ഭാരതോത്സവം വര്‍ണാഭം
Posted on: 31 Jan 2015
അബുദാബി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ചരാത്രി അബുദാബി ഇന്ത്യാ സോഷ്യല്‍സെന്ററില്‍ അഞ്ച് അംഗീകൃതസംഘടനകളുടെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ഭാരതോത്സവം സംഘടിപ്പിച്ചു. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടംമുതലുള്ള ചരിത്രസംഭവങ്ങള്‍ സിനിമാ സ്‌കോപ്പ് ദൃശ്യങ്ങളിലൂടെയും ചിത്രീകരണങ്ങളിലൂടെയും വിവിധസംഘടനയിലെ കലാകാരന്മാര്‍ അവതരിപ്പിച്ചത് ചേതോഹരമായ ദൃശ്യാനുഭവമായി. മഹാത്മാഗാന്ധിയും നെഹ്രുവും ബി.ആര്‍. അംബേദ്കറും വി.കെ. കൃഷ്ണമേനോനും മാത്രമല്ല തമിഴ് വീരേതിഹാസം വീരപാണ്ഡ്യ കട്ടബൊമ്മനും ദേശാഭിമാനത്തിന്റെ ജ്വാലകളായി രംഗവത്കരിക്കപ്പെട്ടു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൃത്തനൃത്യങ്ങളും കേരളത്തിന്റെ കോല്‍ക്കളിയും അരങ്ങേറി. ജാലിയന്‍ വാലാബാഗിന്റെ ദൃശ്യാവിഷ്‌കാരവും ടിപ്പുസുല്‍ത്താന്റെ പടയോട്ടവും അവതരിപ്പിക്കപ്പെട്ടു.
നേരത്തേനടന്ന സാംസ്‌കാരികപരിപാടിയില്‍ ഐ.എസ്.സി. പ്രസിഡന്റ് ഡി. നടരാജന്‍ അധ്യക്ഷനായി. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഡി.എസ്. മീന ഉദ്ഘാടനം ചെയ്തു. മലയാളിസമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ പ്രസിഡന്റ് പുഷ്പ ശ്രീവാസ്തവ എന്നിവര്‍ ആശംസ നേര്‍ന്നു. ഐ.എസ്.സി. ജനറല്‍സെക്രട്ടറി ആര്‍. വിനോദ് സ്വാഗതവും കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസു നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT