121

Powered By Blogger

Wednesday, 1 April 2015

കോഴിക്കോടിന്റെ എരൂം പുളീം















എരൂം പുളീം എന്ന ഗാനത്തിന്റെ അണിയറപ്രവര്‍ത്തകരായ (ഇടതു നിന്നും) അമൃത് രാജേഷ്, വസീം ജാഫര്‍, മുരളീ കൃഷ്ണന്‍, യദുകൃഷ്ണ രാജ

രുചിയൂറുന്ന ഭക്ഷണം തെരഞ്ഞു പിടിച്ചു കഴിക്കുന്ന സ്ഥിരം കോഴിക്കോടന്‍ സ്വഭാവങ്ങളുളള ഒരു സംഘമാണ് അവര്‍. ഇങ്ങനെ കൊതിപ്പിക്കുന്ന ഭക്ഷണം തീന്‍മേശയിലേക്ക് എത്തിയപ്പോള്‍ അവര്‍ ഒരിക്കല്‍ ചിന്തിച്ചു എന്തു കൊണ്ട് ഇതിനെക്കുറിച്ചു നാട്ടുകാര്‍ക്കായി ഒരു ഹ്രസ്വ ചിത്രമൊരുക്കികൂടാ? അങ്ങനെ പിറന്നതാണ് ഷുഗര്‍ ആന്‍ഡ് സ്‌പൈസ് എന്ന കൊച്ചു സിനിമ. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ഇതിലെ പാട്ടായ എരൂം പുളീം യുട്യൂബില്‍ ഹിറ്റായി. വായില്‍ കപ്പലോടിക്കാനുളള വെളളം നിറയ്ക്കാന്‍ ഈ പാട്ടു തന്നെ ധാരാളം.


പ്രവാസികള്‍ക്കടക്കം കോഴിക്കോടന്‍ ഭക്ഷണം ഒരു ഗൃഹാതുരതയാണ്. പാട്ടു പുറത്തിറങ്ങിയിട്ടു രണ്ടു ദിവസമായേയുളളൂവെങ്കിലും വളരെ നല്ല അഭിപ്രായമാണ് മറുനാടന്‍ മലബാറികളടക്കം പറയുന്നത്- സിനിമയുടെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച അമൃത് രാജേഷ് പറയുന്നു.


മാര്‍ച്ച് അവസാനം പുറത്തിറങ്ങിയ ഈ വീഡിയോ ദിനം പ്രതി മൂവായിരം പേരാണ് ഡൗണ്‍ലോഡു ചെയ്യുന്നത്. പൊരിച്ച ഐസ്‌ക്രീമും പായസവും സുലൈമാനിയും പഴംപൊരിയും പത്തിരിയും ഓട്ടടയും കല്ലുമ്മക്കായയും ഉപ്പിലിട്ട നെല്ലിക്കയും സര്‍ബത്തും അപ്പവും മീന്‍കറിയും ബിരിയാണിയും ഉന്നക്കായയും ഹല്‍വയും തുടങ്ങി നാട്ടിലെ ഒട്ടുമിക്ക ഭക്ഷണവും ഇതിലെ കഥാപാത്രങ്ങളായി വരുന്നു. ഇടയ്ക്കു നഗരത്തിന്റെ ആകാശചിത്രങ്ങളും പാട്ടിനു മേമ്പൊടിയായെത്തുന്നു. മാനാഞ്ചിറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, കോഴിക്കോട് ബീച്ച്. മിഠായിത്തെരുവ് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചായിരുന്നു ചിത്രീകരണം.





മലബാറിന്റെ താളത്തില്‍ കോഴിക്കോടന്‍ ഭാഷയില്‍ ചിട്ടപ്പെടുത്തിയതാണ് ഇതിലെ ഓരോ വാക്കും.

പാലല പരപ്പിലു പാലടപ്രഥമന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്, നാടിന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്


തേനിമ്പമൊഴുകും പൂമ്പഴ നുറുക്കും

പാലല പരപ്പിലു പാലടപ്രഥമന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്, നാടിന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്


കുന്നോളം നിറപറ ചോറ് റങ്കോടെ വിളമ്പണ നാട്

കായനുറുക്കി വറത്തതുമുണ്ട്

പുത്തരി കുത്തിയ പത്തിരിയുണ്ട്

ചക്കരകൂട്ടിയൊരോട്ടടയുണ്ട് കൊതി പറക്കുന്നേ


ചേലോടെ, പൂഞ്ചേലോടെ, മനമൂറുന്നേ മധുവൂറുന്നേ

വട്ടനുറുക്കും കായവറുത്തതും

കുമ്പിളുകുത്തിയൊരപ്പവുമുണ്ട്

തിന്നു മടുക്കാനൊക്കില്ലല്ലീ നാടിന്‍ സ്വാദ്


മൊഹബത്തു തുടിക്കണ, മൊഞ്ചുളള വിഭവങ്ങള്‍

നാട്ടകമൊരുക്കണ കോഴിക്കോട് നാവിലു

പൂങ്കപ്പലിറക്കണ കോഴിക്കോട്


ദീപക് റാം എഴുതിയ വരികള്‍ക്ക് വസീം അഷ്‌റഫും മുരളീകൃഷ്ണനും സംഗീതം നല്‍കി. ആതിര കൃഷ്ണനും ഹാരിസ് സലീമുമാണ് ഗായകര്‍. ബ്ലൂ വാട്ടറാണ് നിര്‍മ്മാണം. സിനിമയ്ക്കു തിരക്കഥയെഴുതിയത് യദൂകൃഷ്ണ രാജയാണ്.











from kerala news edited

via IFTTT