Story Dated: Saturday, January 31, 2015 02:17
പാലാ: അനാചാരങ്ങള്‍ മുഴുവന്‍ കേരളത്തിലാണെന്നും ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിക്കാതെ കയറണമെന്ന ആചാരം ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
വിശ്വാസമുള്ള ദേവാലയങ്ങളില്‍ പോകുന്നത് ആര്‍ക്കും തടയാനാവില്ല. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന ഗുരുദേവവചനങ്ങളുടെ പൊരുളാണ് എല്ലാ ദേവാലയങ്ങള്‍ക്കുമുള്ളത്. ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തിലെ നാലമ്പല സമര്‍പ്പണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ദേവാലയങ്ങള്‍ നാടിന്റെ മുഴുവന്‍ സമ്പത്താണ്.
ക്ഷേത്രങ്ങള്‍ എല്ലാവരുടെയുംകൂടിയാകുമ്പോള്‍ ചൈതന്യവും പുരോഗതിയും നാടിനേറെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്‌ഘാടനം ചെയ്‌തു. അടിച്ചേല്‌പിക്കേണ്ടതല്ല മതവിശ്വാസമെന്നും കൂട്ട മതപരിവര്‍ത്തന ചിന്തയുടെ കാലഘട്ടത്തില്‍ അതിനു വിരുദ്ധമായ ചിന്തകള്‍ മുളയിലെ നുള്ളണമെന്നും അദ്ദേഹം പറഞ്ഞു. പല ദൈവങ്ങള്‍ എന്ന ചിന്തയില്‍നിന്ന് മാനവരെ മോചിപ്പിച്ചത് ശ്രീനാരായണ ഗുരുദേവനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്ത്രി ജ്‌ഞാനചൈതന്യ ഭദ്രദീപം തെളിയിച്ചു.
ക്ഷേത്രയോഗം പ്രസിഡന്റ് എം.എന്‍. ഷാജി മുകളേല്‍ അധ്യക്ഷതവഹിച്ചു. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ജോയി ഏബ്രഹാം എം.പി, മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് എ.കെ. ഗോപി ശാസ്‌താപുരം, സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സജി മഞ്ഞക്കടമ്പില്‍, ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പില്‍, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു, ഭരണങ്ങാനം പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ക്ഷേത്രം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT