Story Dated: Thursday, April 2, 2015 07:00
തൃശൂര്‍: നെഞ്ചുവേദന മൂലം അതീവഗുരുതരാവസ്‌ഥയിലായ രോഗിയെ ബൈക്കിന് നടവിലിരുത്തി ആശുപത്രിയില്‍ എത്തിച്ച പോലീസുകാര്‍ ജനസേവനത്തിന്റെ വ്യത്യസ്തമായ മുഖമായി മാറി. പട്ടിക്കാട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതക്കുരുക്ക് നിയന്തിക്കാനെത്തിയ സീനിയര്‍ സി.പി.ഒ. കെ.പി.ഷിബു, സി.പി.ഒ. എ.രതീഷ് എന്നീ പോലീസുകാര്‍ വയോധികന്റെ ജീവന്‍ രക്ഷിച്ചു മാതൃകയായത്.
നെഞ്ചുവേദന മൂലം അതീവഗുരുതരാവസ്‌ഥയില്‍ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്ന കിഴക്കഞ്ചേരി ഏറാട്ട് വീട്ടില്‍ ശിവരാമ(64) നാണ് ഇവര്‍ കാരുണ്യത്തിന്റെ തണലായത്. ഇന്നലെ രാവിലെ ആറരയ്‌ക്കാണ് ഇരുവരും ഹൈവേ ത്രൂ സ്‌പൈഡര്‍ പട്രോളിംഗ് ഡ്യൂട്ടിക്കായി പട്ടിക്കാട് എത്തിയത്. വാണിയമ്പാറ ഭാഗത്തായിരുന്നു ഡ്യൂട്ടി. രാവിലെ ഏഴുമണിയോടെ ഗതാഗതക്കുരുക്ക് മേഖലയില്‍ രൂക്ഷമായിരുന്നു.
ഇതിനിടെ ഹെഡ്‌ലൈറ്റിട്ടുവന്നിരുന്ന ഓട്ടോയിലായിരുന്നു ശിവരാമനെ കൊണ്ടുവന്നത്. മകളും ചെറുമകളും കൂടെയുണ്ടായിരുന്നു. ദേഹമാസകലം വിയര്‍ത്തൊഴുകി തളര്‍ന്ന ശിവരാമനെ രക്ഷിക്കാന്‍ നാട്ടുകാരും യാത്രക്കാരും അഭ്യര്‍ഥിക്കുകയായിരുന്നു. ശിവരാമനേയുംകൊണ്ടുവന്ന ഓട്ടോറിക്ഷ ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍പെട്ടതുമൂലം ആശുപത്രിയിലേക്കു പോകാന്‍ കഴിയാതെ വഴിയില്‍ അകപ്പെട്ട നിലയിലായിരുന്നു.
സമയോചിതമായി ചിന്തിച്ച ഇരുവരും ഗുരുതരാവസ്‌ഥയിലുള്ള ശിവരാമനെ ബുള്ളറ്റിന്റെ നടുവിലിരുത്തി സാഹസികമായി ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. രതീഷാണ് ബൈക്ക് ഓടിച്ചത്. ശിവരാമനെ പിടിച്ചുകൊണ്ട് ഷിബു പുറകില്‍ ഇരുന്നു. മേലുദ്യോഗസ്‌ഥരെ ഇക്കാര്യം ധരിപ്പിച്ചു. ആശുപത്രിയിലെത്തിച്ച ശിവരാമനെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സയും ലഭ്യമാക്കി. സമയോചിത ഇടപെടലാണ് നടത്തിയതെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. അഭിനന്ദനം ഏറ്റുവാങ്ങി വീണ്ടും പട്ടിക്കാട് ദേശീയപാതയിലേക്ക് മടങ്ങി.
from kerala news edited
via IFTTT