Story Dated: Saturday, February 14, 2015 01:19
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചരിത്രവിജയം നേടി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരമേറ്റു. രാംലീല മൈതാനിയില്‍ സാധാരണക്കാരായ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ് സത്യവാചകം ചൊല്ലക്കൊടുത്തു. മുഖ്യമന്ത്രി കെജ്‌രിവാളായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് മന്ത്രിസഭയിലെ രണ്ടാമനും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, അസീം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയ്ന്‍, ഗോപാല്‍ റായ്, ജിതേന്ദ്രര്‍ സിംഗ് തോമര്‍ എന്നിവരും പ്രതിജ്ഞ ചൊല്ലി.
മന്ത്രിസഭയില്‍ കെജ്‌രിവാള്‍ തന്നെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യും. ആഭ്യന്തരം, ധനകാര്യം, ഊര്‍ജം എന്നീ വകുപ്പുകളാണ് കെജ്‌രിവാള്‍ വഹിക്കും. മനീഷ് സിസോദിയ -വിദ്യാഭ്യാസം, പൊതുഭരണം, സന്ദീപ് കുമാര്‍ -വനിതാ, ശിശുക്ഷേമം, ജിതേന്ദ്രര്‍ സിംഗ് തോമര്‍ -നിയമം, ഗോപാല്‍ റായ് -ഗതാഗതം, അസീം അഹമ്മദ് ഖാന്‍ -ഭക്ഷ്യ സിവില്‍ സപ്ലൈസ്, സത്യേന്ദ്ര ജെയ്ന്‍ -വ്യവസായം എന്നിങ്ങനെയാണ് വകുപ്പുകള്‍.
ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കെജ്‌രിവാള്‍ നന്ദി രേഖപ്പെടുത്തി. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റി ജനതയോട് നന്ദി പറഞ്ഞ കെജ്‌രിവാള്‍, ഡല്‍ഹി ജനത തന്നെ ഇത്രയധികം സ്‌നേഹിക്കുന്നതായി അറിഞ്ഞിരുന്നില്ലെന്നും തുറന്നുപറഞ്ഞു. കൃത്യം ഒരു വര്‍ഷം മുന്‍പാണ് തന്റെ സര്‍ക്കാര്‍ രാജിവച്ചത്. ഇപ്പോള്‍ ഒരിക്കല്‍ കൂടി എ.എ.പി അധികാരത്തിലെത്തിയിരിക്കുന്നു. ചില വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന സന്ദേശമാണ് ദൈവം തങ്ങള്‍ക്കു നല്‍കിയത്. ഇത്രയും വലിയ വിജയങ്ങള്‍ ലഭിക്കുമ്പോള്‍ മനുഷ്യര്‍ അഹങ്കാരികളാകും. ഒന്നും നഷ്ടപ്പെടാനില്ലെന്ന ചിന്തയാണ് ഭരിക്കുന്നത്. എന്നാല്‍ തന്റെ എല്ലാ മന്ത്രിമാരും എം.എല്‍.എമാരും പ്രവര്‍ത്തകരും അഹങ്കാരം വെടിഞ്ഞ് പ്രവര്‍ത്തിക്കണം. തങ്ങളുടെ അഹങ്കാരത്തിനുള്ള വില ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നല്‍കേണ്ടിവന്നു. ദൈവം ഞങ്ങളെ ശിക്ഷിച്ചു. അഹങ്കാരം വെടിഞ്ഞ് ജനസേവകരായി പ്രവര്‍ത്തിക്കും.
