121

Powered By Blogger

Saturday, 17 January 2015

ഗാന്ധിനഗറില്‍ വിടര്‍ന്ന പുഞ്ചിരിയില്‍








ഗാന്ധിനഗറില്‍ വിടര്‍ന്ന പുഞ്ചിരിയില്‍


Posted on: 17 Jan 2015


ഇത്തവണ ഗാന്ധിനഗറില്‍നിന്ന് തിരിച്ചെത്തിയവരുടെയെല്ലാം മുഖത്തൊരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു. പതിമൂന്നാമത് പ്രവാസിഭാരതീയ ദിവസ് സമ്മേളനത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. മുന്‍ വര്‍ഷങ്ങളിലുണ്ടായതുപോലെ സ്ഥിരംപ്രാസംഗികരും സ്ഥിരം വിഷയങ്ങളുമായിരുന്നില്ല ഇത്തവണത്തെ പ്രവാസി സമ്മേളനത്തിന് എന്നതായിരുന്നു തിരിച്ചെത്തിയവര്‍ പറഞ്ഞ പ്രധാനകാര്യം. എന്തെങ്കിലും നടന്നില്ലെങ്കില്‍പ്പോലും പറഞ്ഞതെല്ലാം അവിടെ വേണ്ടപ്പെട്ടവരില്‍ ചിലര്‍ ശ്രദ്ധയോടെ കേട്ടു എന്നതായിരുന്നു എല്ലാവരുടെയും മുഖത്തെചിരിയുടെ അടിസ്ഥാനം.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള സമ്പന്നരായ കുറെപ്പേരുടെ വാര്‍ഷികസമ്മേളനം പോലെയുള്ള ചടങ്ങ് എന്നതായിരുന്നു ഇതുവരെ പ്രവാസിഭാരതീയ ദിവസിന്റെ നടത്തിപ്പിനെപ്പറ്റിയുള്ള പ്രധാനആക്ഷേപം. ആ നിലയില്‍ നിന്ന് കാര്യങ്ങള്‍ കുറെ മാറിയെന്നതാണ് ഏറ്റവും അനുകൂലമായകാര്യം എന്നതാണ് പ്രതിനിധികളെല്ലാം എടുത്തുപറയുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യത്തെ പ്രവാസിസമ്മേളനം എന്നനിലയില്‍ അദ്ദേഹത്തിന്റെ സ്വന്തംതട്ടകമായ ഗാന്ധിനഗറില്‍നടക്കുന്ന സമ്മേളനം എല്ലാവരും ഉറ്റുനോക്കുന്നുണ്ടായിരുന്നു.


കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു നടത്തിപ്പ് എന്നതിലാണ് എല്ലാവരും ആഹ്ലാദംപ്രകടിപ്പിക്കുന്നത്. അതില്‍ തന്നെ വിദേശകാര്യത്തിന്റെയും പ്രവാസകാര്യത്തിന്റെയും ചുമതലവഹിക്കുന്ന കേന്ദ്രസഹമന്ത്രി ജനറല്‍ വി.കെ. സിങ്ങിന്റെ ഇടപെടലായിരുന്നു സമ്മേളനം ഇത്രയും വിജയകരമായതിന്റെ ഒരുഘടകമെന്നും അവര്‍ എടുത്തുപറയുന്നു. സ്ഥിരംപ്രാസംഗികരെ മാറ്റിനിര്‍ത്തി പ്രതിനിധികളോട് കാര്യങ്ങള്‍പറയാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു.

അതാകട്ടെ ഇതുവരെ ഇല്ലാതിരുന്ന സമീപനമായിരുന്നു. പ്രതിനിധികള്‍ കാണികളും ചില സ്ഥിരംപ്രാസംഗികരും എന്നതായിരുന്നു മുന്‍വര്‍ഷങ്ങളിലെ സ്ഥിതി.


പതിവുപോലെ പ്രവാസികളുടെ എല്ലാപ്രയാസങ്ങളും ആവശ്യങ്ങളും വിഷയങ്ങളായി ഈ സമ്മേളനത്തിലും ഉന്നയിക്കപ്പെട്ടു. വോട്ടവകാശംമുതല്‍ പുനരധിവാസവും വിമാനയാത്രാക്കൂലി വര്‍ദ്ധനയുമൊക്കെ തന്നെയായിരുന്നു അതില്‍പ്രധാനം. ഗള്‍ഫ് നാടുകള്‍ക്കുപുറത്തുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് വേറെയായിരുന്നു പ്രശ്‌നങ്ങള്‍. അതില്‍ ചിലതെല്ലാം പരിഹരിക്കപ്പെട്ടവെന്നതും എടുത്തുപറയേണ്ട കാര്യംതന്നെ. എല്ലാപ്രശ്‌നങ്ങളും ഒരു സമ്മേളനംകൊണ്ട് പരിഹരിക്കപ്പെടുമെന്ന് ആരും വിശ്വസിക്കുന്നില്ല. പക്ഷെ അവയെല്ലാം ഗൗരവത്തോടെ ശ്രദ്ധിക്കപ്പെടുകയും നടപടികള്‍ക്കായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു എന്നൊരുതോന്നല്‍ എല്ലാ സെഷനിലും ഇത്തവണയുണ്ടായി എന്നതാണ് ഈ സമ്മേളനത്തിന്റെ ഏറ്റവും വലിയവിജയം. കുറെക്കാലമായി തുടര്‍ച്ചയായി സമ്മേളനത്തിന് പോയിക്കൊണ്ടിരുന്നവരെല്ലാം ഈ കാര്യം സ്ഥിരീകരിക്കുന്നു.


ഗള്‍ഫ് നാടുകളില്‍ സ്വദേശിവത്കരണത്തിന്റെ വര്‍ത്തമാനങ്ങള്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ട്. അതാണെങ്കില്‍ അങ്ങിനെ തള്ളിക്കളയേണ്ടവിഷയവുമല്ല. സൗദി അറേബ്യയില്‍ നിതാഖാത്ത് എന്നനിയമം നിലവില്‍വന്നപ്പോള്‍ ആ നാട്ടിലെ പ്രവാസികള്‍ക്കിടയിലെ അസ്വസ്ഥതകള്‍ മറക്കാറായിട്ടില്ല. എങ്ങനെവന്നാലും ഈ മണ്ണിലുള്ള ഓരോ പ്രവാസിയും ഇന്നല്ലെങ്കില്‍ നാളെ തിരിച്ചുപോകേണ്ടവരാണ്. അതാണ് ഓരോപ്രവാസിയുടെയും മനസ്സിനെമഥിക്കുന്ന കാര്യവും. തിരിച്ചുചെന്നാല്‍ നാട്ടിലെ അവസ്ഥയെന്താവുമെന്നും അവിടെ എന്തുചെയ്യുമെന്നുമുള്ള കാര്യമാണ് എപ്പോഴും പുനരധിവാസത്തെക്കുറിച്ചും ക്ഷേമപദ്ധതികളെക്കുറിച്ചുമുള്ള ചര്‍ച്ചകളിലേക്ക് വഴി തുറക്കുന്നത്. ഗള്‍ഫ് മലയാളികള്‍ക്കുമാത്രമായി പ്രവാസി ഭാരതീയ ദിവസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേകയോഗം ചേര്‍ന്നതും ഇത്തവണ ഇത്തരംകാര്യങ്ങള്‍ പഠിക്കാനായിരുന്നു. എന്നാല്‍ ഇതില്‍ കേന്ദ്രത്തിന്റെ പ്രതിനിധികള്‍കൂടി ഉണ്ടായിരുന്നെങ്കില്‍ കുറെക്കൂടി ഫലപ്രദമായിരുെന്നന്ന് കരുതുന്നവരും ധാരാളം.


