നവോദയ സഫാമക്കാ ആര്‍ട്‌സ് അക്കാദമി വാര്‍ഷികം
Posted on: 15 Feb 2015
ഫാത്തിമ ഇമ്പിച്ചി ബാവ ഉദ്ഘാടനം ചെയ്തു
റിയാദ്: മലബാര്‍ പ്രദേശത്ത് കെ.എസ്.ആര്‍.ടി.സി കൊണ്ടുവന്ന് പൊതുഗതാഗത സംവിധാനം ശക്തമാക്കിയത് 1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ അംഗമായിരുന്ന ഇ.കെ ഇമ്പിച്ചിബാവയായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും പൊന്നാനി നഗരസഭയുടെ മുന്‍ചെയര്‍പേഴ്‌സണും ജില്ലാ കൗണ്‍സില്‍ അംഗവും ആയിരുന്ന ഫാത്തിമാ ഇമ്പിച്ചിബാവ പറഞ്ഞു. റിയാദ് നവോദയയും സഫാമക്ക പോളിക്ലിനിക്കും സംയുക്തമായി നടത്തുന്ന ആര്‍ട്‌സ് അക്കാദമിയുടെ ഒന്നാം വാര്‍ഷികം റിയാദില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിന് ആര്‍ട്‌സ് അക്കാദമി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച ടീച്ചര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ അക്കാദമിക്ക് കഴിയട്ടെയെന്ന് ആശംസിച്ചു.
റിയാദിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനായ മൂത്ത മകന്‍ ഇ.കെ റസൂല്‍ സലാമിനേയും കുടുംബത്തേയും സന്ദര്‍ശിക്കാനെത്തിയതാണ് ഫാത്തിമ ടീച്ചര്‍. മുഖ്യ പ്രഭാഷകന്‍ ഡോ.ജയചന്ദ്രന്‍, പുസ്തക പഠനത്തിനപ്പുറം കുട്ടികളുടെ മറ്റ് കഴിവുകള്‍ തിരിച്ചറിഞ്ഞ് അവയെ പ്രോത്‌സാഹിപ്പിക്കാനും പരിശിലനം നല്‍കാനും രക്ഷാകര്‍ത്താക്കള്‍ പ്രത്യേക താത്പര്യം കാണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചു. എക്‌സലന്‍സ് ഓഫ് എഡ്യൂക്കേഷന്‍ എന്നത് പരീക്ഷയിലെ ഉന്നത വിജയം മാത്രമല്ല, മറിച്ച് വിവിധ കലാ, കായിക, ശാസ്ത്ര, സാമൂഹ്യ മേഖലകളിലെ ഇടപെടല്‍ കൂടിയാണ്. രക്ഷാകര്‍ത്താക്കളുടെ സ്‌നേഹവും പരിചരണവും ഓരോ കുട്ടിയും ആഗ്രഹിക്കുന്നുണ്ടെന്നും ഡോ. ജയചന്ദ്രന്‍ പറഞ്ഞു. ദീപാ ജയകുമാര്‍ ആര്‍ട്‌സ് അക്കാദമിയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷൈജു ചെമ്പൂര്, രതീഷ് എന്നിവര്‍ സംസാരിച്ചു. അഹമ്മദ് മേലാറ്റൂര്‍ അധ്യക്ഷനായിരുന്നു. ജ്യോതി സതീഷ് സ്വാഗതം ആശംസിച്ചു. അക്കാദമി വിദ്യാര്‍ഥികളുടെ ചിത്ര പ്രദര്‍ശനവും വിവിധ കലാപരിപാടികളും നടന്നു. നവോദയ കുടുംബവേദി അംഗങ്ങള്‍ അവതരിപ്പിച്ച 'കേരള നടനം' പ്രത്യേക പ്രശംസ നേടി. കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുരസ്‌കാരങ്ങള്‍ കുടുംബവേദി അംഗങ്ങള്‍ കൈമാറി. നയന്‍താര പ്രദീപ് അവതാരകയായിരുന്നു. പുതുതായി രൂപീകരിച്ച നവോദയ ഓര്‍ക്കസ്ട്രയുടെ ഗാനമേളയോടെയാണ് വാര്‍ഷികാഘോഷ പരിപാടി സമാപിച്ചത്.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT