Story Dated: Sunday, March 8, 2015 06:55
കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗത കുരുക്കിന് ഒരുപരിധി വരെ പരിഹാരമേകുന്ന കല്ലുങ്കല്‍കോളനി-വട്ടകപ്പാറ-26ാം മൈല്‍ റിങ്ങ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരപരിധിയില്‍ ദേശീയ പാതയിലെ ഗതാഗത തിരക്കിന് പിരഹാരമേകുന്നതിനൊപ്പം ടൗണിന്റെ പ്രാന്തപ്രദേശങ്ങളിലെ അവികസിത മേഖലകളുടെ വികസനത്തിനും പദ്ധതി വഴി തെളിക്കും. വട്ടകപ്പാറ, പാറക്കടവ്, നാച്ചികോളനി, കല്ലുങ്കല്‍ കോളനി തുടങ്ങിയ പ്രദേശങ്ങളിലൂടെ ദേശീയപാതക്ക് സമാന്തരമായി കടന്നുപോകുന്ന പാത 26ാം മൈല്‍ ജംക്ഷനില്‍ നിന്നും ആരംഭിച്ച് ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ലിന് സമീപമാണ് എത്തുന്നത്.
ഫയര്‍സ്‌റ്റേഷന്‍, പേട്ടസ്‌കൂള്‍ കവല, കെ.എം.എ ഹാള്‍ റോഡ്, ആനക്കല്ല് എന്നിവിടങ്ങളിലേക്കും വാഹനങ്ങള്‍ക്ക് എത്തുവാനും ഗതാഗതം തിരിച്ചുവിടാനും സഹായകമാകുന്ന പാത ഗതാഗത നിയന്ത്രണത്തിന് ഏറെ സഹായകമാകും. ഈരാറ്റുപേട്ട റോഡില്‍ നിന്നും മുണ്ടക്കയം, എരുമേലി ഭാഗത്തേക്കും തിരികെയുമുള്ള വാഹനങ്ങള്‍ക്ക് ടൗണിലെ ഗതാഗത കുരുക്ക് പൂര്‍ണമായും ഒഴിവാക്കുന്നതിനും സമാന്തര പാത സഹായകമാകും. റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.
ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്‌ററാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍ തേനംമാക്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം മറിയമ്മ ജോസഫ്, നസീമാ ഹാരീസ്, നിബു ഷൗക്കത്ത്, ഷീജാ ഗോപിദാസ്, അഡ്വ. പി. ജീരാജ്, നിസാര്‍ മൗലവി,ജോംസി ഇല്ലിക്കമുറി തുടങ്ങിയവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT