121

Powered By Blogger

Friday, 2 January 2015

വയനാടിന്റെ രക്ഷക്ക്‌ പ്രക്ഷോഭ ആഹ്വാനവുമായി സി.പി.എം ജില്ലാ സമ്മേളനം











Story Dated: Saturday, January 3, 2015 03:53


മാനന്തവാടി: വയനാട്‌ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്‌തമായ പോരാട്ടത്തിന്‌ സി.പി.എം ജില്ല സമ്മേളനം ആഹ്വാനം ചെയ്‌തു.കേന്ദ്ര -സംസ്‌ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളില്‍ ജീവിതം പ്രതിസന്ധിയിലായ കര്‍ഷകര്‍,കര്‍ഷകതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ആദിവാസികള്‍ എന്നിവര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വയനാട്‌ രക്ഷാ പദ്ധതി ആവിഷ്‌കരിക്കണം. ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനം നീക്കുക, നഞ്ചന്‍കോട്‌- നിലമ്പൂര്‍ റെയില്‍ പാതക്ക്‌ ഫണ്ട്‌ വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ഗ്രൂപ്പ്‌ ചര്‍ച്ച നടത്തി. ഇന്നലെ പ്രതിനിധികള്‍ പൊതുചര്‍ച്ചയും നടത്തി. ചര്‍ച്ചകള്‍ക്ക്‌ സി.കെ ശശീന്ദ്രനും കോടിയേരി ബാലകൃഷ്‌ണനും മറുപടി പറഞ്ഞു. ഇന്നലെ പി.കെ കാളന്‍ നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനം എം.വി ഗോവിന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ കാവ്‌ നാടന്‍ കലാസമിതി നാടന്‍ പാട്ട്‌ അവതരിപ്പിച്ചു.

ഇന്ന്‌ പുതിയ ജില്ലാ കമ്മറ്റിയെയും സംസ്‌ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. തുടര്‍ന്ന്‌ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്‌ അവതരിപ്പിക്കും. ഇന്ന്‌ വൈകീട്ട്‌ നാല്‌മണിക്ക്‌ എരുമെത്തെരുവില്‍ നടത്തുന്ന റാലിയോടെ സമ്മേളനം സമാപിക്കും. റാലിയില്‍ അര ലക്ഷം പേര്‍ പങ്കെടുക്കുമെന്ന്‌ നേതാക്കള്‍ അറിയിച്ചു. പൊതുസമ്മേളന നഗരിയില്‍ നാട്ടുണര്‍വ്‌ കലാസംഘം അവതരിപ്പിക്കുന്ന വിപ്ലവഗാനമേളയും അരങ്ങേറും. പൊതുസമ്മേളനം പോളിറ്റ്‌ ബ്യുറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. പോളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബി,കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, എം.സി ജോസഫൈന്‍, കെ.കെ ശൈലജ, പി.കെ ഗുരുദാസന്‍, സംസ്‌ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വി.വി ദക്ഷിണമൂര്‍ത്തി, എം.വി ഗോവന്ദന്‍ എന്നിവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.










from kerala news edited

via IFTTT