Story Dated: Saturday, December 13, 2014 06:32
തിരുവനന്തപുരം: രാജാജി നഗര്‍ കോളനി നിവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ദേശീയ നഗരാരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യമാക്കിയ നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു. രണ്ട് ഡോക്‌ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ഫാര്‍മസിസ്‌റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഹോസ്‌പിറ്റല്‍ അറ്റന്റന്റ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്. ചികിത്സയും മരുന്നുമെല്ലാം സൗജന്യമായി നല്‍കും. കോളനി നിവാസികളുടെ സൗകര്യം മുന്‍നിര്‍ത്തി, ഒ.പി. സമയം, ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍, ഉച്ചയ്‌ക്ക് രണ്ടു മുതല്‍ രാത്രി എട്ടുവരെയായി ക്രമീകരിച്ചിട്ടുണ്ട്.
അമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പുകള്‍ക്കുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. നിര്‍ദ്ദിഷ്‌ട ഇടവേളകളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. ജില്ലയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലും നെയ്യാറ്റിന്‍കര, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലുമാണ് നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് പന്ത്രണ്ടും നെയ്യാറ്റിന്‍കരയില്‍ രണ്ടും നെടുമങ്ങാട് ഒന്നും ആരോഗ്യകേന്ദ്രങ്ങളാണ് ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.
ജില്ലയില്‍ ചാക്ക, കരിമഠം കോളനി, വെട്ടുകാട് എന്നിവിടങ്ങളില്‍ ഇതിനകംതന്നെ ഇവ ആരംഭിച്ചുകഴിഞ്ഞു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 74 അര്‍ബന്‍ പി.എച്ച്.സികളാണ് സ്‌ഥാപിക്കുന്നത്. ഉദ്‌ഘാടനച്ചടങ്ങില്‍ കൗണ്‍സിലര്‍ ആര്‍. ഹരികുമാര്‍, ഡി.പി.എം: ഡോ. ബി. ഉണ്ണികൃഷ്‌ണന്‍, കോട്ടണ്‍ഹില്‍ സ്‌കൂളിലെ കുട്ടികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
from kerala news edited
via IFTTT