Story Dated: Friday, January 23, 2015 02:31
അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പൂപ്പൊലി ദേശീയ കാര്‍ഷികോത്സവത്തില്‍ അമ്പലവയല്‍ കൃഷി വിജ്‌ഞാന കേന്ദ്രം പ്രദര്‍ശനത്തിനെത്തിച്ച ചവിട്ടുപമ്പ് കര്‍ഷകരെ ആകര്‍ഷിക്കുന്നു. ഒറ്റനോട്ടത്തില്‍ നിസാരമെന്നു തോന്നിക്കുന്ന പമ്പ് കര്‍മശേഷിയില്‍ ഉഗ്രന്‍. ഏഴ് മീറ്റര്‍ വരെ ആഴത്തില്‍നിന്നു വെള്ളം വലിച്ചെടുത്ത് അത്രതന്നെ ഉയരത്തില്‍ തള്ളാന്‍ ശേഷിയുള്ളതാണ് ഏകദേശം മൂന്നടി നീളവും 10 കിലോ ഗ്രാം തൂക്കവുമുള്ള ഈ യന്ത്രം. പരമ്പരാഗത നാടന്‍ സാങ്കേതികവിദ്യയാണ് പമ്പിനു പ്രയോജനപ്പെടുത്തിയിരിക്കുന്നതെന്ന് കൃഷി വിജ്‌ഞാനകേന്ദ്രം അസിസ്‌റ്റന്റ് പ്രഫ. പി.കെ.അബ്‌ദുള്‍ ജബ്ബാര്‍ പറഞ്ഞു. രണ്ട് പിസ്‌റ്റണ്‍, ക്രഡില്‍, ഒന്നര ഇഞ്ചിന്റെ ഇന്‍ലറ്റ് പമ്പ്, ഫുട്‌വാല്‍വ്, ഹാന്‍ഡില്‍ എന്നിവയാണ് പമ്പിന്റെ മുഖ്യഘടകങ്ങള്‍. ഛത്തീസ്‌ഗഢ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കിടയില്‍ പ്രചാരത്തിലുള്ള പമ്പ് നാസികിലെ ഇക്കോ ഫ്‌ളോ എന്ന സന്നദ്ധസംഘടനയാണ് വ്യാവസായികാടിസ്‌ഥാനത്തില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്. വയനാട്ടിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷി വിജ്‌ഞാനകേന്ദ്രം പമ്പ് പ്രദര്‍ശനത്തിനെത്തിച്ചത്. പരിസ്‌ഥിതി സൗഹൃദവും അനായാസം ഉപയോഗിക്കാവുന്നതുമാണ് ചിവിട്ടുപമ്പെന്ന് പ്രവര്‍ത്തനം പരിശോധിച്ച കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ.പി.രാജേന്ദ്രന്‍, കൃഷി വിജ്‌ഞാനകേന്ദ്രം മേധാവി ഡോ.രാധമ്മ പിള്ള, അമ്പലവയല്‍ ആര്‍.എ.ആര്‍.എസ് അസോസിയേറ്റ് ഡയറക്‌ടര്‍ ഡോ.പി.രാജേന്ദ്രന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ചവിട്ടുപമ്പിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു ഇക്കോ ഫ്‌ളോയുമായി ധാരണയിലെത്താനുളള നീക്കത്തിലാണ് സര്‍വകലാശാലയെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സംസ്‌ഥാനത്തെ കര്‍ഷക സൊസൈറ്റികളെ ഇക്കോ ഫളോയുമായി ബന്ധപ്പെടുത്താനും ആലോചനയുണ്ട്.
കുടുംബകൃഷിക്ക് യോജിച്ച ജലസേചന ഉപകരണമാണ് ഒരു സെക്കന്‍ഡില്‍ ഒന്നര ലിറ്റര്‍ വെള്ളം തള്ളാന്‍ ശേഷിയുള്ള ചവിട്ടുപമ്പെന്ന് അസിസ്‌റ്റന്റ് പ്രഫ. അബ്‌ദുള്‍ ജബ്ബാര്‍ വിശദീകരിച്ചു. സുരക്ഷിതാഹാര ലഭ്യത ഉറപ്പുവരുത്തുന്നതില്‍ ഇതിനു വലിയ സാധ്യതയുണ്ട്. സ്രോതസുകള്‍ക്കടുത്തേക്ക് കൊണ്ടുനടന്ന് സ്‌പ്രിംഗ്‌ളറായും ഡ്രിപ്പ് ജലസേചനത്തിനും ഉപയോഗപ്പെടുത്താം. കിണറില്‍നിന്ന് സംഭരണിയിലേക്ക് നേരിട്ട് വെള്ളം പമ്പുചെയ്യാം. വൈദ്യുതി ലാഭിക്കാം. കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാം. ജലസേചനത്തിനൊപ്പം വ്യായാമം എന്ന സവിശേഷത ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഉതകുമെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT