Story Dated: Thursday, April 2, 2015 01:10
പാലക്കാട്: വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ഇലക്‌ട്രിക് എന്‍ജിന്‍ ഓടിക്കാന്‍ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ അനുമതി നല്‍കി. കോഴിക്കോട് വരെ വൈദ്യൂതീകരണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കോഴിക്കോട് സ്‌റ്റേഷനിലേക്ക് ഇലക്‌ട്രിക് എന്‍ജിന്‍ പോകുന്നത് വിലക്കിയിട്ടുണ്ട്.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ വടക്കേ അറ്റത്തെ മേല്‍പാലത്തിന്റെ ഉയരക്കുറവ് സുരക്ഷാ കമ്മിഷണറുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്കു വിധേയമായേ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വരെ ഇലക്‌ട്രിക്ക് എന്‍ജിന്‍ ഉപയോഗിക്കാനാകൂ. നിലവില്‍ ഇതിനുള്ള അനുമതി തേടി റെയില്‍വേ ബോര്‍ഡിനെ സമീപിച്ചതായി ഡിവിഷണല്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ 25,000 വോള്‍ട്ടാണ് പ്രവഹിപ്പിക്കുക. അപകടസാധ്യത കണക്കിലെടുത്ത് മേഖലയിലെ പൊതുജനങ്ങളും ട്രെയിന്‍ യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് റെയില്‍വേ അറിയിച്ചു. നിര്‍ത്തിയിട്ടതോ ഓടുന്നതോ ആയ ട്രെയിനിനു മുകളില്‍ കയറരുത്. മേല്‍പാലങ്ങളില്‍ നിന്ന് ഇലക്‌ട്രിക് കേബിളുകളിലേക്ക് യാതൊന്നും വലിച്ചെറിയരുത്. ലെവല്‍ക്രോസിംഗുകളില്‍ റെയില്‍വേ നിശ്‌ചയിച്ചിട്ടുള്ള ഉയരത്തിലും കൂടുതല്‍ ചരക്കുമായി വാഹനങ്ങള്‍ കടന്നുപോകരുത്.
ആന, പശു എന്നിവയുമായി പോകുന്ന വാഹനങ്ങളും ജെസിബി പോലുള്ളവയും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും റെയില്‍വേ അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മേഖലയിലെ മുഴുവന്‍ റെയില്‍വേ സ്‌റ്റേഷനുകളിലും മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും റെയില്‍വേ പി.ആര്‍.ഒ പറഞ്ഞു.
from kerala news edited
via IFTTT