കൊച്ചി: പ്രേക്ഷകരുടെ എണ്ണം കുറഞ്ഞതുകൊണ്ട് താന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ 'കംപാര്‍ട്ട്‌മെന്റി'ന്റെ പ്രദര്‍ശനം താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് സലിംകുമാര്‍ അറിയിച്ചു. പ്രേക്ഷകര്‍ കാണാനാണ് സിനിമ ചെയ്തത്. സ്‌കൂള്‍ കുട്ടികള്‍ക്ക് പരീക്ഷക്കാലമായതുകൊണ്ട് സിനിമ കാണാന്‍ ആളുകള്‍ കുറവാണ്. ഇത് പരിഗണിച്ച് വിഷുവിന് ശേഷം വീണ്ടും ചിത്രം റിലീസ് ചെയ്യും. എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ തിയേറ്ററുകള്‍ പോലും ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് സലിംകുമാര്‍ പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ തിയേറ്ററുകളില്‍ രണ്ട് പ്രദര്‍ശനങ്ങളേ ചിത്രത്തിന് ലഭിച്ചുള്ളു. തന്റേതടക്കം ഒരു മലയാള ചിത്രത്തിനും സര്‍ക്കാര്‍ തിയേറ്ററുകള്‍ അവസരം നല്‍കുന്നില്ല. തിയേറ്ററുകള്‍ ലാഭം മാത്രം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ചിത്രങ്ങളെ റെഗുലര്‍ ഷോയില്‍ ഒതുക്കുകയാണ്. ചിത്രത്തിന് ക്ഷണിച്ച് കേരളത്തിലെ മുഴുവന്‍ സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് കത്തയച്ചു. രണ്ട് സ്‌കൂളുകളാണ് മറുപടി അയച്ചത്. ചിത്രം സമര്‍പ്പിച്ചത് ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായിരുന്നു. എന്നാല്‍ അവരില്‍ നിന്നും നല്ല പ്രതികരണമല്ല ലഭിച്ചത്. ചിത്രത്തിന് നികുതിയിളവിനായി സര്‍ക്കാറിനെ സമീപിക്കില്ലെന്നും സലിംകുമാര്‍ പറഞ്ഞു.
ഭിന്നശേഷിയുള്ള കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് കംപാര്‍ട്ട്‌മെന്റ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, വിതരണം, നിര്‍മാണം എന്നിങ്ങനെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം സലിംകുമാര്‍ തന്നെയാണ് നിര്‍വഹിച്ചത്.
from kerala news edited
via IFTTT