Story Dated: Saturday, February 14, 2015 03:59
വാഷിങ്‌ടണ്‍: നിങ്ങള്‍ ദു:ഖിതനാണോ സന്തോഷവാനാണോ അതോ നിങ്ങളുടെയുള്ളില്‍ ദേഷ്യമാണോ, ഇതൊക്കെ തിരിച്ചിറാന്‍ ഒരുപക്ഷേ മറ്റൊരു മനുഷ്യന് മാത്രമേ സാധിക്കൂ. എന്നാല്‍ ഈ കഴിവ് മനുഷ്യരെപ്പോലെതന്നെ നായകള്‍ക്കും ഉണ്ടെന്നാണ് വാഷിംഗ്‌ടണിലെ ചില ഗവേഷകര്‍ അവകാശപ്പെടുന്നത്. നായകള്‍ക്ക് മനുഷ്യന്റെ മുഖത്ത് നോക്കി ഒരു പരിധിവരെ മനസ് വായിക്കാന്‍ സാധിക്കുമെന്ന് ഇവരുടെ പഠനങ്ങള്‍ വ്യക്‌തമാക്കുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് വെറ്റിനറി മെഡിസിന്‍ വിയന്നയിലെ ഗവേഷകരാണ് പുതിയ വാദമുഖവുമായി രംഗതെത്തിയത്. മനുഷ്യന് ബദലായി മറ്റൊരു ഗണത്തില്‍പെട്ട ജീവിക്ക് തങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടാത്ത ജീവികളുടെ ഭാവമാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി ഗവേഷകര്‍ തിരഞ്ഞെടുത്ത നായ തനിക്ക് പരിചയമില്ലാത്ത വ്യക്‌തികളുടെപോലും മുഖ ഭാവത്തിലെ മാറ്റം വളരെ വേഗം തിരിച്ചറിഞ്ഞു. ചിത്രങ്ങളിലെ മുഖഭാവത്തിലെ മാറ്റത്തിലൂടെ തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നായ കൃത്യമായി അനുസരിച്ചുവെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
സന്തോഷവും ദേഷ്യവും വ്യക്‌തമാക്കുന്ന മനുഷ്യരുടെ മുഖത്തിന്റെ ചിത്രങ്ങളാണ് പ്രധാനമായും പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ചിത്രങ്ങളില്‍ മുഖത്തിന്റെ പകുതി മാത്രമേ നല്‍കിയിരുന്നുള്ളു. എന്നാല്‍ ഈ പകുതി മുഖത്തില്‍ നിന്നും ആ വ്യക്‌തിയുടെ ശരിയായ മാനസികനില നായ തിരിച്ചറിഞ്ഞു.
മനുഷ്യ മുഖത്തിലെ ദേഷ്യവും സന്തോഷവും നായ ഏത് രീതിയിലാണ് മനസിലാക്കുന്നതെന്ന് ഇനിയും പറയാറായിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ സന്തോഷം പോസിറ്റീവ് എനര്‍ജി നല്‍കുന്നതാണെന്നും ദേഷ്യം നെഗറ്റീവ് എനര്‍ജി നല്‍കുന്നതാണെന്നും നായകള്‍ വിലയിരുത്തുന്നതായും പഠനത്തില്‍ പറയുന്നു. മനുഷ്യര്‍ ദേഷ്യമുള്ള മുഖവുമായി തന്നെ സമീപിക്കുന്നത് തനിക്ക് പന്തിയല്ലെന്ന് നായ്‌ക്കള്‍ അനുഭവങ്ങളിലൂടെ പഠിച്ചെടുക്കുന്നതാണ്. ഈ അവസരങ്ങളില്‍ അവ മനുഷ്യരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നതായും പഠനം വ്യക്‌തമാക്കുന്നു.
from kerala news edited
via IFTTT