Story Dated: Saturday, December 13, 2014 06:32
വര്‍ക്കല: പ്ലസ് ടു വിദ്യാര്‍ഥിയെ സ്‌കൂള്‍ കമാനത്തിന് മുന്നില്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടുന്നതില്‍ അലംഭാവം കാണിക്കുന്ന പോലീസ്, കുറ്റകരമായ അനാസ്‌ഥ തുടരുകയാണെന്ന് രക്ഷാകര്‍ത്താക്കള്‍ ആവലാതിപ്പെട്ടു. ഇടവ- കാപ്പില്‍-ജോയി ഹൗസില്‍ ബ്രോണ്‍സ്‌കി (17) എന്ന പ്ലസ് ടു വിദ്യാര്‍ഥിയാണ് എട്ടംഗ സംഘത്തിന്റെ മൃഗീയ ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ നവംബര്‍ 21ന് വൈകിട്ട് 4.30ന് ഇടവ മുസ്ലീം ഹൈസ്‌കൂളില്‍ നിന്നും പഠനം കഴിഞ്ഞ വരവെയാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ ശരീരമാസകലം ക്ഷതമേറ്റ ബ്രോണ്‍സ്‌കിയെ സ്‌കൂള്‍ അധികൃതര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചശേഷം ഇതുസംബന്ധിച്ച് അയിരൂര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തൊട്ടു പിന്നാലെ രക്ഷാകര്‍ത്താക്കളും പോലീസില്‍ പരാതി നല്‍കി. പ്രതികള്‍ എത്തിയ ഓട്ടോറിക്ഷയുടെ നമ്പര്‍ ഉള്‍പ്പെടെ സംഘത്തിലെ നാലുപേരുടെ വിശദാംശങ്ങളും മേല്‍വിലാസവും നല്‍കിയിട്ടും പ്രതികളെ കസ്‌റ്റഡിയിലെടുക്കാന്‍ അയിരൂര്‍ പോലീസ് കൂട്ടാക്കിയില്ല.
പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് സംഭവം നിസാരവല്‍ക്കരിക്കുകയാണ്. ഇതുസംബന്ധിച്ച് വര്‍ക്കല സി.ഐക്ക് പരാതി നല്‍കിയപ്പോള്‍ പ്രതികള്‍ ഒളിവിലാണെന്നും ഇവരെ കാട്ടിത്തരുന്ന പക്ഷം കസ്‌റ്റഡിയിലെടുക്കാമെന്നുമായിരുന്നു സി.ഐയുടെ പ്രതികരണമെന്ന് രക്ഷിതാക്കള്‍ പറയുന്നു. കാപ്പില്‍ പൊഴിമുഖത്ത് അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ തിരിച്ചറിഞ്ഞ ബ്രോണ്‍സ്‌കിയുടെ രക്ഷിതാക്കള്‍ അപ്പോള്‍ തന്നെ വര്‍ക്കല സി.ഐയെ ഫോണ്‍ മുഖാന്തിരം വിവരം കൈമാറിയെങ്കിലും പോലീസ് എത്താന്‍ കൂട്ടാക്കിയില്ല.
ഇതിനിടെ പ്രതിയുടെ കൂട്ടാളികളെത്തി രക്ഷാകര്‍ത്താക്കളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പ്രതികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാത്തപക്ഷം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് കാപ്പില്‍ പൗരസമിതി നേതൃത്വം നല്‍കുമെന്നും സൂചനയുണ്ട്.
from kerala news edited
via IFTTT