Story Dated: Friday, December 12, 2014 08:36
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബംഗളുരു സ്വദേശിയെക്കുറിച്ച് എന്‍.ഐ.എയ്‌ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നതായി സൂചന. ഐ.എസില്‍ നിന്ന് മടങ്ങിയെത്തിയ മുംബൈ കല്യാണ്‍ സ്വദേശിയായ ആരിബ് മജീദിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഐ.എസിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെക്കുറിച്ച് വിവരം ലഭിച്ചത്. ഐ.എസിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത് ബംഗളുരു സ്വദേശിയാണെന്ന് ബ്രിട്ടീഷ് മാധ്യമമായ ചാനല്‍ ഫോറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇതേതുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിരിക്കെയാണ് എന്‍.ഐ.എയ്‌ക്ക് ഇയാളെ സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി സൂചന പുറത്ത് വന്നത്. മെഹ്‌ദി മെഹ്‌ബൂബ് ബിശ്വാസ് എന്ന യുവാവാണ് ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് ആരിബ് വെളിപ്പെടുത്തി. ഇയാള്‍ ബംഗളുരു സ്വദേശിയാണെന്നും ആരിബ് മജീദ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അതേസമയം ഇയാള്‍ കൈമാറിയ വിവരങ്ങളുടെ ആധികാരികത എന്‍.ഐ.എ സ്‌ഥിരീകരിച്ചിട്ടില്ല. ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയയാളെ കണ്ടെത്താന്‍ എന്‍.ഐ.എ ട്വിറ്റര്‍ അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്.
ഷാമി വിറ്റ്‌നസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഐ.എസിന് വേണ്ടി ആശയപ്രചരണം നടത്തുന്നത്. പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള ഈ അക്കൗണ്ടില്‍ ദിവസവും ഒന്നര ലക്ഷത്തിലധികം ഐ.എസ് അനുകൂല ട്വീറ്റുകളാണ് പോസ്‌റ്റ് ചെയ്യപ്പെടുന്നത്. ഈ അക്കൗണ്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മെഹ്‌ദി ബംഗളുരുവിലെ ഒരു ബഹുരാഷ്‌ട്ര കമ്പനിയിലെ ജീവനക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്കായി ബംഗളുരു പോലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
from kerala news edited
via IFTTT