മറിയംമുക്ക് എന്ന മുക്കുവ ഗ്രാമത്തിലെ കുറേ ആളുകളുടെ ജീവിതമാണ് ജയിംസ് ആല്‍ബര്‍ട്ട് തന്റെ ആദ്യ സംവിധാന സംരംഭമായ 'മറിയംമുക്ക്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ള കഥയില്‍ ഏറെ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും പറയാനുദ്ദേശിച്ച കഥ ഫലപ്രദമായി തിരശ്ശീലയിലെത്തിക്കാന്‍ സംവിധായകനായിട്ടുണ്ട്.
ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായക കഥാപാത്രം ഫെലിക്‌സിനെ അവതരിപ്പിക്കുന്നത്. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഫെലിക്‌സിനെ വളര്‍ത്തുന്നത് മറിയംമുക്കിലെ പ്രമാണിയായ മരിയാനാശാനാണ് (മനോജ് കെ ജയന്‍). വളര്‍ന്നപ്പോള്‍ ഫെലിക്‌സ് മരിയാനാശാന്റെ താന്തോന്നിപ്പടയുടെ നേതാവായി മാറി. മഠത്തില്‍ പഠിക്കുകയായിരുന്ന ഫെലിക്‌സിന്റെ കളിക്കൂട്ടുകാരി സലോമി (സന അല്‍താഫ്) മറിയംമുക്കില്‍ എത്തുന്നതോടെ ഫെലിക്‌സ് അവളുമായി അടുപ്പത്തിലാകുന്നു.
സലോമിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഫെലിക്‌സും മരിയാനാശാനുമായി തെറ്റുന്നു. അതേദിവസം തന്നെയാണ് മറിയംമുക്കിലെ മാതാവ് കരയില്‍ ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
ആദ്യ സംവിധാന സംരംഭത്തിന്റെ ബാലാരിഷ്ടതകള്‍ ചിത്രത്തിന്റെ തുടക്കത്തില്‍ പ്രകടമാണ്. സിനിമയെ 'കോമഡി' എന്ന ഗണത്തില്‍ പെടുത്താനായി സൃഷ്ടിച്ച ചില രംഗങ്ങള്‍ ആസ്വാദനത്തേക്കാളേറെ അലോസരമാണ് സൃഷ്ടിക്കുന്നത്. കഥപറച്ചിലിലും ചില അസ്വാരസ്യങ്ങള്‍ കാണാം.
അലോസരങ്ങള്‍ക്കിടയിലും അമിത കഥാപാത്ര കേന്ദ്രീകൃതമല്ലാതെ ഒരു ഒരു സമൂഹത്തെ തിരശ്ശീലയിലെത്തിക്കുന്നതില്‍ ചിത്രത്തിന്റെ തിരക്കഥ വിജയിച്ചിട്ടുണ്ട്. രണ്ടാം പകുതിയില്‍ ചിത്രം വ്യത്യസ്തമായ ഒരു തലത്തിലേക്കാണ് നീങ്ങുന്നത്. മതങ്ങളും വിശ്വാസങ്ങളും വില്‍ക്കപ്പെടുന്നത് എങ്ങനെയെന്ന് സ്വാഭാവികമായ കഥാസന്ദര്‍ഭങ്ങളിലൂടെ മറിയംമുക്ക് അവതരിപ്പിക്കുന്നുണ്ട്.
സാമാന്യം വലിയ താരനിരയാണ് മറിയംമുക്കിലുള്ളത്. ഫെലിക്‌സ് എന്ന കഥാപാത്രം ഫഹദ് ഫാസിലിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാരുന്നില്ല. കൂളിങ് ഗ്ലാസ്സും സ്മാര്‍ട്ട്‌ഫോണും ബോക്‌സ്‌റുമായി 'മെട്രോമാന്‍' ആകാന്‍ മാത്രമല്ല പകിട്ടുകളില്ലാത്ത സാധാരണക്കാരന്റെ വേഷവും തനിക്ക് വഴങ്ങുമെന്ന് ഫഹദ് തെളിയിച്ചു. ആക്ഷന്‍ രംഗങ്ങളിലും ഫഹദിന്റെ പ്രകടനം നന്നായി.
ആദ്യമായി നായികയായെത്തിയ സന അല്‍താഫും തന്റെ പ്രകടനം മോശമാക്കിയില്ല. വളരെയേറെ ചെയ്യാനൊന്നുമില്ലെങ്കിലും വെറും കാഴ്ച വസ്തുവാകുന്ന നിലയില്‍ നിന്നും മറിയംമുക്കിലെ നായികയ്ക്ക് പ്രമോഷന്‍ ലഭിച്ചിട്ടുണ്ട്. മരിയാനാശാന്‍ എന്ന വില്ലന്‍ പരിവേഷമുള്ള കഥാപാത്രം മനോജ് കെ ജയന്റെ കൈയില്‍ ഭദ്രമായിരുന്നു. ഇര്‍ഷാദിന്റെ കഥാപാത്രവും ശ്രദ്ധേയമാണ്.
അജു വര്‍ഗീസിന്റെ ലോയ്ഡ് കാസ്പര്‍ എന്ന കഥാപാത്രം ചില രംഗങ്ങളില്‍ അമിതാഭിനയത്തിന്റെ അതിര്‍ത്തിവര കണ്ടു. ജോയ് മാത്യു, നീരജ് മാധവ്, സാദിഖ്, പ്രതാപ് പോത്തന്‍, സീമ ജി നായര്‍, നന്ദു തുടങ്ങിയവര്‍ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.
ക്യാമറയാണ് ചിത്രത്തിലെ എടുത്തുപറയേണ്ട സവിശേഷത. കടലിലെയും കരയിലെയും ദൃശ്യങ്ങള്‍ ഗിരീഷ് ഗംഗാധരന്റെ ക്യാമറ തന്മയത്തത്തോടെ ഒപ്പിയെടുത്തിട്ടുണ്ട്. വ്യത്യസ്തമായ ആങ്കിളുകള്‍ കൊണ്ടും ചടുലത കൊണ്ടും രണ്ടാമത്തെ ചിത്രം മാത്രം ചെയ്യുന്ന ഗിരീഷ് തനിയ്ക്ക് ഇനിയുമേറെ ചെയ്യാനുണ്ടെന്ന് തെളിയിച്ചു. ഗിരീഷിന്റെ ദൃശ്യങ്ങളുടെ തനിമ ചോരാതെ കൂട്ടിച്ചേര്‍ത്ത എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമും അഭിനന്ദനം അര്‍ഹിക്കുന്നു.
വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂഡിനൊപ്പം നില്‍ക്കുന്ന സംഗീതമൊരുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
from kerala news edited
via IFTTT