Story Dated: Saturday, February 14, 2015 02:43
മലപ്പുറം: ആദിവാസി മേഖലയിലെ ആതുരസേവനത്തില്‍ ശ്രദ്ധയൂന്നിയിരുന്ന ഡോ.പി.സി ഷാനവാസ് (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഖബറടക്കം നാളെ. നിലമ്പൂര്‍ വടപുറം പുള്ളിച്ചോല പി മുഹമ്മദ് ഹാജിയുടെയും കെ ജമീല ഹജ്ജുമ്മയുടെയും മകനാണ്. അവിവാഹിതനായിരുന്നു. ആദിവാസികളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് ജീവിതം ഉഴിഞ്ഞുവച്ച ഡോ.ഷാനവാസിന്റെ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ഏറെ പ്രചാരം നേടുകയും വന്‍ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.
അധികൃതരുടെ അവഗണനയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ ഷാനവാസ് നടത്തിയ പോരാട്ടം അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. അധികാരികളുടെ നിരന്തരമായുള്ള മാനസിക പീഡനത്തിനെതിരെ ഫേസ്ബുക്കിലൂടെ ശക്തമായി പ്രതികരിച്ചതിനു പിറ്റേന്നായിരുന്നു മരണം പാവങ്ങളുടെ ഡോക്ടറെ തട്ടിയെടുത്ത്.'ഹേ അധികാരികളെ, നിങ്ങളുടെ നിരന്തര മാനസിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്കായിരിക്കും..... ആദിത്യന്‍ പിന്‍വാങ്ങുന്നു.' ഇതായിരുന്നു ഡോ.ഷാനവാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെ രാവിലെ കോഴിക്കോട്ടേക്കു പോയ ഷാനവാസ് മലപ്പുറത്തെ വീട്ടിലേക്കു രാത്രി മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന ഷാനവാസ് യാത്രയ്ക്കിടെ അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാനവാസിനെ ഉടന്‍ തന്നെ എടവണ്ണയിലെ രാജഗിരി ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ഷാനവാസ് അന്ത്യശ്വാസം വലിച്ചു. മരണസമയത്ത് പിതാവ് മുഹമ്മദും ഒപ്പമുണ്ടായിരുന്നു.
അടുത്തയിടെ നിലമ്പൂരില്‍നിന്ന് ഷാനവാസിനെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനിടെയാണ് മരണം വന്നത്. ഡോക്ടര്‍മാരായ ശിനാസ് ബാബു, ഷമീല എന്നിവര്‍ സഹോദരങ്ങള്‍.
ആറു വര്‍ഷത്തിനിടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്ത ശേഷമാണ് ഷാനവാസ് സര്‍ക്കാര്‍ സര്‍വീസില്‍ കയറിയത്. ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞതും സോഷ്യല്‍ മീഡിയയിലൂടെ അതിനുള്ള സമാഹരണം നടത്തിയതും. ആദിവാസി ഊരുകളില്‍ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും സൗജന്യമായി എത്തിച്ചു. ദരിദ്ര രോഗികള്‍ക്കായി സുമനസ്സുകളില്‍ നിന്ന് സഹായം സ്വീകരിച്ചു. അതിന്റെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ ലഭ്യമാക്കി തന്റെ നടപടികളിലെ സുതാര്യതയും വെളിപ്പെടുത്തി.
കൈപ്പുണ്യമുള്ള പാവങ്ങളുടെ ഡോക്ടറുടെ പ്രശസ്തി നാട്ടില്‍ വ്യാപിച്ചതോടെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് രോഗികളുടെ പ്രവാഹമായിരുന്നു. ഇത് സ്വകാര്യ ആശുപത്രികളെ സാരമായി ബാധിച്ചു. പലരുടെയും കണ്ണിലെ കരടായ ഷാനവാസിനെ സ്ഥലം മാറ്റുകയാണ് അധികൃതര്‍ ചെയ്തത്. നിലമ്പൂരിലെ ആദിവാസിള്‍ക്കിടയില്‍ നിന്നും പാലക്കാട്ടെ കാഞ്ഞിരപ്പുഴ പി.എച്ച്.സിയിലേക്കും അവിടെ നിന്നും ശിരുവാണിയിലേക്കും മാറ്റി. ഇതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജോലി അവസാനിപ്പിക്കുകയാണെന്നും കാണിച്ച് ഇക്കഴിഞ്ഞ 12ന് ഷാനവാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തനിക്കെതിരെ പ്രവര്‍ത്തിച്ച വമ്പന്‍ സ്രാവുകളെ പൂട്ടുന്ന രഹസ്യങ്ങള്‍ സമയമാകുമ്പോള്‍ പുറത്തുവിടും. കല്ലും മലയും കയറിയുള്ള യാത്രയ്ക്ക് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നും അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
from kerala news edited
via IFTTT