Story Dated: Sunday, March 8, 2015 07:36
ആലപ്പുഴ: ചെട്ടികാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ വനിതാ വാര്‍ഡില്‍ സാമൂഹികവിരുദ്ധന്‍ കയറി വാര്‍ഡിലുണ്ടായിരുന്ന രോഗികളായവരെ അസഭ്യം പറഞ്ഞതായി പരാതി. കഴിഞ്ഞദിവസം രാത്രി പത്തിനുശേഷമായിരുന്നു സംഭവം. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഹൗസ് സര്‍ജനെയും ഇയാള്‍ അസഭ്യം പറഞ്ഞു. സ്‌ത്രീകളുടെ മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് രോഗികളെയും കൂട്ടിരിപ്പുകാരെയും വാര്‍ഡില്‍നിന്നു പുറത്തിറക്കി. പിന്നീട് നോര്‍ത്ത് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസെത്തിയപ്പോഴേക്കും ഇയാള്‍ സ്‌ഥലം വിട്ടു.
ഇയാള്‍ മാനസികരോഗിയാണെന്നു ആശുപത്രി അധികൃതരും മയക്കുമരുന്ന് ഉപയോഗിക്കുന്നയാളെന്നു നാട്ടുകാരും പറയുന്നു. ചെട്ടികാട് ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ സെക്യൂരിറ്റി ഇല്ലാത്തതുമൂലം രോഗികളും കൂട്ടിരിപ്പുകാരും ഭീതിയോടെയാണ് കഴിയുന്നത്. ഫണ്ടില്ലെന്ന കാരണമാണ് ഇതിന് ആശുപത്രി അധികൃതര്‍ നല്‍കുന്ന മറുപടി. പ്രതിദിനം 4200 രൂപയോളം ആശുപത്രിയില്‍ ചെലവാകുന്നുണ്ട്. എന്നാല്‍ പ്രതിദിന വരുമാനം നാലായിരത്തില്‍ താഴെയാണെന്നാണ് എ.എം.ഒ ഡോ. സജിത്‌കുമാര്‍ പറയുന്നത്.
ആര്യാട് ബ്ലോക്ക്, മാരാരിക്കുളം തെക്കു പഞ്ചായത്തുകളുടെ ഫണ്ടില്‍നിന്നാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സെക്യൂരിറ്റി നിയമനത്തെക്കുറിച്ചു അടുത്ത പഞ്ചായത്ത് മീറ്റിംഗില്‍ അറിയിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഇവിടെ വനിതകളെ കിടത്തിയിരിക്കുന്ന വാര്‍ഡില്‍ തന്നെയാണ് അത്യാഹിതവിഭാഗവും പ്രവര്‍ത്തിക്കുന്നത്.
ഇതിനാല്‍ ഏതുസമയവും വാതില്‍ തുറന്നിടേണ്ട അവസ്‌ഥയാണ്. തീരദേശമേഖലയിലുള്ളവരും കയര്‍മേഖലയിലുള്ളവരും ഏറെ ആശ്രയിക്കുന്ന ആശുപത്രിയാണ് ഇത്. കലവൂര്‍ മുതല്‍ ആറാട്ടുവഴിവരെയുള്ളവര്‍ ഇവിടെ ചികിത്സയ്‌ക്കായി എത്തുന്നുണ്ട്. എത്രയും വേഗം ആശുപത്രിയില്‍ സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തണമെന്നാണു രോഗികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
from kerala news edited
via IFTTT