ക്ലാസ്സ് മുറിയില്‍ ഇടബഞ്ചില്‍ പതുങ്ങി തല താഴ്ത്തിയിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് മിലി എന്നാണ് പേര്. പേരറിയാത്ത പേടിയില്‍ വിറച്ചൊതുങ്ങുന്നവള്‍ മിലി. കുളിമുറിയിലെ വെള്ളപ്പാച്ചിലില്‍ സങ്കടം ഒഴുക്കിക്കളയുന്നവള്‍ മിലി. ഹോസ്റ്റല്‍ റൂമിലെ നിരന്തരപരാതികളില്‍ അവളാണ് പ്രതി, മിലി. കനത്തമൗനത്തിനടിയില്‍ ആരോടൊക്കെയോ വഴക്കിട്ട്, എന്തിനൊക്കെയോ പരിഭവിച്ച് ഏതൊക്കെയോ വഴികളില്‍ യാത്രയ്ക്കു കൊതിച്ച് ഒരു ചുവടു പോലും സാധ്യമാകാതെ പിന്തിരിഞ്ഞു നടക്കുന്ന പെണ്‍കുട്ടിയ്ക്കും മിലി എന്നാണു പേര്.
തളര്‍ന്നു ചാഞ്ഞ അവളുടെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ, സന്തോഷത്തിന്റെ വെളിച്ചം നിറഞ്ഞ കഥ പറയുകയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രം. പൂര്‍ണ്ണമായും ഒരു അമല പോള്‍ ചിത്രമാണിത്. അമലയുടെ മികച്ച പ്രകടനം തന്നെയാണ് മിലിയിലെ ബോണസ് പാക്ക്. വിഷാദച്ഛായ നിറഞ്ഞതെങ്കിലും പ്രചോദനം നല്‍കുന്ന ഒരു കൊച്ചു ചിത്രമാണ് മിലി. പോസിറ്റീവ് ആയ കഥ പറയുന്ന ചിത്രം. നമുക്കു ചുറ്റും ഒരു മിലിയുണ്ട്. നമ്മളില്‍ തന്നെയുണ്ട് മിലി. ചിത്രം കാണുമ്പോള്‍ അത്തരത്തിലൊരാളെയെങ്കിലും ഓര്‍മ്മ വരാതിരിക്കില്ല. കേന്ദ്രകഥാപാത്രവുമായുള്ള ആ താദാത്മ്യം പ്രാപിക്കല്‍ തന്നെയാണ് ചിത്രത്തിന്റെ ശക്തി. വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ട് മിലി എന്ന സിനിമയ്ക്ക്. അതില്‍ രാജേഷ് പിള്ള എന്ന സംവിധായകന്റെ കൈയ്യൊപ്പുണ്ട്. നിവിന്‍ പോളിയും സായികുമാറും സ്‌കോര്‍ ചെയ്തു. ഗോപിസുന്ദറിന്റെ സംഗീതം മനോഹരം. കഥയില്‍ ലയിച്ചു നീങ്ങുന്നു ഗാനങ്ങള്‍.
നന്മയുള്ള ഒരു ചിത്രവുമായാണ് രണ്ടാമൂഴത്തിലും രാജേഷ് പിള്ള എത്തിയിരിക്കുന്നത്. ട്രാഫിക്ക് എന്ന ചിത്രത്തിന്റെ സംവിധായകനില്‍ നിന്നു മാത്രം ഒരു പക്ഷെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വ്യത്യസ്തതയാണത്. പ്രവീണ, സനുഷ, അംബിക, വനിത കൃഷ്ണചന്ദ്രന്‍, ഷംന കാസിം, അമോല്‍ പരേഷാര്‍, സിജ റോസ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിലേറെയും. സ്വയം കണ്ടെത്തുന്ന മിലിയുടെ വഴി രസമുള്ളതാണ്. ഒരുപാട് മോഹിച്ച ചെറുപ്പക്കാരന്‍ വെറും പുറംപൂച്ചുമാത്രമാണ് എന്ന് തിരിച്ചറിഞ്ഞ് മിലിയും കൂട്ടുകാരും 'കണക്കു'തീര്‍ക്കുന്ന രംഗങ്ങള്‍ പോലെ രസമുള്ള ചിലതുണ്ട് സിനിമയില്‍. തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കും പോലെ വലിയ ദൗത്യങ്ങളൊന്നും മിലിയെ ഏല്‍പ്പിച്ചില്ല സംവിധായകന്‍.