എന്നും വിവാദങ്ങളുംവിമര്‍ശനങ്ങളും ഉയര്‍ത്തുന്നതാണ് പ്രവാസി ഭാരതീയസമ്മാന്‍ എന്ന പ്രവാസികള്‍ക്കുള്ള സവിശേഷ പുരസ്‌കാരത്തിന്റെ പ്രഖ്യാപനങ്ങള്‍. ഇത്തവണ അതും വളരെ മികച്ചനിലവാരം പുലര്‍ത്തിയെന്നതും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. പട്ടികയിലുള്‍പ്പെട്ട ഏകമലയാളി സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനെന്നനിലയില്‍ യു.എ.ഇ. യിലെ മലയാളികളുടെ പ്രിയപ്പെട്ടസുഹൃത്തായ അഷ്‌റഫ് താമരശ്ശേരിയാണ്. നാട്ടിലേക്ക് മൃതദേഹങ്ങള്‍ കയറ്റിഅയയ്ക്കാന്‍ നിസ്വാര്‍ഥസേവനംനടത്തുന്ന അഷ്‌റഫിന്റെ പ്രവര്‍ത്തനം വര്‍ഷങ്ങളായി ഇവിടെയെല്ലാവരും അറിയുന്നു. മതമോ ജാതിയോ വര്‍ണമോ നോക്കാതെയാണ് എന്നും അഷ്‌റഫിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഇത്രയുംകാലമായിട്ടും കാണേണ്ടപലരും അതൊന്നും കണ്ടെന്നുഭാവിച്ചില്ല. ഒടുവില്‍ ബി.ജെ.പി. ഗവര്‍മ്മെണ്ടുതന്നെ വേണ്ടിവന്നു ആ സേവനത്തെ അംഗീകരിക്കാന്നെന്ന് ഇവിടെയുള്ള മോദി ഭക്തര്‍ക്ക് വീമ്പിളക്കാനും ഇത് അവസരമായി. എന്നാല്‍ പേരിലുള്ള താമരയാണ് അഷ്‌റഫിന് അവാര്‍ഡ് നല്‍കാന്‍ ബി.ജെ.പി ഗവര്‍മ്മെണ്ടിനെ പ്രേരിപ്പിച്ചതെന്ന ഫലിതവും ഇപ്പോള്‍ നന്നായി ഓടുന്നുണ്ട്.


മോദിക്കും ബി.ജെ.പി.ക്കും കുറെവര്‍ഷങ്ങളായി ഗുജറാത്ത് അവരുടെ സ്വന്തംപരീക്ഷണശാലയാണ്. ആ നിലയില്‍ ഗുജറാത്തിലേക്ക് കൂടുതല്‍നിക്ഷേപം കൊണ്ടുവരാനുള്ള വൈബ്രന്റ് ഗുജറാത്ത് എന്ന പരിപാടിയും പ്രവാസി ഭാരതീയ ദിവസിനുപിന്നാലെ അവര്‍ ആവിഷ്‌കരിച്ചിരുന്നു. പക്ഷെ ഫലത്തില്‍ ഗുജറാത്തിന്റെ സമ്മേളനപൊലിമയില്‍ പ്രവാസിയുടെസമ്മേളനം വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്നുള്ള ആക്ഷേപം തുടക്കംമുതല്‍ ഉണ്ടായിരുന്നു. അതുപോലെത്തന്നെയായിരുന്നു അവിടെ പ്രതിനിധികള്‍ക്കായി ഒരുക്കിയഭക്ഷണത്തിന്റെ കാര്യവും. ഒരു അന്താരാഷ്ട്രസമ്മേളനത്തിന് മൊത്തം സസ്യാഹാരം മാത്രംമതിയെന്ന് ശഠിക്കുന്നത് എത്രമാത്രം ഉചിതമാണെന്ന് സംഘാടകരാണ് ആലോചിക്കേണ്ടത്. ന്യായീകരിക്കാന്‍ പല കാരണങ്ങളുമുണ്ടാവാം. എന്നാലും അത് ശരിയായില്ലെന്ന് കരുതുന്നവരാണ് ധാരാളം. ഇങ്ങനെ ചെറിയചെറിയ അലോസരങ്ങള്‍ ഉണ്ടായെങ്കിലും ഇത്തവണ പി.പി.ഡി. പതിവ് ചടങ്ങായിരുന്നില്ലഎന്നത് ഏറെ പ്രതീക്ഷനല്‍കുന്നു. അത് വെറും പ്രതീക്ഷമാത്രമാണോ എന്നറിയാന്‍ നമുക്ക് കാത്തിരുന്നേ പറ്റൂ.












from kerala news edited

via IFTTT