനം നടത്തിയവര്‍ക്ക് നേരേ പ്രതിഷേധക്കാര്‍ അക്രമമഴിച്ചുവിട്ടതോടെ ദീദിയ്‌ക്കും പ്രേംചന്ദിനുമെല്ലാം മര്‍ദനമേറ്റു. അജിതയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമരക്കാരെ വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ടു പോലീസ് കണ്‍ട്രോള്‍ റൂം പരിസരത്തെത്തി. അസി.കമ്മിഷണര്‍മാരായ ജോസിചെറിയാന്‍, മൊയ്‌തീന്‍കുട്ടി, സി.കെ.സുബൈര്‍, എ.ജെ.ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരക്കാരെ അറസ്‌റ്റ് ചെയ്‌തു നീക്കിയത്.
from kerala news edited
via IFTTT