2014 കളമൊഴിയുമ്പോള്‍ പുതിയ പ്രതീക്ഷകളും പുത്തന്‍ സംരംഭങ്ങളുമായി മലയാള സിനിമ പുതുവര്‍ഷത്തിന്റെ കളം നിറയ്ക്കാന്‍ ഒരുങ്ങുകയാണ്. സൂപ്പര്‍താരചിത്രങ്ങള്‍ക്കൊപ്പം തന്നെ ബജറ്റിലും താരപ്പൊലിമയിലും പിന്നില്‍ നില്‍ക്കുന്ന ചെറുചിത്രങ്ങള്‍ക്കുകൂടി വിജയം സമ്മാനിച്ചു, പോയ വര്‍ഷം.
ഒരുപിടി നല്ല സിനിമകളും ഒപ്പം വിവാദങ്ങളും താരോദയങ്ങളും തിരിച്ചുവരവുകളുമൊക്കെക്കൊണ്ട് സജീവമായിരുന്ന ചലച്ചിത്രവര്‍ഷം, പ്രഖ്യാപിതമായതും പ്രതീക്ഷിക്കുന്നതുമായ ചില സ്വപ്നപദ്ധതികള്‍ക്കൂടി ബാക്കി വയ്ക്കുന്നു. മുതിര്‍ന്നതാരങ്ങളും സംവിധായകരും പ്രേക്ഷകന്റെ വിശ്വാസത്തിന്റെ ഗ്യാരണ്ടിയുമായി അങ്കത്തട്ടിലിറങ്ങുമ്പോള്‍ പ്രേക്ഷകമനസ്സിലിടം നേടിയ നവാഗതര്‍ രണ്ടാം ചുവടുവയ്പ്പിന് ശ്രദ്ധയോടെ കരുനീക്കുന്നു. ജോഷി, രഞ്ജിത്ത്, ഷാജി കൈലാസ്, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍ജോസ് തുടങ്ങി മലയാളത്തിലെ ഹിറ്റ് മേക്കേഴ്‌സും നവപ്രതിഭകളും എന്താകും ഈ വര്‍ഷത്തേയ്ക്കായ് കരുതി വച്ചിട്ടുണ്ടാകുക?
2014 ബാക്കിവച്ചു പോയ ചിത്രമാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി. 2011-ല്‍ ട്രാഫിക്ക് എന്ന ചിത്രം മാറ്റിയെഴുതിയത് മലയാളസിനിമയുടെ മാത്രമല്ല രാജേഷ് പിള്ള എന്ന സംവിധായകന്റെ തലക്കുറി കൂടിയായിരുന്നു. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജേഷ് പിള്ള മലയാളത്തിലേയ്ക്കു തിരിച്ചെത്തുന്ന മിലി ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും വൈകിയാണ് എത്തുക. അമല പോള്‍, നിവിന്‍ പോളി, സനുഷ തുടങ്ങി മികച്ച താരനിരയുമായി ഒരുങ്ങിയ മിലി, മേജര്‍ രവി-പൃഥ്വിരാജ് ടീമിന്റെ പിക്കറ്റ് 43 എന്നിവയാണ് പുതുവര്‍ഷപ്രതീക്ഷയില്‍ മുന്നില്‍. 2014-ല്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷം തുടങ്ങിയ മികച്ച സിനിമകളുടെ ഭാഗമായ മമ്മൂട്ടി ഈ വര്‍ഷവും ഒരുപിടി ചിത്രങ്ങളുമായി എത്തും.
സലിം അഹമ്മദിന്റെ പത്തേമാരി, ദീപു കരുണാകരന്റെ ഫയര്‍മാന്‍ എന്നിവയ്ക്കു പുറമെ ലാല്‍ ജൂനിയറിന്റെ ഡ്രൈവിങ് ലൈസന്‍സ്, മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'അച്ചേ ദിന്‍' എന്നിവയും മമ്മൂട്ടിയുടേതായുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍താരയെ നായികയാക്കി സിദ്ധിക്ക് ഒരുക്കുന്ന 'ഭാസ്‌കര്‍ ദ റാസ്‌കല്‍' വാനോളം പ്രതീക്ഷ നല്‍കുന്നു. ജോഷി-രഞ്ജന്‍ പ്രമോദ് ടീമിന്റെ ചിത്രം, കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തുടങ്ങി ഒരു കൂട്ടം ചിത്രങ്ങളില്‍ കൂടി സൂപ്പര്‍താരം എത്തിയേക്കാം.
മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 2015-ലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. ജോഷി ചിത്രമായ 'ലൈല ഓ ലൈല'യില്‍ ലാലിനൊപ്പം അമല പോള്‍ നായികയായെത്തുന്നു. ഉദയ് കൃഷ്ണ-സിബി കെ.തോമസിന്റെ തിരക്കഥയില്‍ വൈശാഖ് ഒരുക്കുന്ന പുലി മുരുകന്‍ എന്ന ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാകും നായകന്‍.
