Story Dated: Saturday, January 17, 2015 01:09
പിലിഭത്ത്: ജല്ലിക്കെട്ട് മേളയ്‌ക്കെതിരെ കേന്ദ്രമന്ത്രി മനേക ഗാന്ധി. മനുഷ്യരെയും മൃഗങ്ങളെയും മരണത്തിലേക്ക് നയിക്കുന്ന ജല്ലിക്കെട്ട് പാശ്ചാത്യ സങ്കല്പമാണെന്ന് മനേക പറഞ്ഞു. ജല്ലിക്കെട്ട് നിരോധിക്കാനുള്ള സുപ്രീം കോടതി തീരുമാനം സ്വാഗതാര്‍ഹമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ പരമ്പരാഗത കാളപ്പോര് മത്സരമായ ജല്ലിക്കെട്ട് നിരോധിക്കുന്നതിനെതിരെ പലയിടങ്ങളിലും പ്രതിഷേധം ഉയരുന്നതിനിടെയാണ് മനേകയുടെ പരാമര്‍ശം.
കര്‍ഷകര്‍ക്കു ഉപകാരികളായ കാളകളും പശുക്കളുമാണ് ഈ ആഘോഷത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നത്. മൃഗങ്ങള്‍ മാത്രമല്ല, ചില വേളകളില്‍ മനുഷ്യരും മരണപ്പെടുന്നു. വൃക്ഷങ്ങളെയും മറ്റും ആരാധിച്ചുകൊണ്ടുവേണം മകര സംക്രാന്തി ആചരിക്കാന്‍. എന്നാല്‍ തമിഴ്‌നാട്ടില്‍ നിഷ്ഠൂരമായ രീതിയിലാണ് ആചരിക്കപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ മേട്ടു പൊങ്കല്‍ ആഘോഷത്തിലെ പ്രധാന ഇനമാണ് ജല്ലിക്കെട്ട് മത്സരം. ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ പരമ്പരാഗത ജല്ലിക്കെട്ടു കേന്ദ്രങ്ങളായ പലമേഡൂ, അലങ്കനല്ലൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി ഇത്തരമൊരു ഉത്തരവിറക്കിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു.
from kerala news edited
via IFTTT