ഫോട്ടോ: വി.പി പ്രവീണ്‍കുമാര്‍ |
പഴനിയില്‍നിന്ന് 20 കിലോമീറ്റര്‍ മാറി കണക്കംപട്ടിയില്‍ വിശാലമായ വയലില്‍ രണ്ടുമാസം കൊണ്ടൊരു കൊട്ടാരമുയര്‍ന്നു. ഗ്രാമവാസികള്‍ക്ക് അദ്ഭുതംപകര്‍ന്ന കാഴ്ച സിനിമാലോകത്തും സംസാരവിഷയമായി. കാരണം മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും ചെലവേറിയ സെറ്റാണിവിടെ യാഥാര്‍ഥ്യമായിരിക്കുന്നത്.
ആന്റോ ജോസഫ് നിര്‍മിച്ച് ഉദയകൃഷ്ണ-സിബി കെ. തോമസിന്റെ രചനയില്‍ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'മര്യാദരാമ'നുവേണ്ടിയാണീ സെറ്റ്. കലാസംവിധായകന്‍ ഗിരീഷ് മേനോന്റെ കലാവിരുതില്‍ പൂര്‍ത്തിയാക്കിയ സെറ്റിന് ഒന്നരക്കോടിയോളമാണ് ചെലവ്.
ഗിരീഷ് മേനോന്‍ |
''തൊട്ടടുത്ത് മറ്റൊരു സ്ഥലമായിരുന്നു ആദ്യം കണ്ടത്. അതിന് അഡ്വാന്‍സും കൊടുത്തതാണ്. പിന്നീട് ഞാനിവിടെ വന്നുനോക്കിയപ്പോള്‍ സിനിമയ്ക്ക് വിഷ്വല്‍ ബ്യൂട്ടി നല്‍കാന്‍ ഇവിടമാണ് നല്ലതെന്ന് തോന്നി. ഇവിടെ നിന്നു നോക്കിയാല്‍ പഴനിമല കാണാം. ഇപ്പുറത്തെ റെയില്‍വേ ട്രാക്കിലൂടെ തീവണ്ടിപോകുന്നത് ഫ്രെയിമില്‍ വരും. അങ്ങനെ ചില മെച്ചം കൂടിയുണ്ട്''- ഗിരീഷ് പറഞ്ഞു.
48 ആശാരിമാര്‍, 18 മോള്‍ഡേഴ്‌സ്, 16 വെല്‍ഡേഴ്‌സ്, 22 പെയിന്റേഴ്‌സ് എന്നിങ്ങനെ 104 തൊഴിലാളികളുടെ രണ്ട് മാസം നീണ്ടുനിന്ന ജോലിയാണിത്. ഞങ്ങളിവിടെ ജോലി ആരംഭിച്ചതും കനത്ത മഴയും വെള്ളപ്പൊക്കവും വന്നു. ആകെ ചളിമയമായി. ഓടും മറ്റും ഇറക്കാന്‍ തൊഴിലാളികള്‍ ചെളിയില്‍ ഇറങ്ങിനിന്ന് കൈമാറി കൈമാറി എത്തിക്കുകയായിരുന്നു. 16,000 ത്തിലധികം ഓട് വേണ്ടിവന്നു. 24000 സ്‌ക്വയര്‍ഫീറ്റാണ് മൊത്തം. കാറ്റാടിക്കഴയും പ്ലൈവുഡും ഇരുമ്പും മരവും പ്ലാസ്റ്റര്‍ ഓഫ് പാരീസും ഉപയോഗിച്ചാണ് ഈ വീട് പണിതത്. ബലം ഒട്ടും കുറവില്ല. പത്തിരുന്നൂറുപേര്‍ കയറിയിറങ്ങുന്നതല്ലേ.
വിശാലമായ വാതിലും വാതില്‍പ്പടിയിലെ കൊത്തുപണികളും ചുമരില്‍ തൂക്കിയ ഫോട്ടോകളും ഓരോ കഥ പറയുന്നുണ്ട്. നടുമുറ്റത്തിനു ചുറ്റുമുള്ള തൂണുകള്‍ക്ക് ചെട്ടിനാടന്‍ ശൈലി. തറയിലും ചെട്ടിനാടന്‍ ടൈല്‍സിന്റെ ശൈലിയിലുള്ള ഫ്ലോര്‍ പേപ്പറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നാലുചുറ്റുമുള്ള മതില്‍ വെട്ടുകല്ലില്‍ തീര്‍ത്തപോലെയുണ്ട്. ഇതിനു ചുറ്റുമുള്ള ചോളവും ഞങ്ങള്‍ നട്ടതാണ്.
ഇതിനുപുറമെ ഉദുമല്‍പേട്ടയ്ക്കടുത്തുള്ള ഒരു ഗോഡൗണില്‍ ഒരു തീവണ്ടിമുറിയുടെ സെറ്റും തീര്‍ത്തിട്ടുണ്ട്. അവിടെ ഷൂട്ടിങ് കഴിഞ്ഞു. അത് മറ്റ് രണ്ട് സിനിമക്കാര്‍ ബുക്ക് ചെയ്തിട്ടുമുണ്ട്.
ജൂനിയര്‍ മാന്‍ഡ്രേക്കില്‍ തുടങ്ങി പത്തറുപതോളം ചിത്രങ്ങളില്‍ കലാസംവിധാനം നിര്‍വഹിച്ച ഗിരീഷ് മേനോന്‍ നേരത്തെ 'നദിയ കൊല്ലപ്പെട്ട രാത്രി', 'രൗദ്രം' തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി സെറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ രാജാധിരാജയ്ക്കുവേണ്ടി 45 ലക്ഷം ചെലവഴിച്ചൊരു സെറ്റും പണിതിട്ടുണ്ടായിരുന്നു. ഇനി സുരേഷ്‌ഗോപിയുടെ പുതിയചിത്രം 'രുദ്രസിംഹാസന'ത്തിനുവേണ്ടിയും സെറ്റൊരുക്കുന്നുണ്ട്.
ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി ഒരു കൊല്ലത്തേക്ക് സ്ഥലം ലീസിനെടുത്താണ് സെറ്റ് ഒരുക്കിയതെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞു. ഇതിന്റെ വര്‍ക്ക് കഴിഞ്ഞ് മറ്റാര്‍ക്കെങ്കിലും ഷൂട്ടിങ്ങിന് ആവശ്യമുണ്ടെങ്കില്‍ വാടകയ്ക്ക് കൊടുക്കും. ''ചിത്രത്തില്‍ ഈ വീടൊരു പ്രധാന കഥാപാത്രമാണ്. കഥയുടെ ഭൂരിഭാഗവും നടക്കുന്നത് ഇവിടെയാണ്.'' സംവിധായകന്‍ സുരേഷ് ദിവാകറും കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT