Story Dated: Saturday, February 14, 2015 07:59
ചെന്നൈ: ക്യാന്‍സറുമായി അഞ്ചുവര്‍ഷം പോരടിച്ച യുവതി 42-ാം വയസില്‍ അമ്മയായി. മാറിടത്തില്‍ പിടിപെട്ട ക്യാന്‍സറിനെ തോല്‍പ്പിക്കാന്‍ ശക്‌തമായ കിമോതെറാപ്പിയെ പോലും നേരിട്ട ഹേമലതയെന്ന യുവതിയാണ് കുട്ടികളുണ്ടാവില്ലെന്ന വൈദ്യശാസ്‌ത്രത്തിന്റെ ആദ്യ വിധി പിന്നീട് മാറ്റിയെഴുതിയത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു ഹേമലതയും ഭര്‍ത്താവ് ശിവകുമാറും ചെന്നൈയിലെ ഐശ്വര്യാ വ്യുമണ്‍സ് ഹോസ്‌പിറ്റലിലെത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത സൗഭാഗ്യം തേടിയാണ് ഇരുവരും ഇവിടേക്കെത്തിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇരുവരെയും ആദ്യം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്‌തത്. ഗര്‍ഭധാരണം യുവതിയിലെ ക്യാന്‍സറിനെ തിരികെ കൊണ്ടുവരുമെന്ന ഭയമാണ് ആശുപത്രി അധികൃതരെ ഇതിന് പ്രേരിപ്പിച്ചത്.
എന്നാല്‍ എന്തും നേരിടാന്‍ തയ്യാറായ ഹേമലതയ്‌ക്ക് മുന്നില്‍ ആശുപത്രി അധികൃതര്‍ മുട്ടുമടക്കി. തുടര്‍ന്ന് മറ്റൊരു യുവതിയുടെ അണ്ഡവും ശിവകുമാറിന്റെ ബീജവും ഡോക്‌ടര്‍മാര്‍ ഹേമലതയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു. അങ്ങനെ 2015 ജനുവരിയില്‍ ഹേമലത ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. 2.5 കിലോ തൂക്കമുള്ള കുട്ടി പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ക്യാന്‍സറിനുള്ള ചികിത്സകള്‍ വ്യക്‌തികളിലെ പ്രത്യൂല്‍പാദന ശേഷി നഷ്‌ടപ്പെടുത്തുന്ന സാഹചര്യത്തില്‍ സ്വന്തമായി ഒരു കുട്ടി വേണമെന്ന ആഗ്രഹം പലരിലും സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ് പതിവ്. എന്നാല്‍ പുതിയ സംഭവം ചരിത്ര നേട്ടമായി വിലയിരുത്തുന്നതായി ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. സ്വന്തമായി കുട്ടികള്‍ വേണമെന്ന ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് മുക്‌തി നേടിയവരുടെ ആഗ്രഹങ്ങള്‍ക്ക് ഈ നേട്ടം പ്രതീക്ഷാര്‍ഹമാണെന്ന് ഹേമലതയെ ചികിത്സിച്ച ഡോ. ചന്ദ്രലേഖ പറഞ്ഞു.
from kerala news edited
via IFTTT