121

Powered By Blogger

Wednesday, 1 April 2015

ഉത്തരക്ക് ദേശീയപുരസ്‌കാരം; ഒരു വിയോജനക്കുറിപ്പ്?







ഭാരതത്തില്‍ ചലച്ചിത്രഗാനങ്ങള്‍ പല ഭാഷകളെയും സംസ്‌കാരങ്ങളെയും സംസ്ഥാനങ്ങളെയും കൂട്ടിയിണക്കുന്ന മഴവില്‍പ്പാലങ്ങളാണെന്ന് ആര്‍ക്കാണറിയാത്തത്? ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ മറ്റുഭാഷകളിലെ മികച്ചവയെ അന്വേഷിച്ചറിയാനുള്ള പ്രേരണയുമാവാറുണ്ട്. വിവിധ ഇടങ്ങളെ ഒന്നാക്കുമ്പോള്‍, മനസ്സുകൊണ്ട് കലാനുഭവത്തെ സ്വന്തമായിക്കരുതാന്‍ സാധാരണക്കാര്‍ക്കാവുന്നു. ജിക്കിമുതല്‍ ശ്രേയ ഘോഷാല്‍വരെ നമുക്കു സ്വന്തംതന്നെ. 'ഒരേകടലി'ലെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനു പുരസ്‌കാരംകിട്ടുന്ന ഗാനം ബോംബെ ജയശ്രീ പാടുമ്പോഴും മലയാളികളാസ്വദിക്കുന്നു; കാരണം അതൊരു മനോഹരഗാനമാണ്.


മലയാളിക്കു സന്തോഷമാണ് ഒരു മലയാളികലാകാരന്‍/കലാകാരി പുരസ്‌കാരംനേടുമ്പോള്‍. പക്ഷേ, ഔസേപ്പച്ചന്‍ മലയാളിയാണോ ഗായിക തമിഴത്തിയാണോ എന്നു നാം പരിഗണിക്കുന്നേയില്ല. അതായത് സംസ്ഥാനത്തിന്റെയോ ഭാഷയുടേയോ അതിര്‍വരമ്പുകളില്‍ നാം ആസ്വാദനശേഷിയെ തളച്ചിടാറില്ല. കൂടുതല്‍ പൂര്‍ണതയിലേക്ക് കല കുതിക്കുമ്പോഴാണ് നമുക്കു സുഖം; വ്യത്യസ്തത, ആഴം, പുതുമ, പാരമ്പര്യവഴികളെ സ്വീകരിക്കലും വിടലും എന്നിവയില്‍ തിളങ്ങുന്ന പ്രതിഭ ഇവ വേണം.




ഉത്തര ഉണ്ണികൃഷ്ണന്‍ എന്ന കൊച്ചുഗായികയ്ക്ക് ദേശീയപുരസ്‌കാരം! 'ശൈവം' എന്ന തമിഴ് ചിത്രത്തിലെ ആ ഗാനം കേട്ടാല്‍ അദ്ഭുതം സങ്കടമായിമാറും. ദേശീയതലത്തില്‍ ആലോചിക്കുമ്പോള്‍, സംസ്ഥാനതലത്തില്‍പ്പോലും കണക്കാക്കുമ്പോള്‍, അതിനു മികവില്ല. അപൂര്‍വവും അനന്യവുമായ ആലാപനവൈഭവമോ പ്രതിഭാസ്പര്‍ശമോയില്ല. നമുക്കു പ്രിയപ്പെട്ട ഒരു ഗായകന്റെ മകള്‍; ഒരു കൊച്ചുകുട്ടി... ആശംസകളും പ്രശംസകളും അനുഗ്രഹവും കൈമാറുന്നതിനപ്പുറം ഈ തിരഞ്ഞെടുപ്പിനെ അഭിനന്ദിക്കാന്‍വയ്യ.

സാധാരണക്കാര്‍ക്കുകൂടി സ്‌കൂള്‍നിലവാരമെന്നു തോന്നുന്ന ആ പാട്ടിന് എന്താണു മികവ്? അതു കഥാപാത്രത്തിനു പ്രത്യേക മിഴിവു കൊടുക്കുന്നുണ്ടോ? സംഗീതവിധികര്‍ത്താക്കള്‍ക്ക് അറിവും കേള്‍വിപരിചയവും വേണ്ടത്ര ഉണ്ടാവുമല്ലോ, എന്നിട്ട്? അല്ല, ഇത്തരമൊരുഗാനം ദേശീയപുരസ്‌കാരത്തിനു സമര്‍പ്പിക്കാന്‍ ആരാണു ധൈര്യപ്പെട്ടത്? ജി. ദേവരാജന്‍ പുരസ്‌കാരം തിരിച്ചുകൊടുത്തതും മറ്റുംമറ്റുമായ വിവാദങ്ങളോര്‍മയുണ്ട്. ഒരിക്കലും ഒരുപുരസ്‌കാരവും വിമര്‍ശനത്തിനപ്പുറമാവാറില്ല. എപ്പോഴും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. അതു വിധികര്‍ത്താക്കളുടെ അഭിരുചിവ്യത്യാസമെന്നേ പറയാന്‍പറ്റൂ.


