121

Powered By Blogger

Sunday, 7 December 2014

ചലച്ചിത്രഭൂപടത്തില്‍ ഇത് ലെവിയാതന്മാരുടെ കാലം







ആരാണ് ലെവിയാതന്‍? ജലത്തില്‍ വളരുന്ന സര്‍പ്പഭൂതം, ആത്മാവ് നഷ്ടപ്പെട്ട മനുഷ്യന്‍, നരകത്തിന്റെ കാവല്‍ക്കാരനും അവകാശിയും, വെറുപ്പിന്റെയും അസൂയയുടെയും ദൈവം, ദൈവത്തിന്റെ സൃഷ്ടികളെ ഭയപ്പെടുത്തി തിന്നൊടുക്കുന്ന സാത്താന്‍ - വ്യാഖ്യാനം എന്തായാലും ലോകസിനിമയില്‍ ഇത് ലെവിയാതന്മാരുടെ കാലമാണ്. ചലച്ചിത്രഭൂപടത്തിന്റെ 2014-ന്റെ മുഖം ഗോവയില്‍ അനാവരണംചെയ്യപ്പെട്ടപ്പോള്‍ ഒരു ഞെട്ടലോടെ നമുക്ക് തിരിച്ചറിയാനുള്ളതും ഇതാണ് - മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത പിശാചുക്കള്‍ പതുക്കെ ഈ ലോകം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അധികാരവും പണവും ഉപയോഗിച്ച് എന്തും ചെയ്യുന്നവരുടെ ലോകമാണ് പിറന്നുകൊണ്ടിരിക്കുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഉത്തമോദാഹരണമായിരുന്നു ഗോവയില്‍ നടന്ന 45-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂര പുരസ്‌കാരം നേടിയ റഷ്യയില്‍നിന്നുള്ള ആനേന്ദ്ര സ്വാഗിന്‍സേവി(Adrey zvyajintsev)ന്റെ 'ലെവിയാതന്‍'.



സ്വാഗിന്‍സേവ് നേരത്തേതന്നെ മലയാളിക്ക് പ്രിയപ്പെട്ട സംവിധായകനാണ്. അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ 'റിട്ടേണ്‍' ഐ.എഫ്.എഫ്.ഐ.യിലും ഐ.എഫ്.എഫ്.കെ.യിലും തരംഗംസൃഷ്ടിച്ച ചിത്രമാണ്. വെനീസ് ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ 'റിട്ടേണ്‍' റഷ്യയില്‍ സോവിയറ്റ്കാലം അവസാനിപ്പിച്ചതിനുശേഷം പുറത്തുവന്ന മികച്ച രചനകളിലൊന്നാണ്. 'ലെവിയാതനാ'കട്ടെ ദസ്തയേവ്‌സ്‌കിയുടെ 'ഭൂതാവിഷ്ടരി'ലെ പ്രവചനങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.

ആത്മാവ് നഷ്ടപ്പെട്ട മനുഷ്യരുടെ, പിശാച് ബാധിച്ച ജീവിതങ്ങളുടെ ആകെത്തുകയാണ് അത് അടയാളപ്പെടുത്തുന്നത്. സോവിയറ്റ് യൂണിയന്‍ അവിടത്തെ ജനതയില്‍ ബാക്കിവെച്ചതെന്നതിന്റെ രത്‌നച്ചുരുക്കംകൂടിയാണ് ഈ സിനിമ. കുടിയൊഴിപ്പിക്കലിന്റെ ഈ ആധുനികപാഠം മാഫിയകള്‍ രാഷ്ട്രീയാധികാരം കവര്‍ന്നെടുക്കുന്ന കാലത്തിന്റെ ആവിഷ്‌കാരമാണ്.


ലെവിയാതന്‍മാര്‍ വരുന്നത് റഷ്യയില്‍നിന്നു മാത്രമല്ല, കൊറിയയില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നും ചൈനയില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നുമൊക്കെ എത്രയും സ്വാഭാവികമായി അവര്‍ അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ലോകസിനിമയില്‍ നമുക്ക് കാണാന്‍കിട്ടുന്നത്. നഗ്‌നമായി കണ്ണുതുറന്ന് തങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണാന്‍ ധൈര്യപ്പെടുന്ന ഈ ലോകസിനിമയോടൊപ്പം വെച്ചു പരിശോധിക്കുമ്പോഴാണ് ഇന്ത്യന്‍ സിനിമ എത്രമാത്രം ദുര്‍ബലമാണെന്ന വസ്തുത നമ്മെ ഞെട്ടിപ്പിക്കുക. ചലച്ചിത്രോത്സവത്തിനു പുറത്ത് തിയേറ്ററുകളുടെ കമ്പോളസന്ദര്‍ഭത്തില്‍വെച്ച് പൊലിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകള്‍ ലോകസിനിമയുടെ ഭൂപടത്തില്‍ എവിടെയുമെത്താതെപോകുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കാന്‍ ഓരോ ചലച്ചിത്രോത്സവവും ഒരു പ്രേരകശക്തിതന്നെയാണ്.


