Story Dated: Sunday, March 8, 2015 07:36
മണ്ണഞ്ചേരി: ജീവിതപ്രാരാബ്‌ദങ്ങള്‍ക്കിടെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ ഇടയിലേക്ക് മനസുനിറയെ സ്‌നേഹസാന്ത്വനവുമായി സ്‌നേഹകൂട് ചിരിറ്റബിള്‍ ട്രസ്‌റ്റിന്റെ അംഗങ്ങളെത്തി. കലവൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹഭവനിലെ അന്തേവാസികളാണ് പുതിയ തലമുറയുടെ സാമൂഹികപ്രതിബന്ധത അനുഭവിച്ചറിഞ്ഞത്.
എറണാകുളം പാലാരിവട്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരസ്‌പ്പരകൂട്ടായ്‌മയാണ് മാസം തോറും വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി സ്‌നേഹഭവനില്‍ എത്തിയത്.
120 ലേറെ അംഗങ്ങള്‍ ഈ കൂട്ടായമയില്‍ ഇപ്പോള്‍ ഉണ്ട്. കേട്ടറിഞ്ഞ് പുതിയകൂട്ടം സംഘത്തിലേക്ക് ചേക്കേറുകയാണ് നിത്യവും. സിനിമ, സീരിയല്‍ രംഗത്തെ പ്രമുഖനും ഈ കൂട്ടായമയിലെ അംഗവുമായ ജോയ് കെ. മാത്യുവാണ് സ്‌നേഹാലയത്തിലെ അന്തേവാസികളുടെ വിവരം സ്‌നേഹക്കൂട്ടത്തിന് കൈമാറിയത്. ഹൈക്കോടതി ജംഗ്‌ഷനില്‍ ദിവസവും 250 സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന ടി.ആര്‍ ദേവനും സംഘത്തിലുണ്ട്. വിവരം അറിഞ്ഞ് സ്‌നേഹക്കൂട്ടത്തിന് പിന്‍തുണയുമായി എ.എം.ആരീഫ് എം.എല്‍.എ യും സ്‌നേഹഭവനില്‍ എത്തിയിരുന്നു.
സ്‌നേഹക്കൂട്ടായമയില്‍ 23 വയസുള്ള സ്‌റ്റെഫി മുതല്‍ 64 കാരിയായ സോഫിയ വരെ ആടിപാടി സന്തോഷം പങ്കിട്ടു. ഇവര്‍ കൊണ്ടുവന്ന് ഭക്ഷണവും വസ്‌ത്രങ്ങളും പങ്ക് വയ്‌ക്കുമ്പോള്‍ സ്‌നേഹഭവനിലെ സുപ്പീരിയര്‍ സിസ്‌റ്റര്‍ മേരികരോളിന്റെ സന്തോഷത്തിനും അതിരുകളില്ലായിരുന്നു. നിഷ മജേഷ് പ്രസിഡന്റ് വിജയരാഘവന്‍ പനങ്ങാട് സെക്രട്ടറി, സജ്‌നി തോട്ടുങ്കല്‍ ട്രഷറര്‍ എന്നിവരാണ് സ്‌നേഹകൂടിന്റെ സാരഥികള്‍.
from kerala news edited
via IFTTT