Story Dated: Thursday, April 2, 2015 01:10
പാലക്കാട്: വാളയാറിലെ ഗതാഗതകുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ലോറി ഉടമകളുടെ സംഘടനയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ (എ.ഐ.എം.ടി.സി) നേതൃത്വത്തില്‍ അനിശ്‌ചിതകാല സമരം തുടങ്ങി. പാലക്കാട് ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്‌റ്റുകള്‍ വഴിയുള്ള ചരക്കുനീക്കമാണ് നിര്‍ത്തിവെച്ചിട്ടുള്ളത്. അതേസമയം ലോറി സമരം തീര്‍ക്കാന്‍ ലോറി ഉടമകളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് നടക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ധനമന്ത്രി ഇല്ലാത്തതാണ് ചര്‍ച്ച മാറ്റാന്‍ ഇടയായതെന്ന് പറയുന്നു.
വാളയാര്‍ ചെക്‌പോസ്‌റ്റില്‍ ബുധനാഴ്‌ച വൈകീട്ട് ഏഴുമണിവരെ 600 ഓളം വാഹനങ്ങള്‍ കടന്നുപോയതായി ചെക്‌പോസ്‌റ്റ് അധികൃതര്‍ അറിയിച്ചു. സാധാരണ ഇതിലും എത്രയോ ഇരട്ടി വാഹനങ്ങള്‍ ഈ സമയത്തിനുള്ളില്‍ ചെക്‌പോസ്‌റ്റിലൂടെ കടന്നുപോകാറുണ്ട്. ബുധനാഴ്‌ച ചരക്കു വാഹനങ്ങളുടെ വരവ് പകുതിയിലധികം കുറഞ്ഞതായി കേരള-തമിഴ്‌നാട് ലോറി ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം. നന്ദകുമാര്‍ പറഞ്ഞു.
48 ചരക്ക് വാഹനങ്ങള്‍ മാത്രമാണ് ബുധനാഴ്‌ച അതിര്‍ത്തികടന്ന് എത്തിയതെന്നും നന്ദകുമാര്‍ പറഞ്ഞു. ചെക്‌പോസ്‌റ്റുകളില്‍ ചരക്കു ലോറികള്‍ തടയില്ലെന്ന് ലോറി ഉടമകള്‍ വ്യക്‌തമാക്കിയിട്ടുണ്ട്. സമരം നീണ്ടുപോയാല്‍ ചരക്കു നീക്കം പൂര്‍ണമായും നിലയ്‌ക്കും. ഇത് കേരളത്തില്‍ പച്ചക്കറിയുള്‍പ്പെടെയുള്ളവയുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും.
from kerala news edited
via IFTTT