Story Dated: Saturday, December 13, 2014 06:02
ഹരിപ്പാട്: പല്ലന പാനൂരില്‍ മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ഏഴു പ്രതികള്‍ പിടിയില്‍. രണ്ടുപേര്‍ ഒളിവില്‍. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരും, ഇവര്‍ക്ക് രക്ഷപെടാന്‍ സഹായം നല്‍കിയ മൂന്ന് പേരുമാണ് അറസ്‌റ്റിലായത്‌്. ആക്രമണത്തില്‍ നേരിട്ട് പങ്കുളള പാനൂര്‍ പൂത്തലയില്‍ മുജീബ് റഹ്‌മാന്‍ (37), പല്ലന കൊച്ചുതറയില്‍ വീട്ടില്‍ സിയാദ് (33), ആലങ്ങോട് പനായികുളം പണിക്കരുപറമ്പില്‍ റിസാല്‍ (23), പല്ലന തൈവീട്ടില്‍ മോറിസ് എന്ന് വിളിക്കുന്ന അബ്‌ദുള്‍ ലത്തീഫ് (43) എന്നിവരെയും, ഇവരെ രക്ഷപെടാന്‍ സഹായിച്ച തോട്ടപ്പളളി പുതുവല്‍ വീട്ടില്‍ ഉണ്ണിയെന്ന് വിളിക്കുന്ന നിതിന്‍ (27), എരുമേലി പനച്ചില്‍ വീട്ടില്‍ ഷാജി (36), ചെങ്ങന്നൂര്‍ പെണ്ണക്കര സുബിന്‍ വില്ലയില്‍ സലി മാത്യു (52)എന്നിവരാണ് അറസ്‌റ്റിലായത്.
പല്ലന സ്വദേശി നൗഷാദ്, പ്രതികള്‍ക്ക് സഹായം ചെയ്‌ത നിയാസ് എന്നിവര്‍ ഒളിവിലാണ്. പല്ലന പാനൂര്‍ തോപ്പില്‍ മുക്കില്‍ മദ്യലഹരിയില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ അഞ്ചംഗസംഘത്തെ അറസ്‌റ്റ് ചെയ്യാനെത്തിയ തൃക്കുന്നപ്പുഴ പൊലീസിന് നേരെയാണ് കഴിഞ്ഞ ഒന്‍പതിന് രാത്രി അക്രമം ഉണ്ടായത്. ആക്രമണത്തില്‍ പോലീസുകാരനു പരുക്കേറ്റിരുന്നു. തൃക്കുന്നപ്പുഴ എസ്.ഐ: കെ.ടി സന്ദീപ്, ഹെഡ് കോണ്‍സ്‌റ്റബിള്‍ വിനോദ്, ഹോംഗാര്‍ഡ് വിക്രം എന്നിവടങ്ങുന്ന സംഘത്തെയാണ് പ്രതികള്‍ അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സി.ഐ: ടി.മനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികള്‍ക്കുവേണ്ടിയുളള അന്വേഷണം ഊര്‍ജ്‌ജിതമാക്കിയിരുന്നു.
വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെ അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് പ്രതികള്‍ അടൂരിലെ ലോഡ്‌ജില്‍ ഉണ്ടെന്ന് മനസിലാക്കിയത്. അന്വേഷണം ശക്‌തമായെന്നറിഞ്ഞപ്പോള്‍ പല്ലനയില്‍ നിന്നും ചെങ്ങന്നൂര്‍ എത്തി പഴക്കച്ചവടക്കാരനായ ഷാജിയുടെ സഹായത്താല്‍ ഓട്ടോയില്‍ അടൂര്‍ ലോഡ്‌ജില്‍ എത്തുകയായിരുന്നു. സംസ്‌ഥാനം വിടാനായി ബസ് സ്‌റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പിടിയിലായത്.
അക്രമണത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ചുപോയ കാര്‍, രക്ഷപെടാന്‍ ഉപയോഗിച്ച ഓട്ടോ, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. പല്ലനയില്‍ നിന്നും ചെങ്ങന്നൂരിന് പോകാന്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്താനുണ്ടെന്നും പോലീസുമായി ഏറ്റുമുട്ടാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഗൂഢാലോചന നടത്തിയതായി സംശയമുണ്ടെന്നും കായംകുളം ഡി.വൈ.എസ്.പി ദേവമനോഹര്‍ പറഞ്ഞു. പ്രതികളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് ഇക്കാര്യം സ്‌ഥിരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകശ്രമം, കുറ്റകരമായ ഗൂഢാലോചന, പോലീസിന്റെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഹരിപ്പാട് സി.ഐ: ടി.മനോജ്, തൃക്കുന്നപ്പുഴ എസ്.ഐ: കെ.ടി സന്ദീപ്, സന്തോഷ്, ജയചന്ദ്രന്‍, നിഷാദ്, ശരത്ത്, എ.എസ്.ഐ: വിജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
from kerala news edited
via IFTTT