Story Dated: Wednesday, April 1, 2015 02:14
ബാലരാമപുരം: ഗ്രാമപഞ്ചായത്തിലെ ജംഗ്‌ഷനിലുളള ചന്തയിലെ അമിതമായ കരം പിരിവിനെതിരെ ഇന്നലെ വൈകുന്നേരം മാര്‍ക്കറ്റിനു മുന്നില്‍ ബാലരാമപുരം പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്‌മ അഡ്വ.എസ്.ആര്‍. തങ്കരാജ് ഉദ്‌ഘാടനംചെയ്‌തു. മാര്‍ക്കറ്റിലെ അമിതമായ കരം പിരിവിനെതിരെ മത്സ്യക്കച്ചവടക്കാര്‍ മുതലുള്ള എല്ലാ കച്ചവടക്കാര്‍ക്കും നിരവധി പരാതികളാണുള്ളത്. പഞ്ചായത്തു നിയമത്തിനു വിരുദ്ധമായി ഒരു ചരുവം മത്സ്യത്തിന് 50 രൂപ പിരിക്കേണ്ടിടത്ത് 300 രൂപയാണ് പിരിക്കുന്നത്.
ഇതുപോലെ തന്നെ മറ്റെല്ലാ കച്ചവടക്കാരില്‍ നിന്നും പിരിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് ചന്തയിലെ മത്സ്യക്കച്ചവടക്കാര്‍ മാര്‍ച്ച് 12ന് നടന്ന ചന്ത ലേല സമയം പ്രതിഷേധവുമായി പഞ്ചായത്താഫീസില്‍ എത്തിയിരുന്നു. തുടര്‍ന്ന് ബോര്‍ഡില്‍ കാണുന്ന പൈസകൊടുത്താല്‍ മതിയെന്നും രസീതു വാങ്ങിയശേഷം പൈസകൊടുത്താല്‍ മതിയെന്നുമുളള ഉറപ്പിന്‍മേല്‍ കച്ചവടക്കാര്‍ മടങ്ങിപ്പോയി. എന്നാല്‍ ലേലം മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയ തുകയ്‌ക്കാണ് സ്‌ഥിരപ്പെടുത്തിയത്.
ഇതിനെതിരെയാണ് ബാലരാമപുരം പൗരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. ചന്തയിലെ അമിത പിരിവിനും അഴിമതിക്കുമെതിരെ പഞ്ചായത്തിനെ എതിര്‍കക്ഷിയാക്കി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്‌തതായി പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു. പഞ്ചായത്ത് നേരിട്ട് കരംപിരിക്കണമെന്നാണ് പൊതുവേ ആവശ്യമുയര്‍ന്നിരിക്കുന്നത്. പ്രതിഷേധ കൂട്ടായ്‌മയില്‍ എം.എച്ച്. സലിം അദ്ധ്യക്ഷത വഹിച്ചു. ബാലരാമപുരം നിന്താര്‍, വെങ്ങാനൂര്‍ ഗോപകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
from kerala news edited
via IFTTT







