ചേര്‍ത്തല: ഷര്‍ട്ടിന്റെ കൈമടക്കില്‍നിന്ന് ദാമോദരന്‍മാഷ് എടുത്തു നല്കിയ ഇരുപതുരൂപ നോട്ട് മാറ്റിമറിച്ചത് ഒരു കൊച്ചുകലാകാരന്റെ ജീവിതം. നടനാകാനുള്ള മോഹത്തിനു കരുത്തുകിട്ടിയതും ആ ഇരുപതു രൂപയില്‍നിന്നു തന്നെ. സ്‌കൂളിന്റെ പടിയും, കടന്പകളും കടന്ന് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനും ഒടുവില്‍ എണ്ണംപറഞ്ഞ നടനുമായി മാറുമ്പോഴും ആ ഇരുപതുരൂപയുടെ വില ജോയ് മാത്യു മറന്നില്ല.
ദാമോദരന്‍മാഷിനെ തേടിയുള്ള വര്‍ഷങ്ങളായുള്ള അന്വേഷണമാണ് തുറവൂര്‍ അമ്പാട്ടുവീട്ടിലെത്തിനിന്നത്. നാലുപതിറ്റാണ്ടിന്റെ ഇടവേളകള്‍താണ്ടി മാഷിന്റെ മുന്നിലേക്കെത്തുമ്പോള്‍ ജോയ് മാത്യു ആ പഴയ പതിമൂന്നുകാരനായി. എണ്‍പതിന്റെ അവശതകള്‍ക്കിടയിലും പഴയ ശിഷ്യനെ തിരിച്ചറിഞ്ഞ മാഷ് ഏറെനേരം വിശേഷങ്ങള്‍ തിരക്കി. അടക്കിപിടിച്ച് തലയില്‍കൈവെച്ച് അനുഗ്രഹിച്ചു. പഴയ സഹപ്രവര്‍ത്തകരും ശിഷ്യന്മാരും ഓര്‍മ്മയിലേക്കോടിയെത്തിയ കൂടിക്കാഴ്ചക്കൊടുവില്‍ വീണ്ടും വരുമെന്ന ഉറപ്പു നല്കിയാണ് ജോയ് മാത്യു മടങ്ങിയത്. ഭാര്യയുടെ കൈപിടച്ച് പടിവാതിലോളം എത്തി മാഷ് ശിഷ്യനെ യാത്രയാക്കി.
നാലു പതിറ്റാണ്ടു മുമ്പ് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്‌കൂളിലാണ് ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കം, നാടകത്തിനു മേക്കപ്പ്‌സാധനങ്ങള്‍ വാങ്ങാന്‍ വിഷമിച്ച സ്‌കൂളിലെ വഴക്കാളിയായ വെളുത്തു കൊലുന്ന ഒമ്പതാംക്ലാസ്സുകാരനാണ് ദാമോദരന്‍മാഷ് അപ്രതീക്ഷിതമായി പണം നല്കിയത്. ഇവിടെനിന്നും കലയെകൂട്ടുപിടിച്ച് കരുത്തോടെയുള്ള യാത്രയാണ് പയ്യനെ ജോയ് മാത്യുവെന്ന സംവിധായകനും നടനുമാക്കിയത്. കേവലം 55രൂപാമാത്രം മാസ ശമ്പളം ലഭിക്കുമ്പോഴായിരുന്നു 20രൂപ മാഷ് ശിഷ്യനു നല്കിയത്.
കലയുടെയും സിനിമയുടെയും വഴിയിലേക്ക് ജീവിതത്തെ നയിച്ച നാള്‍മുതല്‍ ജോയ് മാത്യു ദാമോദരന്‍ മാഷിനെ തിരയുകയായിരുന്നു. ആലപ്പുഴയിലാണ് മാഷിന്റെ വീടെന്നതിനാല്‍ ആലപ്പുഴക്കാര്‍ വഴി പലതരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. മൂന്നുവര്‍ഷങ്ങള്‍ക്കുമുന്പ് എഴുത്തുകാരിയായ ഇന്ദിര തുറവൂരിനെ ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടപ്പോഴും ആവശ്യം ഇതു തന്നെയായിരുന്നു. അരൂര്‍ കെല്‍ട്രോണിലെ ഉദ്യോഗസ്ഥകൂടിയായ ഇന്ദിര ഇതു വെല്ലുവിളിപോലെ ഏറ്റെടുത്തു. സഹജീവനക്കാരനായ കരുണാകരപിള്ളയുടെ സഹായത്തോടെയാണ് ദാമോദരന്‍ മാഷിനെ കണ്ടെത്താനായത്. സമാഗമത്തിലും ഇരുവരും ജോയ് മാത്യുവിനോടൊപ്പം ഉണ്ടായിരുന്നു.
from kerala news edited
via IFTTT