പകരം അവിടെ നോ എന്നു പറയാന്‍ പഠിപ്പിച്ചു. ഏറ്റവുമൊടുവില്‍, ഇഷ്ടം തോന്നിയ ആളോട് മടിച്ചു നില്‍ക്കാതെ അത് പങ്കു വയ്ക്കുവാന്‍ അവള്‍ക്ക് കഴിയുന്നുണ്ട്, 'അതിന് ഞാന്‍ ഇപ്പോള്‍ തനിച്ചല്ലല്ലോ' എന്ന ഒറ്റ വാചകത്തിലൂടെ. ഇത്തരം ചെറിയ ക്രാഫ്റ്റുകളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തിയിരുന്നെങ്കില്‍ മിലി കൂടുതല്‍ ശക്തവും ആകര്‍ഷകവുമാകുമായിരുന്നു. എന്നിരുന്നാലും വെറുമൊരു പ്രണയചിത്രമല്ല മിലി. ബന്ധത്തിന്റെ വിവിധതലങ്ങള്‍ മിലിയെപ്പോലെ അന്തര്‍മുഖയായ ഒരു പെണ്‍കുട്ടിയുടെ പരിസരത്തില്‍ അവലോകനം ചെയ്യുകയാണ്. അപ്പോള്‍ കാഴ്ചകള്‍ മാറും. അറിവുകളും.
തുടക്കത്തില്‍ വലിയ പ്രതീക്ഷ തരുന്നു മിലി. ഗംഭീര തുടക്കവും ട്രാക്ക് മാറിയുള്ള കഥാഗതിയും. എന്നാല്‍ പാതിയില്‍ വച്ച് ചിലപ്പോഴെങ്കിലും അത് പതിവ് കാഴ്ചകളിലേയ്ക്കു മടങ്ങുന്നതു പോലെ. ഇതിങ്ങനെയാവും... ഇനി എന്തെങ്കിലും സംഭവങ്ങള്‍ ബാക്കിയുണ്ടോ എന്ന മട്ട്. അതിഭാവുകത്വം കലരാതെ അമല കൈയടക്കം പാലിച്ചപ്പോള്‍ ചില ചെറിയ വേഷങ്ങള്‍ അതിപ്രകടനം കൊണ്ട് ഇടയ്‌ക്കെങ്കിലും മുഷിപ്പിക്കും. രോഗാവസ്ഥയുടെ കാഠിന്യത്തിലും മധുരപലഹാരത്തില്‍ മയങ്ങിപ്പോകുന്ന മേഴ്‌സിയമ്മ എന്ന കഥാപാത്രം പോലെ മിലിയുടെ കഥ പറയാന്‍ സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങള്‍ നാടകീയതയിലും ചിലപ്പോഴൊക്കെ അതിസാധാരണത്വത്തിലും കുടുങ്ങിപ്പോയി. ചെറിയ വേഷങ്ങളില്‍ പോലും താരങ്ങള്‍ നിറഞ്ഞെങ്കിലും വേണ്ടത്ര മനസ്സു തൊടാനുള്ള വ്യാപ്തി പലതിനും ഉണ്ടായില്ല. ഇടയ്‌ക്കെങ്കിലും സംഭാഷണങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. വൈകാരികതയെ സമര്‍ത്ഥമായി അവയില്‍ ലയിപ്പിച്ചിരുന്നെങ്കില്‍ ഓര്‍ത്തു വയ്ക്കാന്‍ മിലിയില്‍ ഇനിയും ചിലതുകൂടി ഉണ്ടാകുമായിരുന്നു.
from kerala news edited
via IFTTT