121

Powered By Blogger

Friday, 30 January 2015

മാളയ്ക്ക് ഇനി അരവിന്ദനില്ല







കോയമ്പത്തൂര്‍/തൃശ്ശൂര്‍: അരങ്ങിലും വെള്ളിത്തിരയിലും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ നടന്‍ മാള അരവിന്ദന്‍ (72) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 6.20ന് ആയിരുന്നു അന്ത്യം. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 8-ന് മാള വടമ കോട്ടമുറിയിലെ താനാട്ട് വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

ഹൃദ്രോഗബാധയെ തുടര്‍ന്ന് പത്ത് ദിവസമായി ചികിത്സയിലായിരുന്ന മാള അരവിന്ദനെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. വൃക്കകള്‍ പ്രവര്‍ത്തനരഹിതമായപ്പോള്‍ ഡയാലിസിസിനും വിധേയനാക്കി. ബുധനാഴ്ച പുലര്‍ച്ചെ വീണ്ടും ഹൃദയാഘാതമുണ്ടായതായി കോവൈ മെഡിക്കല്‍ സെന്റര്‍ ആസ്പത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു. ഭാര്യ ഗീതയും മക്കളായ കല, കിഷോര്‍ എന്നിവരും മരണസമയത്ത് അരികിലുണ്ടായിരുന്നു. എട്ടരമണിയോടെ മൃതദേഹം മാളയിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 12 മണിയോടെ തൃശ്ശൂരില്‍ സംഗീത നാടക അക്കാദമി ഓഫീസിലും തുടര്‍ന്ന് മാള സെന്റ് ആന്റണീസ് സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ചശേഷമാണ് മാളയിലെ വീട്ടില്‍ മൃതദേഹം എത്തിച്ചത്.


എറണാകുളം ജില്ലയിലെ വടവുകോട് സ്വദേശിയായ അരവിന്ദന്‍ മാളയിലെത്തിയത് സ്‌കൂളില്‍ സംഗീത അധ്യാപികയായിരുന്ന അമ്മ പൊന്നമ്മയുടെ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു. പില്‍ക്കാലത്ത് മാള എന്ന ദേശത്തെ മലയാളി അറിഞ്ഞത് അരവിന്ദനിലൂടെയാണ്. എക്‌സൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ അയ്യപ്പന്‍, അരവിന്ദന്റെ ആറാം വയസ്സില്‍ മരിച്ചു.


അന്നമനട കലാസമിതിയുമായി ബന്ധപ്പെട്ട് കലാരംഗത്തെത്തിയ അദ്ദേഹം നടനായും തബലവായനക്കാരനായും അമച്വര്‍ നാടകവേദികളിലെയും ഗാനമേളകളിലെയും സ്ഥിരം സാന്നിധ്യമായി. 1978-ല്‍ എസ്.എല്‍.പുരം സൂര്യസോമ തീയറ്റേഴ്‌സിന്റെ 'നിധി'യെന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. ഈ നാടകമായിരുന്നു സിനിമയിലേക്കുള്ള വാതില്‍ അരവിന്ദന് മുമ്പില്‍ തുറന്നത്. നാടകം കണ്ട സംവിധായകനായിരുന്ന പി. ചന്ദ്രകുമാറാണ് ആദ്യമായി അരവിന്ദനെ സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഡോ.ബാലകൃഷ്ണന്‍ നിര്‍മ്മിച്ച് ജേസി സംവിധാനംചെയ്ത 'സിന്ദൂരം' എന്ന സിനിമയിലായിരുന്നു ആദ്യവേഷം.


രണ്ടാമത്തെ ചിത്രമായ 'മധുരിക്കുന്ന രാത്രി'യിലെ കുട്ടന്‍പിള്ളയെന്ന പോലീസുകാരനാണ് അരവിന്ദനെ മുഴുനീള ഹാസ്യനടനാക്കി മാറ്റുന്നത്. ശ്രീമൂലനഗരം വിജയനായിരുന്നു സംവിധായകന്‍. 'താറാവ്' എന്ന സിനിമയിലെ അഭിനയമാണ് മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ച അരവിന്ദന് സര്‍ക്കാരില്‍നിന്ന് ലഭിച്ച ഏക അവാര്‍ഡും ഇത് മാത്രമാണ്. സത്യന്‍, പ്രേംനസീര്‍, എസ്.പി. പിള്ള, അടൂര്‍ഭാസി, ബഹദൂര്‍ കാലഘട്ടം മുതല്‍ ആരംഭിച്ച അഭിനയജീവിതത്തിന് യുവതലമുറവരെയെത്തിയെങ്കിലും പൂര്‍ണ്ണവിരാമമായിരുന്നില്ല.


ഹാസ്യാഭിനയത്തില്‍ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ അരവിന്ദന്‍ സംഭാഷണങ്ങളിലും സവിശേഷത കാത്തുസൂക്ഷിച്ചു. പ്രത്യേക രീതിയിലുള്ള ശബ്ദവിന്യാസവും ഓട്ടവും ചാട്ടവും ചീറ്റലുമെല്ലാം മാളയുടെ മാത്രം ട്രേഡ്മാര്‍ക്കായി. എണ്‍പതുകളില്‍ ഒരു മാള തരംഗം തന്നെ അദ്ദേഹം മലയാളസിനിമയില്‍ സൃഷ്ടിച്ചു. അഭിനയജീവിതത്തിന്റെ അവസാനകാലത്താണ് നിരവധി ഗൗരവമുള്ള കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത്. ഗീത എന്ന് വിളിക്കുന്ന അന്നക്കുട്ടിയാണ് ഭാര്യ. മക്കള്‍: കല, കിഷോര്‍ (മുത്തു). മരുമക്കള്‍:സുരേന്ദ്രന്‍, അഡ്വ. ദീപ്തി.




നര്‍മാരവിന്ദം സ്‌പെഷല്‍ പേജ്









from kerala news edited

via IFTTT