Story Dated: Saturday, February 14, 2015 12:08
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാംലീയ മൈതാനയില്‍ എത്തി. 11.45 ഓടെ അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് കെജ്‌രിവാള്‍ വീട്ടില്‍ നിന്നും പുറപ്പെട്ടത്. മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കൊപ്പമാണ് കെജ്‌രിവാള്‍ രാംലീലയില്‍ എത്തിയത്. 11.56 ഓടെ അദ്ദേഹം വേദിയിലെത്തി.
ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മറ്റു കുടുംബാംഗങ്ങള്‍ നേരത്തെ തന്നെ രാംലീലയിലേക്ക് പുറപ്പെട്ടിരുന്നു. മന്ത്രിസഭയിലെ മറ്റ് നിയുക്ത അംഗങ്ങളും കുടുംബസമേതം രാംലീലയില്‍ എത്തിയിട്ടുണ്ട്. ചടങ്ങ് വീക്ഷിക്കുന്നതിനായി മൈതാനം നിറഞ്ഞുകവിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് മൈതാനത്ത് എത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി 30,000 ഓളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം ബി.ജെ.പി നിരയില്‍ ആരുതന്നെ ചടങ്ങിനെത്തിയിട്ടില്ല. മഹാരാഷ്ട്രയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ എത്താന്‍ കഴിയില്ലെന്ന് മോഡി വ്യക്തമാക്കിയിരുന്നു. നിരവധി കേന്ദ്രമന്ത്രിമാരെയും ക്ഷണിച്ചിരുന്നുവെങ്കിലും അവരാരും ചടങ്ങില്‍ പങ്കെടുക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കളായ ഷീലാ ദീക്ഷിത്, അജയ് മാക്കന്‍, ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കിരണ്‍ ബേദി എന്നിവരെയും ക്ഷണിച്ചിരുന്നു.
എന്നാല്‍, എ.എ.പി പ്രവര്‍ത്തകരെ കൊണ്ട് മൈതാനം നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. കെജ്‌രിവാളിനൊപ്പം അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്തിരുന്ന സഹപ്രവര്‍ത്തകരും ചടങ്ങില്‍ എത്തിയിട്ടുണ്ട്.
രാവിലെി മുതല്‍ കെ്ജരിവാളിന്റെ വീട്ടിലേക്കും രാംലീലയിലേക്കും നിരവധി പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. പ്രണയ ദിനത്തില്‍ അധികാരമേല്‍ക്കുന്ന കെജ്‌രിവാളിന് പനിനീര്‍ പുഷ്പങ്ങളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് പ്രവര്‍ത്തകരെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെന്നും അനുയായികള്‍ വഴി അവരുടെ ഉപഹാരങ്ങള്‍ കെജ്‌രിവാള്‍ സ്വീകരിച്ചു.
from kerala news edited
via IFTTT