ഈസ്റ്റര്‍-വിഷു അവധിക്ക് നാടെത്താന്‍ മൈസൂരു മലയാളിയും പാച്ചിലില്‍
Posted on: 02 Apr 2015
ബസ്സുകളില്‍ ടിക്കറ്റില്ല
മൈസൂരു:
ഈസ്റ്റര്‍-വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നാട്ടിലെത്താന്‍ മൈസൂരുവിലെ മലയാളികളും നെട്ടോട്ടത്തില്‍. ഈസ്റ്ററിനോടനുബന്ധിച്ച് കേരള, കര്‍ണാടക ബസ്സുകളില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യപ്പെട്ടതിനാല്‍ പലരും നാട്ടിലെത്താന്‍ മറ്റുവഴികള്‍ തേടിത്തുടങ്ങി. ഇത് മുതലാക്കി മൈസൂരുവില്‍നിന്നും മലബാര്‍ ഭാഗത്തേക്കുപോകുന്ന സ്വകാര്യ ബസ്സുകള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിട്ടുമുണ്ട്. മറ്റ് വഴികളില്ലാത്തതിനാല്‍ ഈ ബസ്സുകളില്‍ ഉയര്‍ന്ന നിരക്കുനല്‍കി പോകേണ്ട ഗതികേടിലാണ് മലയാളികള്‍. തിരക്കുമൂലം പലരും ഇത്തവണത്തെ നാട്ടിലേക്കുള്ള യാത്ര സ്വന്തം വാഹനങ്ങളിലുമാക്കിയിട്ടുണ്ട്. കര്‍ണാടക ആര്‍.ടി.സി. രണ്ട് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും കേരള ആര്‍.ടി.സി. പ്രത്യേക സര്‍വീസുകളൊന്നും നടത്തുന്നില്ല. വിഷു അവധിയോടനുബന്ധിച്ചുള്ള ദിവസങ്ങളിലെയും ടിക്കറ്റുകളില്‍ മുക്കാല്‍ ഭാഗവും ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞു.
വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടക്കം ഒരു ലക്ഷത്തിലേറെ മലയാളികളാണ് മൈസൂരുവിലുള്ളത്. ഈസ്റ്റര്‍-വിഷു അവധിക്ക് ഭൂരിഭാഗം പേരും നാട്ടിലെത്താനുള്ള ശ്രമത്തിലാണ്. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇതില്‍ ഏറെയും. വിശുദ്ധ വാരത്തോടനുബന്ധിച്ച ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മൈസൂരുവില്‍നിന്നുള്ള എല്ലാ ബസ്സുകളുടെയും ടിക്കറ്റുകള്‍ ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞു. ബുധനാഴ്ച ബസ്സുകളില്‍ സൂചികുത്താന്‍ കഴിയാത്തത്ര തിരക്കായിരുന്നു. പലരും മണിക്കൂറുകളോളം ബസ്സില്‍ നിന്നാണ് നാട്ടിലെത്തിയത്. ഇതുകൂടാതെ തൊട്ടടുത്ത ജില്ലകളായ മണ്ഡ്യ, ഹാസന്‍, ചാമരാജനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ കൂടി തിരക്കായതോടെ മൈസൂരു ബസ് സ്റ്റാന്‍ഡ് മലയാളികളെക്കൊണ്ടു നിറഞ്ഞ അവസ്ഥയിലാണ് . ബെംഗളൂരുവില്‍ നിന്നുള്ള ബസ്സുകള്‍ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും ആ ബസ്സുകളിലെയും ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്കുചെയ്യപ്പെട്ടത് മലയാളികളെ നിരാശരാക്കിയിട്ടുണ്ട്.
ഈസ്റ്റര്‍ അവധിക്കുശേഷം തിരികെ മൈസൂരുവിലേക്കുവരാന്‍ കാത്തിരിക്കുന്നവരും ഇപ്പോള്‍ ആശങ്കയിലാണ്. രാത്രി ബസ്സുകളിലെ ടിക്കറ്റുകളില്‍ ഭൂരിഭാഗവും ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞതാണ് ഇതിനുകാരണം. കര്‍ണാടകം എറണാകുളത്തു നിന്നും, കോഴിക്കോട് നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇരട്ടിത്തുക നല്‍കേണ്ട സാഹചര്യമാണുള്ളത്. അതിനാല്‍ തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിലെങ്കിലും കേരളം പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
from kerala news edited
via IFTTT