ദൃശ്യത്തിന്റെ ഗംഭീരവിജയത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി, സുരേഷ് ദിവാകര്‍ ഒരുക്കുന്ന ഇവന്‍ മര്യാദരാമന്‍, സിദ്ധാര്‍ത്ഥ് ഭരതന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്നിവയാണ് ജനപ്രിയനായകന്‍ ദിലീപിന്റെ പ്രതീക്ഷകള്‍.
മികച്ച കഥാപാത്രങ്ങളിലൂടെ പോയവര്‍ഷം വിജയചിത്രങ്ങളുടെ ഭാഗമായ പൃഥ്വിരാജ് 2015-ന് തുടക്കമിടുന്നത് മേജര്‍ രവി ചിത്രം പിക്കറ്റ് 43-യിലൂടെയാണ്. മൊയ്തീന്‍-കാഞ്ചനമാല പ്രണയകഥയെ ആസ്പദമാക്കി ആര്‍.എസ്.വിമല്‍ ഒരുക്കുന്ന എന്നു നിന്റെ മൊയ്തീന്‍, ശ്യാമപ്രസാദ് ചിത്രം ഇവിടെ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഡബിള്‍ ബാരല്‍ എന്നിവയാണ് പൃഥ്വിരാജ് ചിത്രങ്ങളില്‍ ചിലത്.
ഷിബു ഗംഗാധരന്റെ രുദ്രസിംഹാസനം, എം.മോഹനന്റെ മൈ ഗോഡ് എന്നിവയുമായി സുരേഷ് ഗോപിയെത്തുമ്പോള്‍ ഷാജൂണ്‍ കാര്യാലിന്റെ സര്‍ സി.പി.യാണ് പുറത്തിറങ്ങാനിരിക്കുന്ന ജയറാം ചിത്രം.
ആമയും മുയലും എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ 2014-ന് വിട കൊടുത്ത ജയസൂര്യ അപ്പോത്തിക്കിരി, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ വിസ്മയിപ്പിച്ചു. ജയസൂര്യ നായകനായെത്തുന്ന ചിത്രമാണ് ഫ്രൈഡേ ഫിലിംസിന്റെ ആട് ഒരു ഭീകരജീവിയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണിയില്‍ പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പമാണ് ജയസൂര്യ എത്തുക. രാജീവ് നാഥിന്റെ രസം, ഡബിള്‍ ബാരല്‍, അമര്‍ അക്ബര്‍ ആന്റണി എന്നിങ്ങനെ ഇന്ദ്രജിത്തിനും കൈ നിറയെ ചിത്രങ്ങളുണ്ട് ഈ വര്‍ഷം. ഡോ.ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍, ജയസൂര്യയ്‌ക്കൊപ്പമുള്ള ക്രാക്ക് ജാക്ക്, ചിറകൊടിഞ്ഞ കിനാവുകള്‍ എന്നിങ്ങനെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍.
തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് സംവിധായകനാകുന്ന മറിയം മുക്ക്, നടന്‍ വിനീത് കുമാറിന്റെ ആദ്യ സംവിധാന സംരംഭം അയാള്‍ ഞാനല്ല തുടങ്ങിയ ചിത്രങ്ങളുമായി ഫഹദ് ഫാസില്‍ എത്തും. മണിരത്‌നം തമിഴിലും മലയാളത്തിലുമായി സംവിധാനം ചെയ്യുന്ന ഓക്കെ കണ്‍മണിയാണ് 2015-ലെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയം. കമലിന്റെ മകന്‍ ജനുസ് കമല്‍ സംവിധാനം ചെയ്യുന്ന 100 ഡേയ്‌സ് ഓഫ് ലവ്, അനില്‍ രാധാകൃഷ്ണന്‍മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ദുല്‍ഖറിന്റേതായി ഒരുങ്ങുന്നു. ഉസ്താദ് ഹോട്ടലിനു ശേഷം ഓക്കേ കണ്‍മണിയിലും 100 ഡേയ്‌സിലും നിത്യ മേനോന്‍ ദുല്‍ഖറിനൊപ്പമെത്തുന്നു.
മിലിയുമായി പുതുവര്‍ഷത്തിനു തുടക്കമിടുന്ന നിവിന്‍ പോളിയ്ക്കും കൈ നിറയെ ചിത്രങ്ങളുണ്ട്. ശ്യാമപ്രസാദിന്റെ ഇവിടെ, പ്രജിത്ത് കാരണവര്‍ സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ സെല്‍ഫി, അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്നിവയാണ് നിവിന്‍ചിത്രങ്ങളില്‍ ചിലത്.
from kerala news edited
via IFTTT