13,700 ഡെലിഗേറ്റുകളാണ് ഇത്തവണ ഗോവ ചലച്ചിത്രോത്സവത്തിനെത്തിയത്. ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളിസാന്നിധ്യമുണ്ടായിരുന്ന വര്‍ഷമാണ് ഇത്തവണത്തെത്. തിയേറ്ററുകള്‍ക്കു പുറത്ത് കാര്‍ണിവലും അകത്ത് സിനിമയും എന്നതാണ് ഗോവയുടെ പ്രത്യേകത. ഫെസ്റ്റിവല്‍ കാര്‍ണിവലായാലെന്താ എന്ന ജെ. ദേവികയുടെ ചോദ്യത്തിനുള്ള മറുപടിയാണ് ഗോവ. അവിടെ കാര്‍ണിവലുമുണ്ട്, സിനിമയുമുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് കയ്യൂക്കുള്ളവര്‍ മാത്രം കാര്യക്കാരാകുന്ന കാര്‍ണിവല്‍ മാത്രമേ ബാക്കിയാകുന്നുള്ളൂ എന്നതാണ് വസ്തുത.


2500 സീറ്റേ ഗോവയിലുള്ളൂ. എന്നാല്‍ തിയേറ്ററുകള്‍ക്കകത്ത് സിനിമ മാത്രമേ അവിടെ സാധ്യമാകൂ. കാര്‍ണിവല്‍ അനുവദനീയമേ അല്ല. ഓപ്പറേഷന്‍തിയേറ്ററുകള്‍ക്കകത്ത് കാര്‍ണിവലായാല്‍ സര്‍ജറിക്കുശേഷം രോഗിക്ക് എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഐനോസ്‌ക്‌സ് തിയേറ്ററുകളിലെ ഫിലിം പ്രൊജക്ഷന്റെ ഭംഗി ആസ്വദിക്കാനാവുന്നതുകൊണ്ടുകൂടിയാവണം ഓരോവര്‍ഷവും ഗോവയിലേക്ക് വണ്ടികയറുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നത്.


ഇന്ത്യന്‍ പനോരമയില്‍ ഏഴ് മലയാളചിത്രങ്ങള്‍ ഉണ്ടായിരുന്ന വര്‍ഷമാണിത്. എബ്രിഡ് ഷൈനിന്റെ 1983, ജിത്തു ജോസഫിന്റെ ദൃശ്യം, വേണുവിന്റെ മുന്നറിയിപ്പ്, രഞ്ജിത്തിന്റെ ഞാന്‍, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്, അനില്‍ രാധാകൃഷ്ണന്റെ നോര്‍ത്ത് 24 കാതം, ഷാജി എന്‍. കരുണിന്റെ സ്വപാനം. അതായത് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫര്‍ഹാന്‍ ഫാസില്‍, നിവിന്‍ പോളി, അനൂപ് മേനോന്‍, ജോയ് മാത്യു, സൈജു കുറുപ്പ്, വിനീത്, അനുമോള്‍, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, നെടുമുടി തുടങ്ങി മലയാള സിനിമയിലെ മുന്‍നിര നടീനടന്മാരുടെ ചിത്രങ്ങളെല്ലാം ഫെസ്റ്റിവലിനുണ്ടാകും. സംവിധായകര്‍ക്ക് പുറമെ വിരലിലെണ്ണാവുന്ന നടീനടന്മാര്‍ മാത്രമാണ് ഗോവയിലെത്തിയത്.


അതില്‍തന്നെ സിനിമ കാണാന്‍ ശ്രമിച്ചവര്‍ അതിലും കുറയും. എന്തുകൊണ്ട് നമ്മുടെ നടീനടന്മാരെവെച്ച് പുതിയ പ്രമേയങ്ങള്‍ സാധ്യമാകുന്നില്ലെന്നതിന്റെ കാരണം തിരയേണ്ടത് ഇത്തരം അസാന്നിധ്യങ്ങളിലാണ്.











from kerala news edited

via IFTTT