121

Powered By Blogger

Saturday, 17 January 2015

ദേശീയ ഗെയിംസ്‌; വേദികളിലേക്കുളള റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ നിര്‍ദേശം











Story Dated: Sunday, January 18, 2015 02:51


കോഴിക്കോട്‌: ദേശീയ ഗെയിംസിനോടനുബന്ധിച്ചു ജില്ലയിലെ പ്രധാന വേദികളിലേക്കുളള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത്‌ വകുപ്പിന്‌ നിര്‍ദേശം നല്‍കുമെന്ന്‌ മന്ത്രി ഡോ.എം.കെ. മുനീര്‍ പറഞ്ഞു. ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്‌റ്റേഡിയത്തിന്റെ ചില ഭാഗങ്ങളില്‍ പുല്ലുകള്‍ വച്ചുപിടിപ്പിക്കുന്നതില്‍ കണ്ടെത്തിയ പോരായ്‌മകള്‍ രണ്ടുദിവസത്തിനകം പരിഹരിക്കാന്‍ നടപടിയെടുക്കും. വെളളത്തിന്റെ കാര്യത്തില്‍ ജല അഥോറിറ്റിയുമായി ചേര്‍ന്ന്‌ തീരുമാനമെടുക്കും. ഗെയിംസ്‌ നടക്കുന്ന വേദികളിലെല്ലാം ഡോക്‌ടര്‍മാരെയും പാരാമെഡിക്കല്‍ സ്‌റ്റാഫിനെയും വിനിയോഗിക്കാന്‍ ഓര്‍ഗനൈസിങ്‌ കമ്മിറ്റി തീരുമാനിച്ചു. ആയിരത്തോളം പോലീസുകാരെ ഗെയിംസ്‌ നടക്കുന്ന സ്‌ഥലങ്ങളില്‍ വിന്യസിക്കും. സുരക്ഷയ്‌ക്കായി സിസി.ടി.വി. ക്യാമറ, പോലീസ്‌ കണ്‍ട്രോള്‍ റൂം എന്നിവ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കും.


എട്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികളാണ്‌ ഗെയിംസിനോടനുബന്ധിച്ച്‌ ജില്ലയില്‍ നടക്കുക. ഗെയിംസിനോടനുബന്ധിച്ച്‌ സംസ്‌ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ ജനുവരി 20 ന്‌ 10.30 മുതല്‍ 11.30 വരെ നടക്കും. ജില്ലയില്‍ 614 കേന്ദ്രങ്ങളില്‍ കൂട്ടയോട്ടം നടക്കും. കോഴിക്കോട്‌ ബീച്ചില്‍ നടക്കുന്ന റണ്‍ കേരള റണ്‍ മെഗാ ഈവന്റില്‍ സ്‌കൂള്‍ ബാഡന്‍ഡുകള്‍, ജിംനാസ്‌റ്റിക്‌ ഷോ, ബുളളറ്റ്‌ സംഘം എന്നിവ പരിപാടിയില്‍ അണിനിരക്കും. വിവിധ സബ്‌കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി.


യോഗത്തില്‍ ജില്ലാ കലക്‌ടര്‍ സി.എ. ലത അധ്യക്ഷത വഹിച്ചു. എം.എല്‍.എ. മാരായ ഇ.കെ. വിജയന്‍, എ.കെ. ശശീന്ദ്രന്‍, എ.പ്രദീപ്‌ കുമാര്‍, പുരുഷന്‍ കടലുണ്ടി, സിറ്റി പോലീസ്‌ കമ്മീഷണര്‍ എ.വി.ജോര്‍ജ്‌, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ കെ.ജെ. മത്തായി, ഒളിമ്പിക്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ കെ. ശ്രീനിവാസന്‍, മുന്‍ മേയര്‍ എം. ഭാസ്‌ക്കരന്‍, മുന്‍ മന്ത്രി എം.ടി. പത്മ, വിവിധ സബ്‌കമ്മിറ്റി കണ്‍വീനര്‍മാര്‍, മറ്റ്‌ ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു.










from kerala news edited

via IFTTT