Story Dated: Saturday, February 14, 2015 01:09
ലോസാഞ്ചലസ്: അമേരിക്കയില്‍ ആറ് ദിവസം പ്രായമുളള ഒരു കുട്ടിക്ക് ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി. ശസ്‌ത്രക്രിയ വിജയമായിരുന്നു. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നു.
ഒലിവര്‍ ക്രാഫോര്‍ഡ് എന്ന കുഞ്ഞാണ് ജീവിതത്തിലേക്ക് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയത്. ഗര്‍ഭത്തിന്റെ ഇരുപതാം ആഴ്‌ചയിലാണ് കേലിന്‍ ഓട്ടോ എന്ന യുവതിക്ക് തന്റെ കുഞ്ഞിന് ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന ഗുരുതരമായ ഹൃദ്രാഗമുണ്ടെന്ന് മനസ്സിലായത്. ആഴ്‌ചകള്‍ കഴിഞ്ഞപ്പോഴേക്കും കുഞ്ഞിനെ ജീവനോടെ കാണാന്‍ സാധിക്കുമോ എന്ന സംശയം ബലപ്പെട്ടു.
ഡോക്‌ടര്‍മാരില്‍ നിന്ന് ശുഭവാര്‍ത്തയൊന്നും കേള്‍ക്കാത്തതിനാല്‍ കേലിന്‍ ഓട്ടോയും ഭര്‍ത്താവ് ക്രിസ് ക്രാഫോര്‍ഡും തങ്ങളുടെ കുഞ്ഞിന്റെ ശവസംസ്‌കാരം നടത്തുന്നതിനായി മനസ്സിനെ ഒരുക്കിത്തുടങ്ങി! കുഞ്ഞിനായി വാങ്ങിയ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും വരെ നശിപ്പിച്ചു അവനെ മനസ്സില്‍ നിന്ന് പടിയിറക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, കുഞ്ഞ് പിറക്കുമ്പോള്‍ ഒരു മിനിറ്റെങ്കില്‍ അത്രസമയം എടുത്ത് താലോലിക്കാനുളള ആഗ്രഹം തന്നിലുണ്ടെന്നത് നിഷേധിക്കാന്‍ കേലിന് അപ്പോഴും കഴിഞ്ഞിരുന്നില്ല.
ആസമയത്താണ് ഹൃദയം മാറ്റിവയ്‌ക്കല്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുമെന്ന് വിദഗ്‌ധോപദേശം ലഭിച്ചത്. മുപ്പത്തിമൂന്നാം ആഴ്‌ചയില്‍ പൂര്‍ണവളര്‍ച്ചയെത്തും മുമ്പേയായിരുന്നു ഒലിവര്‍ പിറന്നു വീണത്. ജനുവരി അഞ്ചിനായിരുന്നു മാതാപിതാക്കളെ ആശങ്കയിലാഴ്‌ത്തിയ ആ ജനനം.
ജനുവരി ഒന്‍പതിന് നാഷണല്‍ ട്രാന്‍സ്‌പ്ലാന്റ് വെയിറ്റിംഗ് ലിസ്‌റ്റില്‍ കുഞ്ഞ് ഒലിവറിനെയും ഉള്‍പ്പെടുത്തി. രണ്ടാം ദിവസം ഒലിവറിന് ചേരുന്ന ഹൃദയം ലഭിക്കുകയും ചെയ്‌തു. അരിസോണയിലെ ഫീനിക്‌സ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ 10 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയക്കൊടുവില്‍ ഒലിവര്‍ ജീവിതത്തിലേക്കെന്നു തന്നെ ഉറപ്പിച്ചു! ശ്വാസകോശം ദുര്‍ബലമായതിനെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രിയില്‍ കഴിയുയാണെങ്കിലും ഒലിവറിന് ഹൃദയസംബന്ധമായി പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ല.
from kerala news edited
via IFTTT