Story Dated: Sunday, March 8, 2015 07:13
പത്തനംതിട്ട: അധികൃതരുടെ പിടിപ്പു കേട് മൂലം ഒന്നരവര്‍ഷം മുന്‍പ് നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കുന്നു. ഇന്നലെ ചേര്‍ന്ന ഷെഡ്യൂള്‍ മോണിട്ടറിംഗ് കമ്മറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. വീണ്ടും തുടങ്ങുമ്പോള്‍ സര്‍വീസ് പുനഃക്രമീകരിച്ചിട്ടുണ്ട്. ഒരു ബസ് മാത്രമാകും സര്‍വീസ് നടത്തുക. രാവിലെ 8.10 നും 10.30 നും ഇടയ്‌ക്ക് ഏഴുട്രിപ്പും വൈകിട്ട് 3.45 നും 5.35 നും ഇടയ്‌ക്ക് അഞ്ചു ട്രിപ്പുമാണ് ഉണ്ടാവുക.
ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നഗരസഭാ സമിതിയുടെ കാലത്താണ് ടൗണ്‍ സര്‍ക്കുലര്‍ ആരംഭിച്ചത്. ഇതിനായി കെ.എസ്.ആര്‍.ടി.സിയുടെ ഐഷര്‍ മിനിബസുകളാണ് ആദ്യം ഉപയോഗിച്ചിരുന്നത്. രണ്ടു ബസുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി ഏഴുവരെ 10 മിനുട്ട് ഇടവിട്ട് സര്‍വീസ് നടത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട് പുതിയ സ്വകാര്യ ബസ് സ്‌റ്റാന്‍ഡ്, അബാന്‍ ജംഗ്‌ഷന്‍, മുത്തൂറ്റ്, അഴൂര്‍ പമ്പ് ജംഗ്‌ഷന്‍, സ്‌റ്റേഡിയം ജംഗ്‌ഷന്‍, സെന്റ് പീറ്റേഴ്‌സ് ജംഗ്‌ഷന്‍ വഴി ടി.കെ. റോഡിലൂടെ വന്ന് പഴയ സ്വകാര്യ സ്‌റ്റാന്‍ഡിലൂടെ കെ.എസ്.ആര്‍.ടി.സിയില്‍ എത്തുന്നതായിരുന്നു സര്‍വീസ്.
ഇതിന് സാമാന്യം നല്ല വരുമാനവും ഉണ്ടായിരുന്നു. ചെലവും കുറവായിരുന്നു. പിന്നീട് മിനിബസുകള്‍ കട്ടപ്പുറത്തായപ്പോള്‍ കട്ട് ചേസ് ബസുകള്‍ കൊണ്ട് സര്‍വീസ് തുടര്‍ന്നു പോന്നു. ഓട്ടോറിക്ഷക്കാരുടെ പകല്‍ കൊള്ളയില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു സര്‍ക്കുലര്‍ സര്‍വീസ്.
പിന്നീട് എം.എല്‍.എമാര്‍ പുതിയ റൂട്ടുകള്‍ അനുവദിച്ചപ്പോള്‍ അത് തുടങ്ങാന്‍ വേണ്ടി സര്‍ക്കുലര്‍ ബസുകള്‍ പിന്‍വലിച്ചു. ക്രമേണെ ഇത് നിന്നു പോവുകയും ചെയ്‌തു. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചാണ് വീണ്ടും ഇതു തുടങ്ങുന്നത്. എന്നാല്‍ കുറഞ്ഞ ട്രിപ്പ് മാത്രം നടത്തുന്നതു കൊണ്ട് ആര്‍ക്കും കാര്യമായ പ്രയോജനം ഉണ്ടാകാന്‍ ഇടയില്ല.
from kerala news edited
via IFTTT