121

Powered By Blogger

Wednesday, 1 April 2015

യെമനില്‍ 62 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന്‌ യുഎന്‍; ഊരുപേടിയുമായി 350 ഇന്ത്യാക്കാര്‍ നാട്ടിലെത്തി









Story Dated: Thursday, April 2, 2015 06:18



mangalam malayalam online newspaper

സന/ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധത്തില്‍ നടുങ്ങി വിറയ്‌ക്കുന്ന യെമനില്‍ നിന്നു രക്ഷപ്പെടുത്തി ജിബൂട്ടിയിലെത്തിച്ച 350 ഇന്ത്യക്കാരെ വ്യോമസേനയുടെ രണ്ടു വിമാനങ്ങളില്‍ നാട്ടിലെത്തിച്ചു. സൗദിസേനയും ഹൂദികളും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കെ 166 പേരുമായി ഇന്നലെ രാത്രിയില്‍ വിമാനങ്ങളിലൊന്ന്‌ കേരളത്തിലെത്തി. മറ്റൊന്നു മുംബൈയിലിറങ്ങി. മടങ്ങിയെത്തിയവരില്‍ 206 പേര്‍ മലയാളികളാണ്‌. 40 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും 31 പേര്‍ മഹാരാഷ്‌ട്രക്കാരും 23 പേര്‍ പശ്‌ചിമ ബംഗാള്‍ സ്വദേശികളുമാണ്‌. ഡല്‍ഹിയില്‍നിന്നുള്ള 22 പേരും ഇക്കൂട്ടത്തിലുണ്ട്‌.


യെമനിലെ ഏഡനില്‍നിന്നു കപ്പല്‍ മാര്‍ഗം ജിബൂട്ടിയിലെത്തിച്ചാണ്‌ ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത്‌. സൗദിയുടെ നേതൃത്വത്തില്‍ ഹൂദി വിമതര്‍ക്കെതിരേ രൂക്ഷമായ ആക്രമണം ആരംഭിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടതോടെയാണു മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങിയത്‌. വൈകിയാണെങ്കിലും ഏഡന്‍ തുറമുഖത്ത്‌ പ്രവേശിക്കാന്‍ ഇന്ത്യന്‍ കപ്പലായ ഐ.എന്‍.എസ്‌. സുമിത്രയ്‌ക്ക്‌ അനുമതി ലഭിച്ചതാണ്‌ ഇന്ത്യക്കാര്‍ക്കു രക്ഷാമാര്‍ഗമൊരുക്കിയത്‌. കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ മാര്‍ച്ച്‌ പതിനൊന്നു മുതല്‍ ഐ.എന്‍.എസ്‌. സുമിത്ര ഏഡന്‍ ഉള്‍ക്കടലിലുണ്ട്‌.


മാര്‍ച്ച്‌ മുപ്പതിനു ഏഡന്‍ തുറമുഖത്തിന്‌ അടുത്തെത്തിയ കപ്പല്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ തുറമുഖത്ത്‌ അടുത്തത്‌. പോരാട്ടം തുടരുന്നതിനാല്‍ പ്രവേശനാനുമതി വൈകുകയായിരുന്നു. ഏഡനില്‍നിന്ന്‌ ഒഴിപ്പിച്ച 350 ഇന്ത്യക്കാര്‍ക്കു പുറമെ ബാക്കിയുള്ളവരെയും ഒഴിപ്പിക്കാന്‍ കപ്പല്‍ വീണ്ടും പുറപ്പെടുമെന്ന്‌ അധികൃതര്‍ പറഞ്ഞു. ജിബൂട്ടിയിലുള്ള ആഭ്യന്തര സഹമന്ത്രി ജനറല്‍. വി.കെ. സിങ്‌ നേരിട്ടാണ്‌ കപ്പല്‍വിമാനമാര്‍ഗമുള്ള രക്ഷാനടപടികള്‍ ഏകോപിപ്പിക്കുന്നത്‌. ഓപ്പറേഷന്‍ രാഹത്ത്‌ എന്ന പേരിലുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ഐ.എന്‍.എസ്‌ മുംബൈ, ഐ.എന്‍.എസ്‌. തര്‍ക്കാഷ്‌ എന്നീ രണ്ടു കപ്പലുകള്‍ മാര്‍ച്ച്‌ 30 പുറപ്പെട്ടിട്ടുണ്ട്‌.


ഇതിനൊപ്പം രണ്ടു യാത്രാ കപ്പലുകളും ജിബൂട്ടിയിലേക്കു പുറപ്പെട്ടിട്ടുണ്ട്‌. സോമാലിയന്‍ തീരത്തുകൂടിയാണ്‌ ഈ കപ്പലുകളുടെ യാത്ര. ആവശ്യമെങ്കില്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍കൂടി ഒഴിപ്പിക്കലിനു വിട്ടുകൊടുക്കും. നാലായിരത്തോളം ഇന്ത്യക്കാരാണു യെമനിലുള്ളത്‌. കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യെമനിലെ ഹൂദി വിമതര്‍ക്കെതിരേ നടത്തിയ വ്യോമാക്രമണത്തില്‍ 37 ഫാക്‌ടറി ജീവനക്കാര്‍ കൊല്ലപ്പെട്ടു.


ഹൊദൈദയിലെ റെഡ്‌ സീപോര്‍ട്ടിലെ ക്ഷീരോല്‍പ്പന്ന ഫാക്‌ടറിയിലാണ്‌ ആക്രമണം ഉണ്ടായത്‌. യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണം തുടങ്ങിയശേഷം സാധാരണക്കാരായ പൗരന്‍മാര്‍ ഇത്രയേറെ കൊല്ലപ്പെടുന്നത്‌ ഇതാദ്യമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പറയുന്നു. ആക്രമണത്തില്‍ എണ്ണ സൂക്ഷിപ്പുശാലയും കത്തിനശിച്ചു. ഏഡനില്‍ ബോംബ്‌ വര്‍ഷിക്കുന്നതിന്റേയും വെടിവയ്‌പിന്റേയും ശബ്‌ദം രാത്രിയുടനീളം കേള്‍ക്കാമായിരുന്നെന്ന്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹജ്‌ജയിലിലെ മൈദി തുറമുഖത്തെ തീരപ്രതിരോധ സ്‌റ്റേഷനിലുണ്ടായ ആക്രമണത്തില്‍ ആറ്‌ സൈനികര്‍ കൊല്ലപ്പെട്ടു. സനയിലുള്ള ആര്‍മി ക്യാമ്പിനുനേരേയും ആക്രമണമുണ്ടായി.


അതിനിടയില്‍ യെമനില്‍ മരിച്ചതില്‍ കൂടുതലും കുട്ടികളാണെന്ന്‌ വിവരമുണ്ട്‌. 62 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 32 കുട്ടികള്‍ക്ക്‌ മാരകമായി പരിക്കേറ്റെന്നും ഐക്യരാഷ്‌ട്ര സഭ പറയുന്നു. അനേകം പേര്‍ പലായനം ചെയ്യുകയാണ്‌. ശക്‌തമായ വ്യോമാക്രമണമാണ്‌ ഹൂദികള്‍ക്കെതിരേ നടക്കുന്നത്‌. ആക്രമണത്തിനായി കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ഇറക്കാനുള്ള നീക്കത്തിലാണ്‌ സൗദി.


അതിനിടയില്‍ യെമനിലെ സ്‌ഥിതിഗതി കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ നേരിട്ട്‌ ഇടപെട്ടു നടപടി സ്വീകരിക്കണമെന്നു പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തിന്റെ പകര്‍പ്പു നല്‍കി. അവിടെ സ്‌ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ സമയബന്ധിതമായ നടപടികളിലൂടെ ഇന്ത്യക്കാരെ യെമനില്‍നിന്ന്‌ ഒഴിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


യെമനില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ ആശങ്കാജനകമായ നിരവധി ഫോണ്‍കോളുകള്‍ ലഭിക്കുന്നുണ്ട്‌. ജീവന്‍ അപകടത്തിലാണെന്ന്‌ അവര്‍ കരഞ്ഞുകൊണ്ടാണു പറയുന്നത്‌. ഈ സാഹചര്യത്തില്‍ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ടു സനയിലും യെമനിലെ മറ്റു വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. കൂടുതല്‍ വിമാനങ്ങളും നാവികസേനയുടേത്‌ ഉള്‍പ്പെടെയുള്ള കപ്പലുകളും അയയ്‌ക്കണം.


യെമനില്‍നിന്നു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ എക്‌സിറ്റ്‌ പാസും മറ്റ്‌ അനുമതികളും നല്‍കണം. ഇതിനു ഫീസ്‌ ഈടാക്കരുത്‌, സനയിലെ മിലിട്ടറി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജീവനക്കാരെ വിട്ടയയ്‌ക്കുന്നില്ല. അവരുടെ പാസ്‌പോര്‍ട്ട്‌ തടഞ്ഞുവയ്‌ക്കുകയും നഷ്‌ടപരിഹാരത്തുക ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട്‌ ജീവനക്കാര്‍ക്കു തിരികെവരാനുള്ള അവസരം ഉണ്ടാക്കണം. നഷ്‌ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കരുത്‌.


യെമനിലെ നഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയതിനാല്‍ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തില്‍ കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.










from kerala news edited

via IFTTT