Story Dated: Friday, January 23, 2015 02:31
മാനന്തവാടി: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഓവറോള്‍ കിരീടം കരസ്‌ഥമാക്കിയ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സംസ്‌ഥാന കലോത്സവത്തിലും തിളക്കമാര്‍ന്ന നേട്ടം. സംസ്‌ഥാനത്ത് ഗവ. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാംസ്‌ഥാനം നേടിയാണ് ജില്ലയിലാദ്യമായി മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അപൂര്‍വ്വ നേട്ടം കരസ്‌ഥമാക്കിയത്. എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് മേഖലകളില്‍ നിന്നും പണക്കൊഴുപ്പുമായി മേളക്കെത്തിയവരോട് പൊരുതി സംസ്‌ഥാനതലത്തില്‍ അഞ്ചാം സ്‌ഥാനവും ഈ വിദ്യാലയം കരസ്‌ഥമാക്കി. വ്യക്‌തിഗത ഗ്രൂപ്പിനങ്ങള്‍ ഉള്‍പ്പടെ 20 ഇനങ്ങളിലാണ് സ്‌കൂളിലെ 65 വിദ്യാര്‍ഥികള്‍ കോഴിക്കോട് നടന്ന സംസ്‌ഥാന കലോത്സവത്തില്‍ മാറ്റുരച്ചത്. ഇതില്‍ 16 ഇനങ്ങള്‍ക്ക് ജില്ലാ കലോത്സവത്തില്‍ നിന്നും നേരിട്ട് സെലക്ഷന്‍ ലഭിക്കുകയും മൂന്നിനങ്ങളില്‍ ഡി.ഡി.ഇ അപ്പീലിലൂടെയും ഒരിനത്തില്‍ കോടതി അപ്പീലിലുടെയുമാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ 14 ഇനത്തിലും എ ഗ്രേഡ് ലഭിക്കുകയുണ്ടായി. കലാപ്രസംഗത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്‌ഥാനവും, കന്നടപദ്യം ചൊല്ലല്‍, കൊളാഷ് എന്നിവയില്‍ എഗ്രേഡോടെ മൂന്നാംസ്‌ഥാനവും നേടി. അപ്പിലിലൂടെ ജില്ലയിലും പിന്നീട് സംസ്‌ഥാനതലത്തിലും അപ്പീലിലൂടെ മത്സരിച്ചാണ് കൊളാഷില്‍ മൂന്നാംസ്‌ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ 38 പോയിന്റുമായി മൂന്നാംസ്‌ഥാനത്തുണ്ടായിരുന്ന വിദ്യാലയമാണ് അധ്യാപകരുടെയും, പി.ടി.എയുടെയും, വിദ്യാര്‍ഥികളുടെയും കഠിനപ്രയത്നത്തിലൂടെ 77 പോയിന്റുകളുമായി ഒന്നാംസ്‌ഥാനം നേടിയത്. കലോത്സവം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മെഡല്‍ നിലയില്‍ ഒന്നാമതെത്തിയ 10 വിദ്യാലയങ്ങളില്‍ മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളല്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒന്നും തന്നെയില്ലെന്നതും ഏറെ ശ്രദ്ധേയമാണ്.
from kerala news edited
via IFTTT