എന്നാല്‍, ഇതു തീര്‍ത്തും അനുചിതമായ തീരുമാനവും ആപത്കരമായ കീഴ്‌വഴക്കവുമാണ്. നമ്മുടെ സംഗീതപാരമ്പര്യത്തിലെ പലപല വഴികള്‍ തുറക്കപ്പെടുകയും പുതുക്കപ്പെടുകയുമാണ് സിനിമാസംഗീതരംഗത്തു സംഭവിക്കേണ്ടത്. ആരൊക്കെ വിധികര്‍ത്താക്കള്‍? എങ്ങനെ മാര്‍ക്കിട്ടു? ഒരുപാടു സംശയങ്ങളും ആശങ്കകളും പൊന്തിവരുന്നു.


ഉണ്ണികൃഷ്ണനെങ്കിലും തന്റെ മകള്‍ പാടിയത് 2014ല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആലാപനമല്ല എന്നു പറയാന്‍കഴിയാത്തതെന്താണ്? ഏതുതരത്തില്‍ നോക്കിയാലും ഉത്തര ഉണ്ണികൃഷ്ണനാണ് 2014ലെ മികച്ച ഗായികയെന്നത് തീര്‍ത്തും അപലപനീയമായ തിരഞ്ഞെടുപ്പാണ്.


ഇന്ത്യന്‍ സിനിമാസംഗീതം, ഇന്ത്യയിലെ പലപല സംസ്ഥാനങ്ങള്‍ക്കു പൊതുവായുള്ള ആശയസംവാദഭൂമികയാണ്. സിനിമ, സാഹിത്യം, കല, കായികവിനോദങ്ങള്‍, രാഷ്ട്രീയം ഇങ്ങനെ ഇന്ത്യക്കാര്‍ക്കു പരസ്പരം പങ്കിടാവുന്ന ചില മേഖലകളുണ്ട്. ദക്ഷിണേന്ത്യയിലേക്കു പുരസ്‌കാരംവന്നത് സാംസ്‌കാരികമായ ഒരു നല്ല നടപടിയാണെന്നും പറയാം...


സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു സര്‍വപ്രിയരൂപകമാണ്. ഇന്ത്യയെ ആ ഒരു ബിന്ദുവില്‍ സമന്വയിക്കാന്‍പറ്റും. പക്ഷേ, മികച്ച ഗായികയായി ഈ കൊച്ചുകുട്ടിയെ തിരഞ്ഞെടുത്തപ്പോള്‍, സ്വന്തം കാതും കേള്‍വിശീലങ്ങളും ഇന്ത്യക്കാരുടെ സംഗീതാഭിരുചിയും ഒന്നും അവാര്‍ഡ് നിര്‍ണയസമിതിയെ സ്വാധീനിച്ചില്ല എന്നുപറയുന്നത്, ഏറെ വിനയത്തോടെ.


എന്തിന്? ആരുടെ പ്രേരണയാല്‍? ടി.എന്‍. കൃഷ്ണന്‍, യു. ശ്രീനിവാസ് തുടങ്ങിയ ബാലപ്രതിഭകളുടെ ആലാപനമാണോ നാം ഇതിലൂടെ കേള്‍ക്കുന്നത്?


പ്രധാനമായും ഈ കുറിപ്പെഴുതിയത് ഒരു സംവാദത്തിനു വഴിതുറക്കാനാണ്. എന്തിനാണീ അപക്വമായ തീരുമാനമെടുത്തത്? ജനങ്ങള്‍ക്കു കാതുകളില്ല എന്നാവുമോ?

പാട്ടുവീട്ടിലെ കുഞ്ഞുതാരം

രാജ്യത്തെ മികച്ച ഗായിക ഈ അഞ്ചാം ക്ലാസ്സുകാരി




നിങ്ങള്‍ക്കും പ്രതികരിക്കാം









from kerala news edited

via IFTTT