Story Dated: Saturday, January 31, 2015 02:18
ആറന്മുള വിമാനത്താവള പദ്ധതിക്കുവേണ്ടി മണ്ണിട്ട് നികത്തിയ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി അടക്കമുള്ള വയല്‍ മേഖല പൂര്‍വ സ്‌ഥിതിയിലാക്കണമെന്ന ഹൈക്കോടതി വിധി മറികടന്ന് ഭൂമി വ്യവസായ മേഖലയായി പുനര്‍വിജ്‌ഞാപനം ചെയ്യാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയതായി രേഖകള്‍. ഇതിനായി കലക്‌ടര്‍ ഹരികിഷോര്‍, മന്ത്രിമാര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ എന്നിവര്‍ കരുക്കള്‍ നീക്കിയതായും സൂചനയുണ്ട്. ആറന്മുള, മല്ലപ്പുഴശേരി വില്ലേജുകളില്‍ ഉള്‍പ്പെട്ട 232 ഏക്കര്‍ വരുന്ന വയല്‍മേഖലയും തണ്ണീര്‍തടവും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുമാണ് 2004-ല്‍ മുന്‍ ഉടമ മണ്ണിട്ട് നികത്തിയത്.
ഈ സ്‌ഥലം മണ്ണ് നീക്കം ചെയ്‌ത് പൂര്‍വസ്‌ഥിതിയിലാക്കണമെന്ന് 2012 ഓഗസ്‌റ്റ് 10 ന് ലാന്റ് റവന്യൂ കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് പാലിക്കാന്‍ ജില്ലാ കലക്‌ടറും കോഴഞ്ചേരി അഡീഷണല്‍ തഹസില്‍ദാറും യാതൊരു നടപടിയും സ്വകീരിച്ചില്ല. ഈ വിവരം ചൂണ്ടിക്കാട്ടി ആറന്മുള സ്വദേശി വി.മോഹന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തു. ഇതേതുടര്‍ന്ന് ഒരു മാസത്തിനകം നികത്തിയ വയലും തണ്ണീര്‍തടവും സര്‍ക്കാര്‍ ഭൂമിയും പൂര്‍വസ്‌ഥിതിയിലാക്കണമെന്ന് കാട്ടി കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 ന് ഹൈക്കോടതി ഉത്തരവായി. വിധിപകര്‍പ്പ് ജൂണ്‍ 26ന് ജില്ലാ കലക്‌ടര്‍ ഹരികിഷോറിന് ലഭിക്കുകയും ചെയ്‌തു.
എന്നാല്‍ കോടതി അനുവദിച്ച ഒരു മാസം കഴിഞ്ഞിട്ടും മണ്ണ് നീക്കം ചെയ്യാന്‍ കലക്‌ടര്‍ തയാറായില്ല. പകരം വിധി നടപ്പാക്കാന്‍ നാല് മാസത്തെ സാവകാശം ഹൈക്കോടതിയോട് കലക്‌ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിധി മറികടന്നുകൊണ്ട് വയലും തോടും തണ്ണീര്‍തടവും സര്‍ക്കാര്‍ ഭൂമിയും അടങ്ങുന്ന 308.57 ഏക്കര്‍ സ്‌ഥലം കെ.ജി.എസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കൈവശത്തിലുള്ള ഭൂമിയാണെന്ന് കാട്ടി കഴിഞ്ഞ ജൂലൈ ഒന്‍പതിന് കലക്‌ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുകയാണ് ഉണ്ടായത്. അടുത്ത ദിവസം തന്നെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കലക്‌ടര്‍ ഹരികിഷോര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അതേ യോഗത്തില്‍ വച്ചുതന്നെ വിമാനത്താവളത്തിന് ആവശ്യമായ ഭൂമി വ്യവസായ മേഖലയായി പുനര്‍ വിജ്‌ഞാപനം നടത്തുകയും ചെയ്‌തതായുള്ള രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹൈക്കോടതി വിധിയുടെ തുടര്‍ച്ചയായ ലംഘനമാണ് തുടര്‍ന്നും നടന്നത്. വയലില്‍ ഇട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ നാല് മാസത്തെ കാലാവധി ചോദിച്ച ജില്ലാ കലക്‌ടര്‍ സമയപരിധി കഴിഞ്ഞ നവംബര്‍ 26 ന് പൂര്‍ത്തിയായിട്ടും ഒന്നും ചെയ്‌തില്ല. കലക്‌ടറുടെ നടപടി കോടതിയലക്ഷ്യ മാണെന്ന് ഹൈക്കോടതി കഴിഞ്ഞ15 ന് ചൂണ്ടിക്കാട്ടിയിരുന്നു.
പദ്ധതിക്കായി ഭൂ പരിധി നിയമം മറികടന്ന് കെ.ജി.എസ് വാങ്ങിയ 232 ഏക്കര്‍ വയല്‍മേഖല മിച്ചഭൂമികേസില്‍ ഉള്‍പ്പെട്ടതാണ്. ഇത് സംബന്ധിച്ച് ലാന്റ് ബോര്‍ഡിന്റെ അന്തിമ തീര്‍പ്പ് ഇനിയും ഉണ്ടായിട്ടില്ല. ബാക്കി 35 ഏക്കര്‍ തോടും തണ്ണീര്‍തടവും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ പുറമ്പോക്കുഭൂമിയാണ്. വയലില്‍ ഇട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്‌ത് പൂര്‍വസ്‌ഥിതിയിലാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം വന്നശേഷമാണ് ജില്ലാ കലക്‌ടര്‍ സ്‌ഥലം കെ.ജി.എസിന്റെ ഉടമസ്‌ഥതയിലുള്ളതാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് യോഗം ചേര്‍ന്ന് ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്‌തു.
കോടതി വിധി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി നേതാക്കളായ മുന്‍ എം.എല്‍.എ എ.പത്മകുമാര്‍, ഷാജി ചാക്കോ, അഡ്വ.ശരത്‌ചന്ദ്രകുമാര്‍, അജിത്ത് പുല്ലാട്, പി.ആര്‍. ഷാജി എന്നിവര്‍ ചൂണ്ടിക്കാട്ടി. ഭൂമാഫിയയ്‌ക്കുവേണ്ടിയാണ് മന്ത്രിമാരും ജനപ്രതിനിധിയും ജില്ലാ കലക്‌ടറും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതെന്നും കോടതി നിര്‍ദേശത്തെ മറികടക്കുകയായിരുന്നു ലക്ഷ്യമെന്നും അതിനാല്‍ സംഭവത്തെപ്പറ്റി സി.ബി.ഐ അന്വേഷണം നടത്തണമെന്നും വിമാനത്താവള വിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
from kerala news edited
via IFTTT