എ.ടി.എം. ബൂത്തിലെ ആക്രമണം; അന്വേഷണം വീണ്ടും അയല്‍സംസ്ഥാനങ്ങളിലേക്ക്
Posted on: 08 Dec 2014
ബെംഗളൂരു: ബെംഗളൂരുവിലെ എ.ടി.എം. ബൂത്തില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ച് കവര്‍ച്ചനടത്തിയ പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം വീണ്ടും അയല്‍സംസ്ഥാനങ്ങളിലേക്ക്. ആക്രമണം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് സൂചന ലഭിക്കാത്തതിനെ ത്തുടര്‍ന്ന് കഴിഞ്ഞദിവസം പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിരുന്നു.
പുതിയ സംഘാംഗങ്ങളാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും അന്വേഷണംനടത്തുന്നത്. പ്രതിയെ കണ്ടെത്തുന്നതിന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ഹരിശേഖരന്റെ നേതൃത്വത്തിലാണ് പ്രത്യേകസംഘത്തെ നിയോഗിച്ചത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആന്ധ്രയിലെ തിരുപ്പതി, അനന്തപുര്‍, ചിറ്റൂര്‍, എന്നിവിടങ്ങളിലാണ് സംഘം അന്വേഷണം നടത്തുന്നത്. ആന്ധ്രാ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ആന്ധ്രാപോലീസ് അഞ്ചുലക്ഷംരൂപ പരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അനന്തപുര്‍ ജില്ലയിലെ സ്ത്രീയെ കൊലപ്പെടുത്തി എ.ടി.എം കാര്‍ഡ് മോഷ്ടിച്ച പ്രതിതന്നെയാണ് ബെംഗളൂരുവിലെ എ.ടി.എം ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, സേലം, ധര്‍മപുരി, ഈറോഡ് എന്നിവിടങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. എ.ടി.എം. ആക്രമണക്കേസിലെ പ്രതി തമിഴ്‌നാട്ടിലെ ജയിലിലുള്ളതായ അജ്ഞാതസന്ദേശം പോലീസിന് ലഭിച്ചിരുന്നു. അതിനാല്‍ ജയിലുകളില്‍ പരിശോധന നടത്താനും അന്വേഷണസംഘത്തിന് തീരുമാനമുണ്ട്. ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് അടുത്തിടെ വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം പത്തുലക്ഷമായി ഉയര്‍ത്തി.
കഴിഞ്ഞവര്‍ഷം നവംബര്‍ 19-നാണ് പണമെടുക്കാനായി കോര്‍പ്പറേഷന്‍ സര്‍ക്കിളിലെ എ.ടി.എം. ബൂത്തിലെത്തിയ ജ്യോതി ഉദയിനെ പിന്നാലെയെത്തിയ അക്രമി ഗുരുതരമായി വെട്ടി പ്പരിക്കേല്‍പ്പിക്കുന്നത്. കര്‍ണാടക പോലീസിന് മാനക്കേടുണ്ടാക്കിയ സംഭവത്തില്‍ അക്രമിയെ എങ്ങനെയെങ്കിലും പിടികൂടണമെന്ന വാശിയിലാണ് പോലീസ്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി അനായാസമായി തെലുങ്ക് സംസാരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖാച്ചിത്രം തയ്യാറാക്കി പ്രധാന സ്ഥലങ്ങളില്‍ പതിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല.
ബെംഗളൂരുവില്‍ ആക്രമണം നടന്നതിന് ശേഷം അനന്തപുര്‍ ജില്ലയില്‍ പ്രതിയോട് സാമ്യമുള്ള ആളെ കണ്ടതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ വിവരം ശേഖരിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അയല്‍സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
from kerala news edited
via IFTTT