മറ്റു സംസ്ഥാനങ്ങളിലും മത്സരിക്കുമെന്ന് ഞങ്ങളുടെ ചില നേതാക്കള്‍ പറയുന്നതായി താന്‍ കേട്ടു. അഹങ്കാരം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് അത് സൂചിപ്പിക്കുന്നത്. എന്നാല്‍ അത്തരം പ്രസ്താവനകള്‍ ശരിയല്ല. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഡല്‍ഹിയില്‍ മാത്രമായിരിക്കും എ.എ.പി ശ്രദ്ധകേന്ദ്രീകരിക്കുക. പൂര്‍ണ്ണ സമര്‍പ്പണത്തോടെ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കും. എഎപിയില്‍ അംഗമായിരുന്ന് അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരു പ്രവര്‍ത്തകനും ജയിലിലായിരിക്കും. ഇതു സംബന്ധിച്ച് താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഴിമതിക്കെതിരെ ആഹ്വാനം ചെയ്ത തങ്ങള്‍ക്ക് 49 ദിവസത്തെ ഭരണത്തിനിടെ ഡല്‍ഹിയെ അഴിമതി രഹിതമാക്കാന്‍ കഴിഞ്ഞു. ഡല്‍ഹിയെ ആദ്യ അഴിമതി രഹിത സംസ്ഥാനമാക്കാനാണ് തങ്ങളുടെ ലക്ഷ്യം. കൈക്കൂലി ആവശ്യപ്പെടുന്നവരെ കെണിയില്‍ കുടുക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. നിങ്ങളോട് കൈക്കൂലി ആവശ്യപ്പെടുന്നവരോട് അത് നിഷേധിക്കരുത്. അക്കാര്യം നിങ്ങളുടെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് തന്നെ സമീപിക്കുക. അവര്‍ക്കെതിരെ നടപടിയുണ്ടാകും.
ജന്‍ലോക്പാല്‍ ബില്‍ കഴിവതും നേരത്തെ പാസ്സാക്കും. എന്നാല്‍ അതിന് നിശ്ചിത സമയപരിധി നല്‍കാന്‍ കഴിയില്ല. ജനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളിലും കെജ്‌രിവാള്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. ഡല്‍ഹി സമാധാനപരമായ ഇടമാണ്. ഇത്തരം അതിക്രമങ്ങളില്‍ സഹിഷ്ണുത കാണിക്കാന്‍ കഴിയില്ല. വര്‍ഗീയ രാഷ്ട്രീയ കളിക്കുന്നവരോട് അതില്‍ നിന്നു പിന്തരിയാനാണ് തനിക്കു പറയാനുള്ളത്. ഡല്‍ഹി പോലീസ് തന്റെ സര്‍ക്കാരിന്റെ കീഴിലല്ലെങ്കിലും എല്ലാവര്‍ക്കും സമാധാനം പുലര്‍ത്തുന്നതിന് അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാമെന്ന് ബി.ജെ.പി ഉറപ്പുനല്‍കിയിരുന്നു. പാര്‍ലമെന്റില്‍ ബി.ജെ.പിക്കും ഡല്‍ഹിയില്‍ എ.എ.പിക്കും ഭൂരിപക്ഷമുള്ള സ്ഥിതിക്ക് ഇരുകക്ഷികളും യോജിച്ച് ഇക്കാര്യം നടപ്പാക്കണമെന്ന് താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
വ്യാപാരികള്‍ നികുതി പൂര്‍ണ്ണമായും നല്‍കാന്‍ ശ്രദ്ധിക്കണം. അവര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നു. നിങ്ങളുടെ ബിസിനസ് സ്വതന്ത്രമായി നടത്താമെന്ന് താന്‍ ഉറപ്പു നല്‍കുന്നു. നിങ്ങളുടെ നികുതിപ്പണം ദുരുപയോഗിക്കില്ലെന്നും താന്‍ ഉറപ്പുനല്‍കുന്നു.
ഡല്‍ഹിയില്‍ നിന്ന് വി.ഐ.പി സംസ്‌കാരം നീക്കണം. പല വിദേശരാജ്യങ്ങളിലും പ്രധാനമന്ത്രിയടക്കമുള്ളവര്‍ ബസ് സ്‌റ്റേഷനുകളില്‍ നില്‍ക്കുന്നത് പതിവാണ്. ഇന്ന് ഡല്‍ഹിയിലെ എല്ലാ ജനങ്ങളും മുഖ്യമന്ത്രിമാരാണ്. എ.എ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ വജ്രശേഖരമാണ്. നിരവധി പേര്‍ തങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ അനുസ്മരിച്ചു.
കിരണ്‍ ബേദിയെ പുകഴ്ത്താനും കെജ്‌രിവാള്‍ മടിച്ചില്ല. താന്‍ ബേദിയെ മാനിക്കുന്നു. അവര്‍ തന്റെ ജേഷ്ഠ സഹോദരിയെ പോലെയാണ്. ബൃഹ്ത്തായ ഭരണ പരിചയമുള്ള അവരില്‍ നിന്നും തന്റെ സര്‍ക്കാര്‍ ഉപദേശം തേടുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
from kerala news edited
via IFTTT