Story Dated: Friday, December 12, 2014 03:01
കോഴിക്കോട്: കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചു. പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കൂള്‍ സമയത്തിന് ശേഷം പ്രത്യേകം പരിശീലനം നല്‍കുന്ന 'കൂടെ' എന്ന പദ്ധതിക്കാണ് കോര്‍പ്പറേഷന്‍ തുടക്കം കറിച്ചത്. കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ സ്‌കൂളുകളിലും നടത്തിയ പ്രത്യേക പരീക്ഷയുടെ അടിസ്‌ഥാനത്തില്‍ എല്‍.പി, യു.പി. വിഭാഗങ്ങളില്‍ നിന്നായി 8000 -ഓളം വിദ്യാര്‍ഥികളെ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു.
മലയാള ഭാഷ പ്രവര്‍ത്തനങ്ങള്‍, ഗണിതം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കുന്നത്. സ്‌കൂള്‍ സമയത്തിനു ശേഷമുള്ള സമയങ്ങളിലാണ് അധ്യാപകര്‍ പദ്ധതിയിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നത്. 15 മുതല്‍ ഫെബ്രുവരി 12 വരെയുള്ള 60 ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.
വിവിധ സ്‌കൂളുകളിലെ തെരഞ്ഞെടുത്ത അധ്യാപകര്‍ക്ക് ഇതിനായയി പ്രത്യേക പരിശീലനവും നല്‍കി. വരും ദിവസങ്ങളില്‍ ഈ അധ്യാപകര്‍ പദ്ധതിയിലുള്‍പ്പെട്ട വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് പദ്ധതി സംബന്ധിച്ച് പ്രത്യേക ബോധവല്‍ക്കരണം നല്‍കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് കോര്‍പറേഷനാണ് വഹിക്കുന്നത്. പ്രത്യേക പരിശീലനമുള്ള ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പദ്ധതി പൂര്‍ത്തിയാകുന്ന 60 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പരീക്ഷ നടത്തി വിദ്യാര്‍ഥികളുടെ നിലവാരത്തിലുണ്ടായ മാറ്റം വിലയിരുത്തും. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായി എല്‍.പി, യു.പി. വിഭാഗങ്ങള്‍ക്കായി 'പഠന പിന്നാക്ക പരിഹാര ബോധനം' എന്ന കൈപുസ്‌തകം വിതരണം ചെയ്‌തു. മൂന്ന്, നാല് ക്ലാസുകളെ എല്‍പി യൂണിറ്റാക്കിയും അഞ്ച്, ആറ്, ഏഴ് ക്ലാസുകളെ യു.പി. യൂണിറ്റാക്കിയും പരിഗണിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തയ്ാറയാക്കിയിരിക്കുന്നത്. 15 ഗണിത പ്രവര്‍ത്തനങ്ങളും, 20 ഭാഷാ പ്രവര്‍ത്തനങ്ങളും വര്‍ക്ക്‌ഷീറ്റ് രൂപത്തില്‍ ക്രമപ്പെടുത്തുകയും ചെയ്യും.
ഒരു ദിവസം ഒരു പ്രവര്‍ത്തനം എന്ന രീതിയില്‍ പരിശീലന നല്‍കുകയും, ഇതിനോട് സാമ്യമുള്ള പ്രവര്‍ത്തനം ഗൃഹപാഠമായി നല്‍കുകയും അത് വിലയിരുത്തുകയും ചെയ്യും. 60 ദിവസം പൂര്‍ത്തിയായ ശേഷം ഫെബ്രുവരി 13-ന് മൂല്യനിര്‍ണയം നടത്തും. ഇതിന്റെ ഉത്തര കടലാസുകള്‍ സ്‌കൂളില്‍ സൂക്ഷിക്കും. പദ്ധതിയുടെ ഉദ്ദേശ്യം ബോധ്യപ്പെടുത്താനായി രക്ഷിതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്.
കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്‌ഥിരം സമിതിയാണ് പുസ്‌തകം തയ്യാറാക്കിയത്. പുസ്‌തക വിതരണത്തിന്റെ ഉദ്‌ഘാടനം മേയര്‍ പ്രഫ. എ.കെ. പ്രേമജം നിര്‍വഹിച്ചു. കുടുംബ സാഹചര്യങ്ങളും, സാമ്പത്തിക ബാധ്യതകളുമാണ് പല വിദ്യാര്‍ഥികളും പഠനത്തില്‍ പിന്നോട്ടാകാന്‍ കാരണമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. അത്തരം വിദ്യാര്‍ഥികളെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ കണ്ടെത്തി മുന്‍നിരയിലെത്തിക്കാനുള്ള ശ്രമം നടത്തണം.
പഠനത്തില്‍ പിന്നോട്ടാണെങ്കിലും അവരുടെ മറ്റ് കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടതും അധ്യാപകരുടെ കടമയാണ്. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചാല്‍ മാത്രമേ ഇംഗ്ലീഷ് സ്വായത്തമാക്കാന്‍ സാധിക്കൂ എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. വിദ്യാര്‍ഥികളെ അമിതമായി ശകാരിക്കാതെ മിതമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കണമെന്നും മേയര്‍ പറഞ്ഞു.
കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ പി. ഉഷാദേവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ടി. പത്മജ, വിദ്യാ ബാലകൃഷ്‌ണന്‍, അനിത കൃഷ്‌ണനുണ്ണി, കൃഷ്‌ണദാസ്, ടി. സുജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT