ഓഷ്യന്‍ റേസ് സംഘങ്ങള്‍ ഇന്നെത്തുമെന്ന് പ്രതീക്ഷ
Posted on: 13 Dec 2014
ഒമാന്‍ തീരത്ത് എത്തിയ ടീമുകള്‍ 11 നോട്ടിക്കല്‍ മൈല്‍ വ്യത്യാസത്തില്‍ ശക്തമായ പോരാട്ടത്തോടെ മുന്നേറുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അബുദാബി ഓഷ്യന്‍ റേസ് സംഘവും ചൈനയുടെ ഡോങ് ഫെങ്ങും ഹോളണ്ടിന്റെ ബ്രൂണെലും ശക്തമായ പ്രകടനമാണ് ഒമാന്‍ തീരത്ത് കാഴ്ചവെക്കുന്നത്.
5200ഓളം നോട്ടിക്കല്‍ മൈല്‍ കപ്പല്‍ച്ചാല്‍ താണ്ടിയാണ് സംഘം അബുദാബി കോര്‍ണിഷിലൊരുക്കിയ ഡെസ്റ്റിനേഷന്‍ വില്ലേജില്‍ എത്തുക.
ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍നിന്നും തിരിച്ച പായ്ക്കപ്പലുകളില്‍ അബുദാബി ഓഷ്യന്‍ റേസ് സംഘം ഒന്നാമതെത്തുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇയിലെ കായിക ലോകം. ടൂര്‍ണമെന്റിലെ ലെഗ് വണ്‍ റേസില്‍ സ്‌പെയിനില്‍നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയില്‍ ക്യാപ്റ്റന്‍ ഇയാന്‍ വാക്കറുടെ നേതൃത്വത്തിലുള്ള അബുദാബി സംഘമായിരുന്നു ഒന്നാമതെത്തിയത്.
വിജയികളെ സ്വീകരിക്കാനായി കോര്‍ണിഷിലെ ഡെസ്റ്റിനേഷന്‍ വില്ലേജില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വില്ലേജ് നേരത്തേതന്നെ സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്. ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിനായി അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂന്‍ വില്ലേജ് സന്ദര്‍ശിച്ചു.
കോര്‍ണിഷില്‍ 35,000 ചതുരശ്രമീറ്ററിലാണ് സ്വീകരണത്തിനും അനുബന്ധ ആഘോഷങ്ങള്‍ക്കുമായുള്ള നഗരി ഒരുക്കിയത്.
വരുന്ന 23 ദിവസങ്ങള്‍ കോര്‍ണിഷ് ആഘോഷങ്ങളുടെയും കലാ, കായികപ്രദര്‍ശനങ്ങളുടെയും ഉത്സവത്തിമിര്‍പ്പില്‍ മുഴുകും.
23 രാജ്യങ്ങളില്‍നിന്നായി 200ഓളം കലാകാരന്മാരാണ് കലാപരിപാടികളുമായി അണിനിരക്കുന്നത്. അന്താരാഷ്ട്ര സംഘങ്ങളുടെ സംഗീതനിശകള്‍, യു.എ.ഇയിലെ പ്രമുഖ പാചകവിദഗ്ധര്‍ അണിയിച്ചൊരുക്കുന്ന ഭക്ഷ്യമേളകള്‍, പൈതൃകപ്രദര്‍ശനങ്ങള്‍, പരമ്പരാഗത അറബ് മാര്‍ക്കറ്റ്, യു.എ.ഇ ഫാല്‍ക്കണേഴ്‌സ് അസോസിയേഷന്‍ ഒരുക്കുന്ന വേട്ടപ്പരുന്തുകളുടെ പ്രദര്‍ശനം, കരിമരുന്ന് പ്രയോഗം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. സന്ദര്‍ശകര്‍ക്ക് തത്സമയം പരിപാടികള്‍ ആസ്വദിക്കുന്നതിനായി പ്രത്യേക ഗ്യാലറി സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുടുംബമായി ചെറു വള്ളങ്ങളില്‍ സഞ്ചരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. യു.എ.ഇയിലെയും ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാഷ്ടങ്ങളിലെ ഓഷ്യന്‍ റേസ് ക്ലബ്ബുകളില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ചെറു പായക്കപ്പലുകള്‍ ഓടിക്കുന്നതില്‍ പരിശീലനം, അബുദാബിയിലെ വിവിധ സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകപരിപാടികള്‍ എന്നിങ്ങനെ ആഘോഷപരിപാടികള്‍ ഏറെയാണ്.
ജനവരി ആദ്യവാരംവരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പുതുവത്സരാഘോഷപരിപാടികളും ഒരുങ്ങുന്നുണ്ട്. ഉച്ചയ്ക്ക് 12 മണിക്കാരംഭിക്കുന്ന ആഘോഷങ്ങള്‍ രാത്രി ഒമ്പതുവരെ നീണ്ടു നില്‍ക്കും. ജനവരി മൂന്നിന് ഓഷ്യന്‍ റേസ് സംഘം ലെഗ് മൂന്ന് മത്സരങ്ങള്‍ക്കായി ചൈനയിലെ സന്യയിലേക്ക് യാത്രതിരിക്കും.
from kerala news edited
via IFTTT