121

Powered By Blogger

Sunday 7 December 2014

മാലിയില്‍ മലയാളി അധ്യാപകന്‍ ജയിലില്‍








മാലിയില്‍ മലയാളി അധ്യാപകന്‍ ജയിലില്‍


Posted on: 08 Dec 2014


കോഴിക്കോട്: ക്ലാസില്‍ കുട്ടിയെ അടിച്ചതിന്റെപേരില്‍ മൊകേരി സ്വദേശിയായ അധ്യാപകന്‍ എട്ടുമാസമായി മാലെദ്വീപില്‍ ജയിലില്‍. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ മൊകേരിയെയാണ് സ്‌കൂള്‍ അധികൃതര് കേസില്‍ കുടുക്കി ജയിലിലടച്ചത്. കേസെന്തെന്നോ കുറ്റമെന്തെന്നോ അറിയാതെ ഭാര്യ ജ്യോതിയും ബന്ധുക്കളും തീതിന്നുകയാണ്. 2007 മുതല്‍ മാലെദ്വീപിലെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഫാഫുഫിയലി അറ്റോളിലെ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനാണ് ജയചന്ദ്രന്‍.

ക്ലാസില്‍ സ്ഥിരം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വിദ്യാര്ഥിയെ ജയചന്ദ്രന്‍ അടിച്ചു. ഇതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ജയചന്ദ്രനെ കുടുക്കിയതെന്നാണ് സ്‌കൂളിലെ മറ്റ് അധ്യാപകരില്‍നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍, കുട്ടിക്കുനേരേ ലൈംഗികാതിക്രമംനടന്നു എന്ന രീതിയിലാണ് അധികൃതര്‍ കേസുമായി മുന്നോട്ടുപോകുന്നത്.


രക്ഷിതാക്കള്‍ പരാതി നല്‍കിയതിനാലാണ് ഇടപെട്ടതെന്നായിരുന്നു ആദ്യം അധികൃതരുടെ നിലപാട്. എന്നാല്‍, ജയചന്ദ്രന്‍ ബന്ധപ്പെട്ടപ്പോള്‍ കേസെടുക്കേണ്ട ഒരു കാര്യവുമില്ലെന്നായിരുന്നത്രെ രക്ഷിതാക്കള്‍ പ്രതികരിച്ചത്. പക്ഷേ, തൊട്ടടുത്ത ദിവസം പോലീസ് ജയചന്ദ്രനെ അറസ്റ്റ്‌ചെയ്യുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയില്ലെന്ന് എഴുതി നല്‍കിയിട്ടും ജയചന്ദ്രനെ വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.


നാട്ടില്‍നിന്ന് ഭാര്യക്ക് 15 ദിവസം കൂടുന്‌പോള്‍ ഫോണില്‍ ബന്ധപ്പെടാനാകുന്നുണ്ടെങ്കിലും വിവരങ്ങള്‍ വ്യക്തമായി അറിയാനാവുന്നില്ല. വിചാരണ തുടങ്ങിയെങ്കിലും പുതിയ കുറ്റങ്ങള്‍ വീണ്ടും കൊണ്ടുവരികയാണെന്ന് അഭിഭാഷകനും പറയുന്നു.


സംഭവത്തിലെ ഇരയായ കുട്ടിയും സാക്ഷികളും ജയചന്ദ്രന് അനുകൂലമായി മൊഴിനല്‍കിയെങ്കിലും ഒരു കുട്ടിമാത്രം ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നത് ആരുടെയോ പ്രേരണയിലാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ജയചന്ദ്രനെതിരെ ഗൂഢാലോചന നടക്കുന്നതായി ജ്യോതിയും സംശയിക്കുന്നു.

സ്‌കൂളിലെ 10 അധ്യാപകര്‍ ഒപ്പിട്ട നിവേദനം മാലിയിലെ ഹൈക്കമ്മീഷണര്‍ക്ക് നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ജയചന്ദ്രന്‍ തെറ്റുകാരനല്ലെന്ന് ഈ അധ്യാപകരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് ശക്തമായ ഇടപെടലുണ്ടായാല്‍ മോചനത്തിന് സാധ്യതയുണ്ടെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ജയചന്ദ്രന് അറസ്റ്റിലായ ഉടന്‍തന്നെ ജ്യോതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെട്ടോ എന്ന് വ്യക്തമല്ല.












from kerala news edited

via IFTTT