കാര്‍ ലോറിയിലിടിച്ച് കത്തി മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
Posted on: 03 Jan 2015
ചെന്നൈ: കൃഷ്ണഗിരി ജില്ലയില്‍ കാവേരിപട്ടണത്ത് കാര്‍ ലോറിയിലിടിച്ച് കത്തി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ വെന്തു മരിച്ചു. ധര്‍മപുരി-ബെംഗളൂരു ദേശീയപാതയില്‍ വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.
കാര്‍ യാത്രക്കാരായ കോഴിക്കോട് വടകര വീരഞ്ചേരി തറോല്‍ രാജന്റെ മകന്‍ രജിലാഷ് (35), കോയമ്പത്തൂര്‍ തുടിയലൂര്‍ വിശ്വനാഥപുരം സ്വദേശി ആന്റണി രാജു (30) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ ശങ്കരയ്യ, ക്ലീനര്‍ രമേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കൃഷ്ണഗിരി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കോയമ്പത്തൂരില്‍ ഗാന്ധിപുരത്ത് മൊബൈല്‍ ഫോണ്‍ കട നടത്തുന്ന ആന്റണി രാജു സോഫ്‌റ്റ്വേര്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ബെംഗളൂരിലേക്ക് വ്യാഴാഴ്ച രാത്രി പുറപ്പെട്ടതായിരുന്നു. സമീപത്ത് തന്നെ മൊബൈല്‍ ഫോണ്‍ കട നടത്തുന്ന രജിലേഷും ഒപ്പം പോവുകയായിരുന്നു.
തിരുപ്പൂര്‍ ജില്ലയിലെ ഉത്തുക്കുളിയില്‍ നിന്ന് തേങ്ങ കയറ്റി ആന്ധ്രയിലേക്ക് പോവുകയായിരുന്നു ലോറി. സിഗ്നല്‍ നല്‍കാതെ പെട്ടന്ന് വലതുവശത്തേക്ക് തിരിഞ്ഞ ലോറിയുടെ ഡീസല്‍ ടാങ്കില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് കാറും ലോറിയും ഒരുമിച്ച് കത്തി. കാര്‍ ഓടിച്ചിരുന്ന ആന്റണി രാജുവും രജിലാഷും കാറിനുള്ളില്‍ തന്നെ വെന്ത് മരിച്ചു. പോലീസ്, ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ എത്തി തീയണച്ചെങ്കിലും രക്ഷിക്കാനായില്ല.
തെറ്റായ രീതിയില്‍ വാഹനമോടിച്ചതിന് ലോറി ഡ്രൈവര്‍ ശങ്കരയ്യയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കാവേരിപട്ടണം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജാമണി അറിയിച്ചു.
തീപ്പിടിച്ചയുടനെ കാറില്‍ നിന്ന് ആന്റണി രാജുവും രജിലാഷും നിലവിളിച്ചെങ്കിലും പരിസരത്തുണ്ടായിരുന്നവര്‍ക്ക് കത്തുന്ന കാറിനരികിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ചിലര്‍ കാറിന്റെ ഗ്ലാസുകള്‍ എറിഞ്ഞ് തകര്‍ത്തെങ്കിലും ഇരുവര്‍ക്കും പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല.
രജിലേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോയി. കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് വിരമിച്ച ഡ്രൈവറാണ് രജിലാഷിന്റെ അച്ഛന്‍ രാജന്‍. അമ്മ: വത്സല. സഹോദരങ്ങള്‍: അഭിലാഷ്, നിധിലാഷ്.
from kerala news edited
via IFTTT