Story Dated: Sunday, March 8, 2015 06:55
വൈക്കം : വൈക്കത്ത് ഡിവൈ.എസ്.പി .ഓഫീസ് ആരംഭിക്കാനുള്ള നീക്കങ്ങള്‍ ഇന്നും കടലാസില്‍തന്നെ. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോഴാണ് വൈക്കത്ത് ഡിവൈ.എസ്.പി. ഐഫീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതിനുവേണ്ട അടിസ്‌ഥാനസൗകര്യങ്ങള്‍ എല്ലാംതന്നെ ഇപ്പോഴത്തെ പോലീസ് സേ്‌റ്റഷനിലുണ്ട്. ഡിവൈ.എസ്.പി . ഓഫീസ് യാഥാര്‍ത്ഥ്യമായാല്‍ ഇപ്പോള്‍ ക്രമസമാധാനരംഗത്ത് നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ഈ വിഷയത്തില്‍ ശക്‌തമായ ഇടപെടലുകള്‍ നടത്തുവാന്‍ ആരുംതന്നെ മുന്നോട്ടുവരാത്ത സാഹചര്യമാണ്.
ഒരു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ പദ്ധതിയിടുമ്പോള്‍തന്നെ വിവാദമുണ്ടാക്കി ഇല്ലായ്‌മ ചെയ്യുന്ന പ്രവണതയാണ് നാളുകളായി ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡിവൈ.എസ്.പി. ഓഫീസിനുശേഷം പ്രഖ്യാപിക്കപ്പെട്ട കടുത്തുരുത്തിയിലെ സി.ഐ. ഓഫീസ് നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. മണ്‌ഡലത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘവീക്ഷണത്തോടെ ജനപ്രതിനിധികളും രാഷ്‌ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കാന്‍ തയ്യാറാവാത്തതാണ് പ്രധാനപ്രശ്‌നം.
ഡിവൈ.എസ്.പി. ഓഫീസ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനുശേഷം സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവരണമായിരുന്നു. ഈ വിഷയത്തില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തേണ്ട മറ്റ് ഉത്തരവാദിത്വപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികളും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. നഗരത്തിലെ മറ്റൊരു വികസനപദ്ധതിയായിരുന്ന ടൂറിസവുമായി ബന്ധപ്പെട്ട ബീച്ചിലെ നവീകരണവും പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്.
ഇവിടെയും അനാവശ്യ വിവാദങ്ങളാണ് തിരിച്ചടി ഉണ്ടാക്കിയത്. വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വൈക്കത്തെ ചൂടേറിയ പ്രചാരണവിഷയങ്ങളായിരിക്കും ഡിവൈ.എസ്.പി. ഓഫീസും, ബീച്ചിലെ നവീകരണവുമെല്ലാം. ഇതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മറുപടി പറയാന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.
from kerala news edited
via IFTTT