121

Powered By Blogger

Saturday, 7 March 2015

ശാരദ മലയാളത്തിലെത്തിയിട്ട് അര നൂറ്റാണ്ട്‌









ചേര്‍ത്തല: സരസ്വതിയെന്ന് പേരുള്ള ആന്ധ്രക്കാരി മലയാളത്തിന്റെ ദുഃഖപുത്രി ശാരദയായി എത്തിയിട്ട് അര നൂറ്റാണ്ട്. കുഞ്ചാക്കോയുടെ 'ഇണപ്രാവുകളി'ലൂടെ ആലപ്പുഴയില്‍നിന്ന് 'റാഹേല്‍' എന്ന പേരുമായാണ് മലയാളത്തിലെ തുടക്കം. ആ റാഹേല്‍ പിന്നീട് ശാരദയായി മലയാള സിനിമയുടെയും ജനതയുടെയും ഹൃദയസാന്നിധ്യമായത് ചരിത്രം.

1965 ഏപ്രില്‍ 10നാണ് 'ഇണപ്രാവുകള്‍' പ്രദര്‍ശനം തുടങ്ങിയത്. അതിനും മാസങ്ങള്‍ക്കു മുമ്പേ ആലപ്പുഴയിലായിരുന്നു ചിത്രീകരണം.

ആന്ധ്രയിലെ തെന്നാലിയില്‍ നെയ്ത്തുകാരായ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണിയുടെയും മകളായ സരസ്വതി, ഇന്ത്യന്‍ പീപ്പിള്‍ തിയേറ്ററിന്റെ (ഇപ്റ്റ) 'ഇരുമിത്രലു', 'അണ്ണാ ചൊല്ലലു' തുടങ്ങിയ നാടകങ്ങളിലൂടെയായിരുന്നു സിനിമയിലെത്തിയത്. പിന്നീട്, കന്നട സനിമയില്‍ തിളങ്ങിത്തുടങ്ങുമ്പോഴായിരുന്നു കേരളത്തില്‍നിന്ന് വിളിയെത്തുന്നത്. ഇണപ്രാവുകള്‍ക്കു പറ്റിയ നടിയെ കുഞ്ചാക്കോ തിരയുന്നതിനിടെ ഭരണി സ്റ്റുഡിയോയിലെ കണ്ണനാണ് ശാരദയെ ചൂണ്ടിക്കാട്ടിയത്.








ഇണപ്രാവുകളില്‍ ശാരദ സത്യനൊപ്പം

ആദ്യ കാഴ്ചയില്‍ത്തന്നെ 'ഇണപ്രാവുകളി'ലെ കഥാപാത്രമായ റാഹേലിനു അനുയോജ്യയാണ് ശാരദയെന്ന് കുഞ്ചാക്കോ തിരിച്ചറിഞ്ഞു. കഥാപാത്രത്തിന്‍റെ പേരായ 'റാഹേല്‍' പുതുനടിയുടെ പേരാക്കി കുഞ്ചാക്കോ സിനിമയുടെ പ്രചാരണ നോട്ടീസുകളിലും മറ്റും നല്‍കി. ഒടുവില്‍, തെലുങ്കില്‍ സിനിമാഭിനയം തുടങ്ങിയകാലത്തെ പേരായ 'ശാരദ' മലയാളത്തിലും സ്വീകരിക്കുകയായിരുന്നു.


തെലുങ്കിലും തമിഴിലുമെല്ലാം നിരവധി വേഷങ്ങള്‍ചെയ്ത് ഒടുവില്‍ രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞെങ്കിലും ശാരദയുടെ ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ മലയാളത്തിലായിരുന്നു. 70 ചിത്രങ്ങളോളം മലയാളത്തില്‍ അഭിനയിച്ച ശാരദയെ മലയാളികള്‍ സ്വന്തമാക്കുകയായിരുന്നു. തുലാഭാരത്തിലെ അഭിനയത്തിന് ഉര്‍വശി അവാര്‍ഡും ലഭിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്പിയുടെ 'അമ്മക്കിളിയുടെ താരാട്ട്' എന്ന ചിത്രത്തിലൂടെ ഇന്നും ശാരദ മലയാളത്തിന്റെ നിത്യസാന്നിധ്യമാകുന്നു.









പുന്നശ്ശേരി കാഞ്ചന



ഇണപ്രാവുകളില്‍ സത്യനും നസീറിനും ഒപ്പം അഭിനയിക്കാനെത്തിയ വെളുത്തു കൊലുന്നനെയുള്ള സുന്ദരിയെ, പുന്നശ്ശേരി കാഞ്ചനയെന്ന 84 കാരി ഇന്നും ഓര്‍ക്കുന്നു. നാടകത്തിലും സിനിമയിലും പയറ്റിത്തെളിഞ്ഞ് ഇണപ്രാവുകളില്‍ അഭനയിക്കാനെത്തിയ കാഞ്ചനയ്ക്ക്, ശാരദയുടെ ചേച്ചിയുടെ റോളായിരുന്നു. അഭിനയത്തിന്റെ മായികലോകത്തുനിന്ന് പടിയിറങ്ങി ജീവിത പ്രാരാബ്ധങ്ങള്‍ക്കു നടുവില്‍ ജീവിക്കുമ്പോഴും അന്നത്തെ ചിത്രീകരണരംഗങ്ങളും മറ്റും കാഞ്ചന ഇന്നും ഓര്‍ക്കുന്നു.









from kerala news edited

via IFTTT