തൊഴില്‍നിയമ ലംഘനം: 479 കമ്പനികള്‍ക്ക് നോട്ടീസ്
Posted on: 02 Apr 2015
അബുദാബി: തൊഴില്‍നിയമങ്ങള്‍ ലംഘിച്ചതിന് 479 കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം നോട്ടീസ് നല്‍കി. നിരവധിതവണ താക്കീത് നല്‍കിയിട്ടും നിയമലംഘനം ആവര്‍ത്തിച്ച കമ്പനികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം ആസ്ഥാനകേന്ദ്രത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ പരിശോധനാവകുപ്പ് ഉപ അണ്ടര്‍ സെക്രട്ടറി മഹര്‍ അല്‍ ഒബേദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വകാര്യ കമ്പനികളില്‍ നടത്തിയ നിരവധി പരിശോധനകള്‍ക്ക് ശേഷം തൊഴില്‍ നിയമ പാലനത്തെപ്പറ്റിയും തൊഴിലാളികളുടെ താമസ വേതന നിയമങ്ങളെക്കുറിച്ചുമെല്ലാം നല്‍കുന്ന നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാത്തവയാണ് മിക്ക കമ്പനികളും. തൊഴില്‍ മേഖലയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് മന്ത്രാലയം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒബേദ് വ്യക്തമാക്കി.
479 കമ്പനികളില്‍ 107 കമ്പനികളും രണ്ട് മാസത്തില്‍ കൂടുതല്‍ തൊഴിലാളികളുടെ ശമ്പളം നല്‍കാത്ത കാരണത്താല്‍ നോട്ടീസ് ലഭിച്ചവയാണ്. തൊഴിലാളികളുടെ ലേബര്‍കാര്‍ഡുകള്‍ റദ്ദാക്കാതെതന്നെ കമ്പനിയുടെ ട്രേഡ് ലൈസന്‍സുകള്‍ റദ്ദ് ചെയ്യുക, വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ചമയ്ക്കുക, ഉടമ്പടികളില്‍ കൃത്രിമത്വം കാണിക്കുക തുടങ്ങിയവയാണ് ഇതില്‍ 167 കമ്പനികള്‍ചെയ്ത കുറ്റങ്ങള്‍. മറ്റ് കമ്പനികള്‍ക്കുവേണ്ടി ഉടമ്പടികള്‍ ഇല്ലാതെ തൊഴില്‍ സഹായങ്ങള്‍ നല്‍കിയതിനാണ് 62 കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. 115-ഓളം കമ്പനികള്‍ യു.എ.ഇ. ബ്ലാക്ക് ലിസ്റ്റ് ചെയ്ത ആളുകള്‍ക്ക് തൊഴില്‍ നല്‍കിയവയാണ്. 11 കമ്പനികള്‍ തെറ്റായ രേഖകളാണ് തൊഴില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചത്. 17 കമ്പനികള്‍ ധനവിനിമയത്തിലെ സുതാര്യതക്കുറവുകൊണ്ടും ലേബര്‍ ശിക്ഷകള്‍ക്ക് അര്‍ഹത നേടി.
ലേബര്‍ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള പരിശോധനകളില്‍ അനാരോഗ്യപരമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടവയ്‌ക്കെല്ലാം തിരുത്തല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ മന്ത്രാലയം ഏറെ നിഷ്‌കര്‍ഷത പുലര്‍ത്തുന്നുണ്ട്. വര്‍ക്ക് സൈറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളില്‍ ഒട്ടുമിക്ക കമ്പനികളും തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുംവിധം എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നതായി വെളിപ്പെട്ടിട്ടുണ്ട്. തൊഴില്‍ മേഖലകളില്‍നിന്ന് അപകടങ്ങള്‍ പറ്റിയ ജീവനക്കാരുടെ കാര്യങ്ങളും മന്ത്രാലയത്തിന്റെ പരിഗണനകളിലുണ്ട്.
42,930 അധികം ഫീല്‍ഡ് വിസിറ്റുകള്‍ മന്ത്രാലയത്തിന്റെ മൊബൈല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം നടത്തിയിട്ടുണ്ട്. മൂന്നുലക്ഷത്തോളം തൊഴിലാളികള്‍ക്കും 1350-ഓളം തൊഴില്‍ ദാതാക്കള്‍ക്കും ഇക്കാലയളവില്‍ ലേബര്‍ നിയമങ്ങളെപ്പറ്റി ബോധവത്കരണം നല്‍കിയിട്ടുണ്ട്. 400-ഓളം പ്രത്യേക പ്രവര്‍ത്തനങ്ങളും ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്നു.
from kerala news edited
via IFTTT